രണ്ട് വട്ടം അത്ഭുതം പിറന്ന് മാര്‍ച്ച് 29; റെസ്ലിങ്ങിനെ തിരസ്‌കരിച്ച അയാള്‍ ക്രിക്കറ്റിനെ വാരിപുണര്‍ന്ന ദിനങ്ങള്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ അതിമാനുഷികന്‍ എന്ന വിളിപ്പേരും സ്വന്തമാക്കി കളിച്ചിരുന്ന സച്ചിനെ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നിര്‍ത്തിയായിരുന്നു സെവാഗ് തന്റെ സ്‌കോര്‍ മുന്നൂറ് കടത്തിയത്
രണ്ട് വട്ടം അത്ഭുതം പിറന്ന് മാര്‍ച്ച് 29; റെസ്ലിങ്ങിനെ തിരസ്‌കരിച്ച അയാള്‍ ക്രിക്കറ്റിനെ വാരിപുണര്‍ന്ന ദിനങ്ങള്‍

2004 മാര്‍ച്ച് 29ന് മുള്‍ട്ടാനില്‍ പാകിസ്ഥാനെതിരെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ്‌. തുടരെ ബൗണ്ടറികള്‍ പായിച്ച് ആക്രമണകാരിയായി ക്രീസില്‍ നില്‍ക്കുകയാണ് സെവാഗ്. ആ സമയം കമന്ററി ബോക്‌സില്‍ നിന്നും വന്ന ചോദ്യമിതായിരുന്നു, ഇനി ഗ്രൗണ്ടിന്റെ ഏത് ഭാഗത്തേക്കായിരിക്കും സെവാഗ് പന്ത് പായിക്കുക? അടുത്ത പന്തും ബൗണ്ടറി ലൈന്‍ തൊടുമെന്ന് ഉറപ്പായിരുന്നു...അത് ഏത് ഭാഗത്ത് കൂടിയായിരിക്കും എന്നത് മാത്രമായിരുന്നു ആ സമയം ക്രിക്കറ്റ് ലോകത്തിന് അറിയേണ്ടിയിരുന്നത്. സെവാഗ് ക്രീസില്‍ നില്‍ക്കുമ്പോള്‍ മാത്രം ഉയര്‍ന്നിരുന്ന ചോദ്യം...

മുന്നൂറിനപ്പുറം വ്യക്തിഗത സ്‌കോര്‍ കടത്തുക എന്ന, അതുവരെ അപ്രാപ്യമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം കരുതിയതിനെ, തകര്‍ത്തു കളിച്ച് മറികടക്കുകയായിരുന്നു സെവാഗ്. ഇന്ത്യന്‍ ക്രിക്കറ്റിലെ അതിമാനുഷികന്‍ എന്ന വിളിപ്പേരും സ്വന്തമാക്കി കളിച്ചിരുന്ന സച്ചിനെ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നിര്‍ത്തിയായിരുന്നു സെവാഗ് തന്റെ സ്‌കോര്‍ മുന്നൂറ് കടത്തിയത് എന്ന പ്രത്യേകതയുമുണ്ട്. 

531 മിനിറ്റാണ് മുള്‍ട്ടാനില്‍ അന്ന് സെവാഗ് ക്രീസില്‍ നിന്നത്. 375 പന്തില്‍ 39 വട്ടം പന്ത് ബൗണ്ടറി കടത്തിയപ്പോള്‍ ആറ് സിക്‌സും സെവാഗിന്റെ ബാറ്റില്‍ നിന്നും വന്നു. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് എന്ന നിലയില്‍ സച്ചിനും സെവാഗും ചേര്‍ന്നിടത്ത് നിന്നും ഇന്ത്യന്‍ സ്‌കോര്‍ 500 കടത്തിയാണ് ഇരുവരും പിരിഞ്ഞത്. 

നാല് വര്‍ഷത്തിന് ശേഷം അതേ ദിവസം സെവാഗ് വീണ്ടും അമാനുഷികനായി. ചെന്നൈയില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ 319 റണ്‍സ് സ്‌കോര്‍ ചെയ്താണ് സെവാഗ് വീണ്ടും ചരിത്രം തീര്‍ത്തത്. അന്ന് സെവാഗ് ക്രീസില്‍ നിന്നത് 530 മിനിറ്റ്. പറത്തിയത് 42 ഫോറും അഞ്ച് സിക്‌സും. റെസ്ലിങ്ങില്‍ ശ്രദ്ധ കൊടുത്തിരുന്ന ജാട്‌സിന്റെ ഇടയില്‍ നിന്നും എനിക്ക് ക്രിക്കറ്റ് മാത്രം കളിച്ചാല്‍ മതി എന്ന് പറഞ്ഞെത്തിയ താരം ലോക ക്രിക്കറ്റിന്റെ നെറുകയിലെത്തിയ ദിനങ്ങളായിരുന്നു അത്.

വര്‍ഷങ്ങള്‍ക്കിപ്പുറം വിടവാങ്ങല്‍ മത്സരം എന്ന പേരില്‍ ഒന്നുപോലും ലഭിക്കാതെ ക്രിക്കറ്റിനോട് സെവാഗിന് വിടപറയേണ്ടി വന്നു. എങ്കിലും ക്രിക്കറ്റ് ലോകത്തെ അതിശയിപ്പിച്ച മാര്‍ച്ച് 29ന്റെ ഓര്‍മ വീണ്ടും ആരാധകരിലേക്ക് എത്തിക്കുകയാണ് സെവാഗ്. എനിക്ക് വളരെ സ്‌പെഷ്യലാണ് മാര്‍ച്ച് 29 എന്നാണ് സെവാഗ് പറയുന്നത്. 

സെവാഗിന്റെ ട്വീറ്റിന് അടിയില്‍ കമന്റുമായി, സെവാഗിനെ ഓപ്പണിങ്ങില്‍ പരീക്ഷിക്കാന്‍ ധൈര്യം കാണിച്ച ഗാംഗുലി തന്നെ എത്തുന്നു. ഇന്ത്യയ്ക്ക് രണ്ട് മഹാന്മാരായ ടെസ്റ്റ് ഓപ്പണര്‍മാരാണ് ഉള്ളത്. അതില്‍ ഒന്ന് ഈ മനുഷ്യന്‍ ആണെന്നാണ് ഗാംഗുലി പറയുന്നത്. 

അര്‍ഹിച്ച ആദരവോടെ വിടവാങ്ങാന്‍ സാധിച്ചില്ലെങ്കിലും, സെവാഗിന്റെ ഡെല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തിലെ ഗേറ്റില്‍ സെവാഗിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നതിനൊപ്പം എഴുതി വെച്ചിരിക്കുന്ന ഒന്ന് അതിന് മറുപടിയാണ്, ''ലെജന്റ്‌സ് ആര്‍ ഫോര്‍എവര്‍''. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com