ഒന്നിനുപുറകെ ഒന്നായി ബാറ്റ്സ്മാന്‍മാരുടെ ഘോഷയാത്ര; കൈയിലിരുന്ന മത്സരം പഞ്ചാബിന് സമ്മാനിച്ച് രാജസ്ഥാന്‍

സ്വന്തം തട്ടകത്തില്‍ കൈയിലിരുന്ന മത്സരം രാജസ്ഥാന്‍ റോയൽസ് ബാറ്റ്‌സ്മാന്‍മാര്‍ നിരുത്തരവാദപരമായ ബാറ്റിങിലൂടെ കളഞ്ഞ് കുളിച്ചു
ഒന്നിനുപുറകെ ഒന്നായി ബാറ്റ്സ്മാന്‍മാരുടെ ഘോഷയാത്ര; കൈയിലിരുന്ന മത്സരം പഞ്ചാബിന് സമ്മാനിച്ച് രാജസ്ഥാന്‍

ജയ്പുര്‍: സ്വന്തം തട്ടകത്തില്‍ കൈയിലിരുന്ന മത്സരം രാജസ്ഥാന്‍ റോയൽസ് ബാറ്റ്‌സ്മാന്‍മാര്‍ നിരുത്തരവാദപരമായ ബാറ്റിങിലൂടെ കളഞ്ഞ് കുളിച്ചു. ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ രാജസ്ഥാന്‍ 14 റണ്‍സിന്റെ പരാജയം ഏറ്റുവാങ്ങി. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെന്ന മികച്ച സ്‌കോര്‍ അടിച്ചെടുത്തു. രാജസ്ഥാന്റെ പോരാട്ടം 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. 

മികച്ച തുടക്കത്തോടെ അനായാസം വിജയത്തിലേക്ക് കുതിക്കുകയായിരുന്ന രാജസ്ഥാന്‍ അവിശ്വസനീയമാം വിധമാണ് തകര്‍ന്നടിഞ്ഞത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെന്ന നിലയില്‍ നില്‍ക്കെയാണ് രാജസ്ഥാന്‍ തകര്‍ന്നത്. 22 റണ്‍സെടുക്കുന്നതിനിടെ ആറ് വിക്കറ്റുകളാണ് രാജസ്ഥാന്‍ ബലി കഴിച്ചത്. 

ജോസ് ബട്‌ലറെ മാന്‍കാഡഡിലൂടെ റണ്ണൗട്ടാക്കി അശ്വിന്‍ നടത്തിയ തന്ത്രം കളിയുടെ ഗതി മാറ്റി. ഒപ്പം സ്റ്റീവന്‍ സ്മിത്തിനെ പുറത്താക്കാന്‍ കെഎല്‍ രാഹുല്‍ എടുത്ത ക്യാച്ചും മത്സരത്തിലെ വഴിത്തിരിവായി. 

43 പന്തില്‍ രണ്ട് സിക്‌സും പത്ത് ഫോറും സഹിതം 69 റണ്‍സ് അടിച്ചെടുത്ത ജോസ് ബട്‌ലറുടെ മികച്ച ബാറ്റിങ് രാജസ്ഥാന് മിന്നും തുടക്കം നല്‍കി. മലയാളി താരം സഞ്ജു സാംസണ്‍ 25 പന്തില്‍ 30 റണ്‍സും സ്റ്റീവന്‍ സ്മിത്ത് 16 പന്തില്‍ 20 റണ്‍സെടുത്ത് പുറത്തായി. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ 20 പന്തില്‍ 27 റണ്‍സെടുത്തു. 

അര്‍ധ സെഞ്ച്വറി നേടി മികച്ച സ്‌കോറിലേക്ക് ടീമിനെയെത്തിച്ച യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍ കളിയിലെ കേമനായി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്രിസ് ഗെയ്‌ലിന്റെ വെടിക്കെട്ട് ബാറ്റിങിന്റെ അകമ്പടിയോടെയാണ് കൂറ്റന്‍ സ്‌കോറിലെത്തിയത്. 47 പന്തില്‍ 79 റണ്‍സ് നേടിയ ഗെയ്ല്‍ ഒരിക്കല്‍ കൂടി ശതകത്തിലേക്ക് നീങ്ങുന്നുവെന്ന പ്രതീതി ജനിപ്പിച്ചശേഷമാണ് ബെന്‍ സ്‌റ്റോക്കിന്റെ പന്തില്‍ കീഴടങ്ങിയത്. ഇതിനിടെ ഐപിഎല്ലില്‍ ഏറ്റവും വേഗത്തില്‍ 4000 റണ്‍സ് ക്ലബ്ബിലെത്തുന്ന താരമെന്ന നേട്ടവും വിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍ സ്വന്തമാക്കി.

ഓപ്പണറായ ലോകേഷ് രാഹുലിനെ തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ടെങ്കിലും മായങ്ക് അഗര്‍വാളിന്റെയും സര്‍ഫറാസ് ഖാനിന്റെയും പിന്തുണയോടെ ക്രിസ് ഗെയ്ല്‍ പന്തുകള്‍ വേലിക്കെട്ടിന് അപ്പുറത്തേയ്ക്ക് കടത്തുന്നതിനാണ് കളിക്കളം പിന്നീട് സാക്ഷ്യം വഹിച്ചത്. എട്ട് ബൗണ്ടറികളും നാല് സിക്‌സുകളും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ്. സര്‍ഫറാസ് ഖാന്‍ പുറത്താകാതെ 46 റണ്‍സ് നേടി.

നേരത്തെ ആറു റണ്‍സില്‍ എത്തിയപ്പോഴാണ് ഗെയ്ല്‍ 4000 റണ്‍സ് ക്ലബിലെത്തിയത്. 112 ഇന്നിങ്‌സുകളില്‍ നിന്നാണ് കരീബിയന്‍ താരത്തിന്റെ നേട്ടം. ഐ.പി.എല്ലില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ഒമ്പതാമത്തെ താരവും രണ്ടാമത്തെ മാത്രം വിദേശതാരവുമാണ് ഗെയ്ല്‍. സുരേഷ് റെയ്‌ന, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ഗൗതം ഗംഭീര്‍, റോബിന്‍ ഉത്തപ്പ, ശിഖര്‍ ധവാന്‍, ഡേവിഡ് വാര്‍ണര്‍, ധോണി എന്നിവരാണ് ഐപിഎല്ലിലെ 4000 ക്ലബ്ബില്‍ പേരുളള മറ്റു താരങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com