ജീസസിന്റെ ഇരട്ട ​ഗോളിൽ അവസാന നിമിഷം വിജയം കൊത്തി കാനറികൾ; മെസിയില്ലാതെ ഇറങ്ങി അർജന്റീനയുടെ ജയം

അന്താരാഷ്ട്ര സൗഹൃ‌ദ​ ഫുട്ബോൾ പോരാട്ടത്തിൽ അർജന്റീനയ്ക്കും ബ്രസീലിനും വിജയം
ജീസസിന്റെ ഇരട്ട ​ഗോളിൽ അവസാന നിമിഷം വിജയം കൊത്തി കാനറികൾ; മെസിയില്ലാതെ ഇറങ്ങി അർജന്റീനയുടെ ജയം

പ്രാ​ഗ്: അന്താരാഷ്ട്ര സൗഹൃ‌ദ​ ഫുട്ബോൾ പോരാട്ടത്തിൽ അർജന്റീനയ്ക്കും ബ്രസീലിനും വിജയം. മെസിയുടെ അഭാവത്തിൽ ഇറങ്ങിയ അർജന്റീന മറുപടിയില്ലാത്ത ഒറ്റ ​​ഗോളിന് മൊറോക്കയെ വീഴ്ത്തി. ചെക്ക് റിപ്പബ്ലിക്കിനെതിരെ ഒരു ​ഗോളിന് പിന്നിൽ നിന്ന ശേഷം മൂന്ന് ​ഗോളുകൾ തിരിച്ചടിച്ചാണ് കാനറികളുടെ വിജയം. 

ചെക്ക് റിപ്പബ്ലിക്കിനെതിരായ സൗഹൃദ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്രസീൽ വിജയം പിടിച്ചത്. കളിയുടെ അവസാന ഘട്ടത്തിൽ ഇരട്ട ​ഗോളുകൾ നേടിയ ​ഗബ്രിയേൽ ജീസസിന്റെ മികവിലാണ് ബ്രസീലിന്റെ ​ഗംഭീര തിരിച്ചുവരവ്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ടു നിന്നതിനു ശേഷമാണ് ബ്രസീൽ രണ്ടാം പകുതിയിലെ മികച്ച പ്രകടനത്തിലൂടെ മത്സരം സ്വന്തമാക്കിയത്.

37ാം മിനുട്ടിൽ ഡേവിഡ് പാവെൽക ചെക്ക് റിപ്പബ്ലിക്കിന് വേണ്ടി ഗോളടിച്ച് സെലക്കാവോകളെ ഞെട്ടിച്ചു. രണ്ടാം പകതി തുടങ്ങി 49ാം മിനുട്ടിൽ ഫിർമിനോയിലൂടെ സമനില പിടിച്ച ബ്രസീൽ മത്സരത്തിലേക്ക് തിരിച്ചെത്തി. പോരാട്ടം സമനിലയിൽ അവസാനിക്കുമെന്ന പ്രതീതിയിൽ നിൽക്കെയായിരുന്നു ജീസസിന്റെ ​ഗോളുകൾ. 83, 90 മിനുട്ടുകളിലാണ് ജീസസിന്റെ ​ഗോളുകൾ പിറന്നത്. 

രണ്ടാം പകുതിയിൽ മികച്ച ഫുട്ബോളാണ് ടിറ്റെയുടെ ടീം പുറത്തെടുത്തത്. ആദ്യ സൗഹൃദ മത്സരത്തിൽ ഫിഫ റാങ്കിങ്ങിൽ 76ാം റാങ്കുകാരായ പനാമ ബ്രസീലിനെ സമനിലയിൽ തളച്ചിരുന്നു. 

സൂപ്പർ താരം ലയണൽ മെസി പരുക്ക് കാരണം കളിക്കാതിരുന്ന മത്സരത്തിലാണ് അർജന്റീന വിജയം സ്വന്തമാക്കിയത്. മറുപടിയില്ലാത്ത ഒരു ഗോളിനാണ് അവർ വിജയിച്ചത്. 

കഴിഞ്ഞ മത്സരത്തിൽ മെസിയടക്കമുള്ളവർ ഇറങ്ങിയിട്ടും വെനസ്വെലയോട് നാണംകെട്ട തോൽവി അർജന്റീന ഏറ്റുവാങ്ങിയിരുന്നു. എന്നാൽ ഇന്ന് മെസി ഇല്ലാതെ ഇറങ്ങിയപ്പോൾ കൂടുതൽ താളം കണ്ടെത്തി കളിക്കുന്ന അർജന്റീനയായിരുന്നു കളത്തിൽ. മൊറോക്കോയുടെ ശക്തമായ പ്രതിരോധം മറികടന്ന് കളിയുടെ അവസാന നിമിഷത്തിലാണ് ലാറ്റിനമേരിക്കൻ കരുത്തർക്ക് വല ചലിപ്പിക്കാൻ സാധിച്ചത്.   

മത്സരത്തിന്റെ 84ാം മിനുട്ടിൽ അത്‌ലറ്റിക്കോ മാഡ്രിഡ് താരം കൊറേയ ആണ് അർജന്റീനയുടെ വിജയ ഗോൾ നേടിയത്. നാല് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് കൊറേയ അർജന്റീനയ്ക്കായി രാജ്യാന്തര ഗോൾ വലയിലാക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com