അത് സംഭവിച്ചു പോയതാണ്; നിങ്ങള്‍ പറയുന്ന കളിയുടെ സ്പിരിറ്റ് തനിക്കറിയില്ലെന്നും അശ്വിന്‍ 

ക്രിക്കറ്റിന്റെ മാന്യതയ്ക്ക് എതിരാണ് ഞാന്‍ ചെയ്തത് എങ്കില്‍ ക്രിക്കറ്റ് നിയമങ്ങള്‍ പുനഃപരിശോധിക്കണം എന്നും അശ്വിന്‍
അത് സംഭവിച്ചു പോയതാണ്; നിങ്ങള്‍ പറയുന്ന കളിയുടെ സ്പിരിറ്റ് തനിക്കറിയില്ലെന്നും അശ്വിന്‍ 

ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്ട്‌ലറെ മങ്കാദിങ്ങിലൂടെ പുറത്താക്കുവാനുള്ള നീക്കം ആ സമയം പെട്ടെന്നുണ്ടായത് എന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ ആര്‍.അശ്വിന്‍. ക്രിക്കറ്റിന്റെ മാന്യതയ്ക്ക് എതിരാണ് ഞാന്‍ ചെയ്തത് എങ്കില്‍ ക്രിക്കറ്റ് നിയമങ്ങള്‍ പുനഃപരിശോധിക്കണം എന്നും അശ്വിന്‍ പറയുന്നു. 

മങ്കാദിങ്ങിലൂടെ ബട്ട്‌ലറുടെ വിക്കറ്റ് വീഴ്ത്തിയതില്‍ കുറ്റബോധമില്ലെന്നാണ് അശ്വിന്റെ വാക്കുകള്‍. ഐപിഎല്‍ പന്ത്രണ്ടാം എഡിഷനിലേക്ക് എത്തുമ്പോള്‍ ഇത് ആദ്യമായിട്ടാണ് മങ്കാദിങ്ങിലൂടെ ബാറ്റ്‌സ്മാന് ക്രീസ് വീടേണ്ടി വരുന്നത്. 

മുന്‍ നിശ്ചയിച്ച പ്രകാരം പ്ലാന്‍ ചെയ്ത് ചെയ്തതൊന്നും അല്ല അത്. ക്രിക്കറ്റ് നിയമത്തിനുള്ളില്‍ ഉള്ളതാണ്. എവിടെ നിന്നാണ് സ്പിരിറ്റ് ഓഫ് ദി ഗെയിം എന്നതൊക്കെ ഇപ്പോള്‍ വരുന്നത് എന്ന് തനിക്ക് അറിയില്ല. നിയമത്തിനുള്ളില്‍ ഉള്ളതാണ് അത്. കളിയുടെ മാന്യത എന്നക്കെ ഇതില്‍ നിങ്ങള്‍ പറയുന്നതിലെ പോയിന്റ് എനിക്ക് മനസിലാവുന്നില്ല. നിയമത്തിലുണ്ട് എങ്കില്‍ അത് നമുക്ക് പിന്തുടരാം എന്നും അശ്വിന്‍ പറയുന്നു. 

ബട്ട്‌ലര്‍ ക്രീസ് വിടുന്നത് കാത്ത് നിന്ന് ബൗളിങ് ആക്ഷന്‍ പതിയെ ആക്കിയോ എന്ന ആരോപണത്തിനും അശ്വിന്‍ മറുപടി നല്‍കുന്നു. ഞാന്‍ എറിയാന്‍ ആയുന്നത് പോലുമുണ്ടായിരുന്നില്ല ആ സമയം, അപ്പോഴേക്കും ബട്ട്‌ലര്‍ ക്രീസ് വിട്ടിരുന്നുവെന്നും അശ്വിന്‍ പറയുന്നു. 

ഐസിസി നിയമം 41.16ലാണ് മങ്കാദിങ്ങിന് സാധുത നല്‍കുന്നത്. ബാറ്റ്‌സ്മാന് മുന്നറിയിപ്പ് നല്‍കാതെ തന്നെ ഈ രീതിയില്‍ പുറത്താക്കാം എന്നാണ് നിയമത്തില്‍ പറയുന്നത്. രാജസ്ഥാന്‍ റോയല്‍സിന്റെ ഇന്നിങ്‌സിലെ 13ാം ഓവറിലായിരുന്നു സംഭവം. 

ഒരു വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സ് പിന്നിട്ട് രാജസ്ഥാന്‍ ശക്തമായി നില്‍ക്കവെ, നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുള്ള ബട്ട്‌ലറെ അശ്വിന്‍ ഡെലിവറിക്ക് മുന്‍പ് സ്റ്റംപ് ചെയ്ത് പുറത്താക്കി. വലിയ വിമര്‍ശനമാണ് ക്രിക്കറ്റ് ലോകത്ത് നിന്നും അശ്വിന് നേര്‍ക്ക് ഇതോടെ ഉയര്‍ന്നത്. എന്നാല്‍ ഹര്‍ഷ ബോഗ്ലെ ഉള്‍പ്പെടെയുള്ളവര്‍ അശ്വിന്റെ നിലപാടാണ് ശരി എന്ന വാദവുമായി എത്തിയതോടെ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ചര്‍ച്ച ചൂടുപിടിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com