ധോനിക്ക് മുന്നില്‍ കോഹ് ലി വീണു; പന്ത്രണ്ടാം സീസണിലെ ആദ്യ ജയം പിടിച്ച് ചെന്നൈ

എട്ട് റണ്‍സ് സ്‌കോര്‍ ബോര്‍ഡിലേക്ക് വന്നപ്പോഴേക്കും ഷെയിന്‍ വാട്‌സനെ നഷ്ടപ്പെട്ടതില്‍ നിന്നും മുന്നിലുള്ള ഭീഷണി ചെന്നൈ മനസിലാക്കി
ധോനിക്ക് മുന്നില്‍ കോഹ് ലി വീണു; പന്ത്രണ്ടാം സീസണിലെ ആദ്യ ജയം പിടിച്ച് ചെന്നൈ

പന്ത്രണ്ടാം ഐപിഎല്‍ സീസണിലെ ആദ്യ ജയം നിലവിലെ ചാമ്പ്യന്മാര്‍ക്ക്. ഈ സീസണിലെങ്കിലും കിരീടം എന്ന സ്വപ്‌നവുമായെത്തിയ ഓറഞ്ച് പടയെ ആദ്യ മത്സരത്തില്‍ തന്നെ ചെന്നൈ സൂപ്പര്‍ കിങ്‌സ് തകര്‍ത്തു തരിപ്പണമാത്തി. 70 റണ്‍സ് എന്ന ചെറിയ സ്‌കോറില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ പുറത്താക്കിയ ധോനിയും കൂട്ടരും 14 പന്ത് ശേഷിക്കെ ഏഴ് വിക്കറ്റ് ജയം പിടിച്ചു. 

ചെറിയ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ പക്ഷേ വേഗത്തിലായിരുന്നില്ല ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയത്. എട്ട് റണ്‍സ് സ്‌കോര്‍ ബോര്‍ഡിലേക്ക് വന്നപ്പോഴേക്കും ഷെയിന്‍ വാട്‌സനെ നഷ്ടപ്പെട്ടതില്‍ നിന്നും മുന്നിലുള്ള ഭീഷണി ചെന്നൈ മനസിലാക്കി. 10 പന്തില്‍ നിന്നും റണ്‍ എടുക്കാതെയാണ് കഴിഞ്ഞ സീസണിലെ ചെന്നൈയുടെ ഹീറോ വാട്‌സന്‍ മടങ്ങിയത്. 

പിന്നാലെ റായിഡുവും, സുരേഷ് റെയ്‌നയും കൂടി ചെന്നൈയെ പതിയെ ലക്ഷ്യത്തിലേക്ക് അടുപ്പിച്ചു. റെയ്‌നയുടേയും റായിഡുവിന്റേയും വിക്കറ്റ് ബാംഗ്ലൂര്‍ വീഴ്ത്തിയെങ്കിലും കാര്യമുണ്ടായില്ല. 17ാം ഓവറിലെ നാലാം പന്തില്‍ രവീന്ദ്ര ജഡേജയുടെ ബാറ്റില്‍ നിന്നും ചെന്നൈയുടെ വിജയ റണ്‍ പിറന്നു. 42 പന്തില്‍ നിന്നുമാണ് 2 ഫോറും ഒരു സിക്‌സും പറത്തി റായിഡു 28 റണ്‍സ് എടുത്തത്. റെയ്‌ന 21 പന്തില്‍ മൂന്ന് ഫോറിന്റെ അകമ്പടിയോടെ 19 റണ്‍സ് എടുത്തു. ഇതിനിടയില്‍ 5000 റണ്‍സ് ഐപിഎല്ലില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ താരവുമായി റെയ്‌ന. 

തങ്ങളുടെ മൂന്ന് പ്രധാന ബാറ്റ്‌സ്മാന്‍മാരേയും മടക്കി ഹര്‍ഭജന്‍ ഏല്‍പ്പിച്ച പ്രഹരമാണ് ബാംഗ്ലൂരിനെ വീഴ്ത്തിയത്. കോഹ് ലി, മൊയിന്‍ അലി, ഡിവില്ലിയേഴ്‌സ് എന്നിവര്‍ക്കാണ് ഹര്‍ഭജന്റെ വക മോശം തുടക്കം. ഏറെ പ്രതീക്ഷയോടെ ആരാധകര്‍ നോക്കിയിരുന്ന ഹെറ്റ്‌മെയറെ റെയ്‌ന റണ്‍ഔട്ടാക്കുക കൂടി ചെയ്തതോടെ ബാംഗ്ലൂരിന്റെ കയ്യില്‍ നിന്നും കളി നഷ്ടപ്പെടുന്നുവെന്ന് വ്യക്തമായി. 

യുവതാരം ശിവം ദുബെയ്ക്കും ഗ്രാന്‍ഡ്‌ഹോമിനും ടീമിനെ കരകയറ്റുവാനായില്ല. 29 റണ്‍സ് എടുത്ത പാര്‍ഥീവ് പട്ടേല്‍ ഒഴികെ മറ്റൊരു ബാംഗ്ലൂര്‍ താരവും രണ്ടക്കം കടന്നില്ല. ഹര്‍ഭജനും ഇമ്രാന്‍ താഹിറും ചെന്നൈയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ജഡേജ രണ്ട് വിക്കറ്റും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com