ബാഴ്സലോണയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ​ഗോൾ ഏതാണ് ? മെസിയുടെ ഈ ​ഗോളെന്ന് ആരാധകർ (വീഡിയോ)

2007ല്‍ ഗെറ്റാഫെയ്‌ക്കെതിരെ മെസി നേടിയ ഗോളാണ് ആരാധകര്‍ ക്ലബ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളായി തിരഞ്ഞെടുത്തത്
ബാഴ്സലോണയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ​ഗോൾ ഏതാണ് ? മെസിയുടെ ഈ ​ഗോളെന്ന് ആരാധകർ (വീഡിയോ)

മാഡ്രിഡ്: ബാഴ്‌സലോണ ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍ ഏതാണെന്ന ചോദ്യത്തിന് ആരാധകര്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഗോള്‍ തിരഞ്ഞെടുത്തു. 2007ല്‍ ഗെറ്റാഫെയ്‌ക്കെതിരെ മെസി നേടിയ ഗോളാണ് ആരാധകര്‍ ക്ലബ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളായി തിരഞ്ഞെടുത്തത്. 

2007ലെ സ്പാനിഷ് കപ്പ് സെമി പോരാട്ടത്തിലാണ് ഗെറ്റാഫെയ്‌ക്കെതിരെ മെസിയുടെ ഒറ്റയ്ക്ക് മുന്നേറിയുള്ള ഈ ഗോളിന്റെ പിറവി. മൈതാന മധ്യത്തില്‍ നിന്ന് പന്തുമായി മുന്നേറി ഗെറ്റാഫെ പ്രതിരോധക്കാരെ ഒന്നാകെ ഡ്രിബ്ലിങിലൂടെ കബളിപ്പിച്ച് സുന്ദരമായാണ് മെസി പന്ത് വലയിലാക്കിയത്. 

മൈതാന മധ്യത്തില്‍ വച്ച് ഷാവിയാണ് മെസിക്ക് പാസ് നല്‍കുന്നത്. എതാണ്ട് പത്ത് സെക്കന്‍ഡുകള്‍ മാത്രമെടുത്താണ് മെസിയുടെ മുന്നേറ്റവും ഗോളും. രണ്ട് ഗെറ്റാഫെ താരങ്ങളെ ക്ഷണത്തില്‍ വെട്ടിച്ച് മുന്നേറിയ മെസി അനായാസം പരെഡെസിനെയും നാചോയേയും മറികടക്കുന്നു. അലക്‌സിസിനേയും പിന്നാലെ ബെലംഗ്യുറിനേയും മറികടന്ന് മെസി അവസാനം പാബ്ലോ റെഡോന്‍ഡോയേയും നിഷ്പ്രഭനാക്കിയാണ് പന്ത് വലയിലാക്കിയത്. 60 മീറ്ററുകള്‍ പിന്നിടുമ്പോള്‍ മെസി 13 തവണയാണ് പന്തില്‍ കാല്‍വച്ചത്. 

ജീവിതത്തില്‍ താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ഗോള്‍ എന്നാണ് മുന്‍ ബാഴ്‌സലോണ താരമായ ഡെക്കോ ഈ ഗോളിനെ വിശേഷിപ്പിച്ചത്. 

ബാഴ്‌സലോണയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളും രണ്ടാമത്തെ ഗോളും മൂന്നാം ഗോളും മെസിയുടേത് തന്നെയാണെന്ന് ആരാധകര്‍ വോട്ടെടുപ്പിലൂടെ വ്യക്തമാക്കി. 2015ല്‍ അത്‌ലറ്റിക്ക് ബില്‍ബാവോയ്‌ക്കെതിരെ മെസി നേടിയ ഗോള്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി. 2011ല്‍ റയല്‍ മാഡ്രിഡിനെതിരെ അര്‍ന്റൈന്‍ ഇതിഹാസം നേടിയ ഗോളാണ് മൂന്നാമതെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com