തലയെ സാക്ഷി നിര്‍ത്തി ബ്രാവോയുടെ ബൗണ്ടറി; തുടര്‍ച്ചയായ രണ്ടാം ജയവുമായി ചെന്നൈ

ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്
തലയെ സാക്ഷി നിര്‍ത്തി ബ്രാവോയുടെ ബൗണ്ടറി; തുടര്‍ച്ചയായ രണ്ടാം ജയവുമായി ചെന്നൈ

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. എവേ പോരാട്ടത്തില്‍ അവര്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറ് വിക്കറ്റിന് വീഴ്ത്തി. ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കീഴടക്കി വിജയിച്ച് തുടങ്ങിയ ക്യാപിറ്റല്‍സ് സ്വന്തം തട്ടകത്തില്‍ തോല്‍വി വഴങ്ങുകയായിരുന്നു. 

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സാണ് കണ്ടെത്തിയത്. മറുപടി പറഞ്ഞ ചെന്നൈ രണ്ട് പന്തുകള്‍ ശേഷിക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്താണ് വിജയം പിടിച്ചത്. അനായാസ വിജയ ലക്ഷ്യത്തിലേക്ക് അധികം വേവലാതികളില്ലാതെ തന്നെ ചെന്നൈ എത്തുകയായിരുന്നു. 

ചെന്നൈയ്ക്കായി ഓപണര്‍ ഷെയ്ന്‍ വാട്‌സന്‍ 26 പന്തില്‍ മൂന്ന് സിക്‌സും നാല് ഫോറും സഹിതം 44 റണ്‍സെടുത്തു. 16 പന്തില്‍ 30 റണ്‍സുമായി റെയ്‌നയും തിളങ്ങി. കേദാര്‍ ജാദവ് 27 റണ്‍സ് കണ്ടെത്തി. 35 പന്തില്‍ 32 റണ്‍സുമായി ക്യാപ്റ്റന്‍ ധോണിയും നാല് റണ്‍സുമായി ബ്രാവോയും പുറത്താകാതെ നിന്നു. ഡല്‍ഹിക്കായി അമിത് മിശ്ര രണ്ടും ഇഷാന്ത് ശര്‍മ, റബാഡ എന്നിവര്‍ ഒരോ വിക്കറ്റും വീഴ്ത്തി. 

നേരത്തെ ഓപണര്‍ ശിഖര്‍ ധവാന്റെ അര്‍ധ സെഞ്ച്വറി മികവിലാണ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തത്. ധവാന്‍ 47 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറികളോടെ 51 റണ്‍സെടുത്ത് പുറത്തായി. 

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്കായി പൃഥ്വി ഷായും ധവാനും ചേര്‍ന്ന ഓപണിങ് കൂട്ടുകെട്ട് 4.3 ഓവറില്‍ 36 റണ്‍സ് നേടി. 16 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറികളോടെ 24 റണ്‍സെടുത്ത പൃഥ്വിയെ ദീപക് ചഹറാണ് മടക്കിയത്. കൃത്യമായ ബൗളിങ് മാറ്റങ്ങള്‍ വരുത്തിയ ധോനി ഡല്‍ഹി ബാറ്റിങ് നിരയെ പിടിച്ചുകെട്ടുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ വമ്പനടിക്കാരന്‍ ഋഷഭ് പന്ത് അതേ പ്രകടനം ആവര്‍ത്തിച്ചെങ്കിലും 13 പന്തുകളുടെ ആയുസേ ഉണ്ടായിരുന്നുള്ളൂ. ഒരു സിക്‌സും രണ്ട് ബൗണ്ടറിയുമടക്കം 25 റണ്‍സെടുത്ത പന്തിനെ ശാര്‍ദുല്‍ താക്കൂര്‍ മികച്ച ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. 

ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് 18 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. കോളിന്‍ ഇന്‍ഗ്രാമും (രണ്ട്) കാര്യമായ സംഭവന നല്‍കാതെ മടങ്ങി. അക്‌സര്‍ പട്ടേല്‍ (ഒന്‍പത്), രാഹുല്‍ തെവാതിയ (11) എന്നിവര്‍ പുറത്താകാതെ നിന്നു.

ചെന്നൈക്കായി ആദ്യ ഓവറില്‍ തല്ലുവാങ്ങിയെങ്കിലും ബ്രാവോ നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ചഹര്‍, ജഡേജ, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com