ജയ്പൂരില്‍ 'ഗെയ്‌ലാട്ടം', റെക്കോഡ് നേട്ടം; രാജസ്ഥാന്‍ റോയല്‍സിന് 185 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 185 റണ്‍സ് വിജയലക്ഷ്യം
ജയ്പൂരില്‍ 'ഗെയ്‌ലാട്ടം', റെക്കോഡ് നേട്ടം; രാജസ്ഥാന്‍ റോയല്‍സിന് 185 റണ്‍സ് വിജയലക്ഷ്യം

ജയ്പൂര്‍: ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 185 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്രിസ് ഗെയ്‌ലിന്റെ വെടിക്കെട്ട് ബാറ്റിങിന്റെ അകമ്പടിയോടെയാണ് കൂറ്റന്‍ സ്‌കോറിലെത്തിയത്. 47 പന്തില്‍ 79 റണ്‍സ് നേടിയ ഗെയ്ല്‍ ഒരിക്കല്‍ കൂടി ശതകത്തിലേക്ക് നീങ്ങുന്നുവെന്ന പ്രതീതി ജനിപ്പിച്ചശേഷമാണ് ബെന്‍ സ്‌റ്റോക്കിന്റെ പന്തില്‍ കീഴടങ്ങിയത്. ഇതിനിടെ ഐപിഎല്ലില്‍ ഏറ്റവും വേഗത്തില്‍ 4000 റണ്‍സ് ക്ലബ്ബിലെത്തുന്ന താരമെന്ന നേട്ടവും വിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍ സ്വന്തമാക്കി.

ഓപ്പണറായ ലോകേഷ് രാഹുലിനെ തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ടെങ്കിലും മായങ്ക് അഗര്‍വാളിന്റെയും സര്‍ഫറാസ് ഖാനിന്റെയും പിന്തുണയോടെ ക്രിസ് ഗെയ്ല്‍ പന്തുകള്‍ വേലിക്കെട്ടിന് അപ്പുറത്തേയ്ക്ക് കടത്തുന്നതിനാണ് കളിക്കളം പിന്നീട് സാക്ഷ്യം വഹിച്ചത്. എട്ട് ബൗണ്ടറികളും നാല് സിക്‌സുകളും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ്. സര്‍ഫറാസ് ഖാന്‍ പുറത്താകാതെ 46 റണ്‍സ് നേടി.

നേരത്തെ ആറു റണ്‍സില്‍ എത്തിയപ്പോഴാണ് ഗെയ്ല്‍ 4000 റണ്‍സ് ക്ലബിലെത്തിയത്. 112 ഇന്നിങ്‌സുകളില്‍ നിന്നാണ് കരീബിയന്‍ താരത്തിന്റെ നേട്ടം. ഐ.പി.എല്ലില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ഒമ്പതാമത്തെ താരവും രണ്ടാമത്തെ മാത്രം വിദേശതാരവുമാണ് ഗെയ്ല്‍.  സുരേഷ് റെയ്‌ന, രോഹിത് ശര്‍മ, വിരാട് കോലി, ഗൗതം ഗംഭീര്‍, റോബിന്‍ ഉത്തപ്പ, ശിഖര്‍ ധവാന്‍, ഡേവിഡ് വാര്‍ണര്‍, ധോനി എന്നിവരാണ് ഐ.പി.എല്ലിലെ 4000 ക്ലബ്ബില്‍ പേരുളള മറ്റു താരങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com