ഈഡൻ ​ഗാർഡനിൽ റസ്സൽ കൊടുങ്കാറ്റ്; സൺറൈസേഴ്സിനെ വീഴ്ത്തി നൈറ്റ്റൈഡേഴ്സ്

ഐപിഎല്ലില്‍ ഇന്ന് നടന്ന ആദ്യ പോരാട്ടത്തിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആറ് വിക്കറ്റ് ജയം
ഈഡൻ ​ഗാർഡനിൽ റസ്സൽ കൊടുങ്കാറ്റ്; സൺറൈസേഴ്സിനെ വീഴ്ത്തി നൈറ്റ്റൈഡേഴ്സ്

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഇന്ന് നടന്ന ആദ്യ പോരാട്ടത്തിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആറ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്തു. 182 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കെ വിജയത്തിലെത്തി. നാല് വിക്കറ്റ് നഷ്ടത്തിൽ 183 റൺസാണ് കൊൽക്കത്ത അടിച്ചെടുത്തത്.

17ാം ഓവർ വരെ ഹൈദരാബാദിന്റെ കൈയിലുണ്ടായിരുന്ന മത്സരം ആന്ദ്രെ റസ്സലും ശുഭ്മാൻ ​ഗില്ലും ചേർന്ന് കൊൽക്കത്തയ്ക്കനുകൂലമാക്കി മാറ്റുകയായിരുന്നു. 17 ഓവർ പിന്നിടുമ്പോൾ കൊൽക്കത്ത നാല് വിക്കറ്റ് നഷ്ടത്തിൽ 129 റൺസെന്ന നിലയിലായിരുന്നു. 18 പന്തിൽ 53 റൺസായിരുന്നു അവർക്ക് വിജയത്തിലേക്ക് വേണ്ടിയിരുന്നത്. പിന്നെ റസ്സലിന്റെ താണ്ഡവമായിരുന്നു ഈഡനിൽ. അവസാന ഓവറില്‍  ജയിക്കാന്‍ വേണ്ടിയിരുന്ന 13 റണ്‍സ് കൊല്‍ക്കത്ത നാല് പന്തുകളില്‍ നിന്നു തന്നെ സ്വന്തമാക്കി. 

വെറും 19 പന്തില്‍ നിന്ന് 49 റണ്‍സെടുത്ത റസ്സലും 10 പന്തില്‍ നിന്ന് 18 റണ്‍സെടുത്ത ഗില്ലും പുറത്താകാതെ നിന്നു. റസ്സൽ നാല് വീതം സിക്സും ഫോറും തൂക്കി.  

182 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് രണ്ടാം ഓവറില്‍ തന്നെ ക്രിസ് ലിന്നിനെ നഷ്ടമായി. തുടര്‍ന്ന് രണ്ടാം വിക്കറ്റില്‍ നിധീഷ് റാണയും റോബിന്‍ ഉത്തപ്പയും ചേര്‍ന്ന് 80 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 47 പന്തില്‍ നിന്ന് മൂന്ന് സിക്‌സും എട്ട് ബൗണ്ടറികളും സഹിതം 68 റണ്‍സെടുത്ത റാണയെ റാഷിദ് ഖാന്‍ വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നാലെ 27 പന്തില്‍ 35 റണ്‍സുമായി ഉത്തപ്പയും മടങ്ങി. ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്കിന് നാല് പന്തിന്റെ ആയുസേ ഉണ്ടായിരുന്നുള്ളൂ. സന്ദീപ് ശര്‍മയുടെ പന്തില്‍ കാര്‍ത്തിക്ക് രണ്ട് റൺസുമായി മടങ്ങി. 

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് 53 പന്തില്‍ നിന്ന് 85 റണ്‍സടിച്ച ഓസീസ് താരം ഡേവിഡ് വാര്‍ണറുടെ ആര്‍ധ സെഞ്ച്വറിയുടെ മികവിലാണ് നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തത്. 

പന്ത് ചുരണ്ടല്‍ വിവാദത്തിനു ശേഷമുളള മടങ്ങിവരവില്‍ തന്റെ ബാറ്റിങ് കരുത്തിന് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്ന് തെളിയിക്കുകയായിരുന്നു ഈഡനിലെ കാണികള്‍ക്കു മുന്നില്‍ വാര്‍ണര്‍. വാര്‍ണറും ജോണി ബെയര്‍സ്‌റ്റോയും കൂടി ആദ്യ വിക്കറ്റില്‍ 118 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് പിരിഞ്ഞത്. 35 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറിയും ഒരു സിക്‌സുമടക്കം 39 റണ്‍സെടുത്ത ബെയര്‍സ്‌റ്റോവിനെ പിയൂഷ് ചൗള ബൗള്‍ഡാക്കുകയായിരുന്നു.

ശതകത്തിലേക്ക് കുതിക്കുകയായിരുന്ന വാര്‍ണറെ സ്‌കോര്‍ 144ല്‍ എത്തിയപ്പോള്‍ ആന്ദ്രെ റസ്സല്‍ മടക്കി. പിന്നാലെ ക്രീസിലെത്തിയ യൂസഫ് പത്താന് (ഒന്ന്) നാലു പന്തിന്റെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാനൊരുങ്ങുന്ന വിജയ് ശങ്കര്‍ 24 പന്തില്‍ നിന്ന് രണ്ട് വീതം ബൗണ്ടറിയും സിക്‌സും അടക്കം 40 റണ്‍സുമായും മനീഷ് പാണ്ഡെ എട്ട് റണ്‍സുമായും പുറത്താകാതെ നിന്നു. 

അതിനിടെ ഫ്ലഡ്​ലിറ്റ് പണിമുടക്കിയത് മൂലം ഇരുപത് മിനുട്ടിലേറെ കളി മുടങ്ങിയിരുന്നു. കൊൽക്കത്തയുടെ ഇന്നിങ്സിന്റെ പതിനാറാം ഓവറിലാണ് ലൈറ്റുകൾ കണ്ണ് ചിമ്മിയത്. പരിക്കേറ്റ കെയ്ന്‍ വില്യംസണ് പകരം ഇന്ത്യന്‍ പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാറാണ് സണ്‍റൈസേഴ്‌സിനെ നയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com