ജയിച്ചിട്ടും ധോണി ഒട്ടും സന്തോഷവാനല്ല; ഇക്കാര്യത്തിൽ കോഹ്‍ലിയുടെ നിലപാടിനൊപ്പമാണ് 

പിച്ച് ഇതിലും മെച്ചപ്പെട്ട ഒന്നാവണമായിരുന്നുവെന്നാണ് ധോണി മത്സര ശേഷം പറഞ്ഞത്. സമാന ചിന്ത തന്നെ ബാം​ഗ്ലൂർ നായകൻ കോഹ്‍ലിയും പറഞ്ഞു
ജയിച്ചിട്ടും ധോണി ഒട്ടും സന്തോഷവാനല്ല; ഇക്കാര്യത്തിൽ കോഹ്‍ലിയുടെ നിലപാടിനൊപ്പമാണ് 

ചെന്നൈ: ഐപിഎല്ലിലെ ആദ്യ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സ് റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂരിനെതിരെ അനായാസ വിജയമാണ് സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബൗൾ ചെയ്യാനാണ് ചെന്നൈ നായകൻ മഹേന്ദ്ര സിങ് ധോണി തീരുമാനമെടുത്തത്. സ്പിന്നർമാരുടെ കരുത്തിൽ ബാം​ഗ്ലൂരിനെ വെറും 70 റൺസിൽ പുറത്താക്കി ചെന്നൈ മത്സരം തങ്ങൾക്കനുകൂലമാക്കി മാറ്റുകയായിരുന്നു. 

എന്നാൽ സ്വന്തം മൈതാനമായ ചെപ്പോക്കിൽ വിജയത്തോടെ തുടങ്ങാനായെങ്കിലും ഹോം ഗ്രൗണ്ടിലെ പിച്ചിനെപ്പറ്റി അത്ര നല്ല അഭിപ്രായമല്ല കളിക്ക് ശേഷം ധോണി പങ്കുവച്ചത്. പിച്ച് ഇതിലും മെച്ചപ്പെട്ട ഒന്നാവണമായിരുന്നുവെന്നാണ് ധോണി മത്സര ശേഷം പറഞ്ഞത്. സമാന ചിന്ത തന്നെ ബാം​ഗ്ലൂർ നായകൻ വിരാട് കോഹ്‍ലിയും പറഞ്ഞു. ബാറ്റ് ചെയ്യാൻ എളുപ്പമല്ലാത്ത പിച്ചാണ് ചെപ്പോക്കിൽ ഒരുക്കിയതെന്ന് കോഹ്‍ലി വ്യക്തമാക്കി. 

രണ്ട് ടീമും കൂടി 34.5 ഓവര്‍ ബാറ്റ് ചെയ്ത് 141 റണ്‍സ് മാത്രമാണ് ഐപിഎലിലെ ഉദ്ഘാടന മത്സരത്തില്‍ കണ്ടെത്തിയത്. 13 വിക്കറ്റുകള്‍ നഷ്ടമായി.

ടോസ് നേടിയപ്പോൾ പിച്ചിന്റെ സ്വഭാവം അറിയില്ലെന്നും അതിനാല്‍ തന്നെ ചേസിങ് ആവും മെച്ചമെന്നും ധോണി പറഞ്ഞിരുന്നു. ഗ്രൗണ്ടിലെ നനവ് ബൗളര്‍മാര്‍ക്ക് വെല്ലുവിളിയാവാമെന്നായിരുന്നു കോഹ്‍ലിയുടെ അഭിപ്രായം. എന്നാല്‍ പിച്ചിന്റെ സ്വഭാവം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമിനു വന്‍ തിരിച്ചടിയാകുന്നതാണ് കണ്ടത്. ആര്‍സിബി നിരയില്‍ പാര്‍ത്ഥിവ് പട്ടേല്‍ മാത്രമാണ് രണ്ടക്ക സ്കോറിലേക്ക് എത്തിയത്. 

ഇതേ പിച്ചിലാണ് പരിശീലന മത്സരങ്ങള്‍ നടത്തിയതെന്നും സാധാരണ മത്സരങ്ങളില്‍ നിന്ന് 30 റണ്‍സിലധികം മത്സരത്തില്‍ പിറന്നിരുന്നുമെന്നാണ് ധോണി അഭിപ്രായപ്പെട്ടത്. ചെന്നൈയില്‍ സ്പിന്‍ പിച്ചാവും എന്ന് ഏവരും കണക്ക് കൂട്ടിയതാണെങ്കിലും ഇത്തരം ഒരു പിച്ച് മത്സരയോഗ്യമല്ലെന്ന് ധോണി അഭിപ്രായപ്പെട്ടു. പിച്ച് ഇതുപോലെയാവും പെരുമാറുകയെന്ന് താന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും ധോണി വ്യക്തമാക്കി. 

കാഴ്ചയില്‍ മികച്ചതെങ്കിലും ബാറ്റ് ചെയ്യാന്‍ എളുപ്പമല്ലാത്തൊരു പിച്ചായിരുന്നു ചെന്നൈയിലേതെന്ന് കോഹ്‍ലി പറഞ്ഞു. എന്നാല്‍ ടീമിന്റെ ഭാഗത്ത് നിന്നുള്ള ഉത്തരവാദിത്വമില്ലായ്മയും ഒരു ഘടകമാണെന്ന് കോഹ്‍ലി പറഞ്ഞു. 140-150 റണ്‍സ് നേടാനാകുമെന്നാണ് താന്‍ കരുതിയത്. എന്നാല്‍ ലീഗിന്റെ തുടക്കം തങ്ങള്‍ മോശമാക്കുകയായിരുന്നുവെന്നും കോഹ്‍ലി അഭിപ്രായപ്പെട്ടു. 110-120 റണ്‍സ് പോലും ഈ പിച്ചില്‍ പൊരുതാൻ സാധിക്കുന്ന സ്കോറായിരുന്നുവെന്നും കോഹ്‍ലി കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com