ഈ 10 താരങ്ങള്‍ തമ്മിലുള്ള പോര് മിസ് ചെയ്യരുത്; പഞ്ചാബ്-മുംബൈ കളിയിലെ ഹൈലൈറ്റ്‌

ജയം ലക്ഷ്യമിട്ട് ഇവര്‍ ഇറങ്ങുമ്പോള്‍ ഇരു ടീമിലേയും ഏതാനും താരങ്ങള്‍ തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ കൂടി കളിയില്‍ ആരാധകര്‍ക്ക് കാണാം
ഈ 10 താരങ്ങള്‍ തമ്മിലുള്ള പോര് മിസ് ചെയ്യരുത്; പഞ്ചാബ്-മുംബൈ കളിയിലെ ഹൈലൈറ്റ്‌

ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ ഒന്‍പതാം മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് ഇന്ന് മുംബൈ ഇന്ത്യന്‍സിനെ നേരിടും. രണ്ട് മത്സരങ്ങളില്‍ കളിച്ചതില്‍ നിന്നും ഒരു തോല്‍വിയും ഒരു ജയവുമായിട്ടാണ് ഇരു ടീമും പോരിനിറങ്ങുന്നത്. ജയം ലക്ഷ്യമിട്ട് ഇവര്‍ ഇറങ്ങുമ്പോള്‍ ഇരു ടീമിലേയും ഏതാനും താരങ്ങള്‍ തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ കൂടി കളിയില്‍ ആരാധകര്‍ക്ക് കാണാം. 

ക്രിസ് ഗെയില്‍ vs ലസിത് മലിംഗ

ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട രണ്ട് ക്രിക്കറ്റ് താരങ്ങള്‍ നേര്‍ക്കുനേര്‍ വരും മുംബൈയും, പഞ്ചാബും ഏറ്റുമുട്ടുമ്പോള്‍. ആക്രമണകാരിയായ ക്രിസ് ഗെയില്‍ ഒരുവശത്തും, ഐപിഎല്ലിലെ വിക്കറ്റ് വേട്ടയിലെ വമ്പന്‍ ലസിത് മലിംഗ മറ്റൊരു വശത്തും. ഐപിഎല്ലില്‍ ഇതുവരെ ഏറ്റുമുട്ടിയപ്പോള്‍ ഒരുവട്ടം മാത്രമാണ് ഗെയ്‌ലിനെ മലിംഗയ്ക്ക് പുറത്താക്കുവാനായത്. എന്നാല്‍ മലിംഗയ്‌ക്കെതിരെ താരതമ്യേന കുറഞ്ഞ സ്‌ട്രൈക്ക് റേറ്റാണ് ഗെയിലിനുള്ളത്, 73.44. 

കെ.എല്‍.രാഹുല്‍ vs മക് ക്ലെന്‍ഹാന്‍

ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്നും മൂന്ന് വിക്കറ്റ് വീഴ്ത്തി മുംബൈയ്ക്കായി നല്ല തുടക്കം നല്‍കിയാണ് മക് ക്ലെന്‍ഹാമിന്റെ കളി. കെ.എല്‍.രാഹുലാവട്ടെ റണ്‍സ് കണ്ടെത്തുവാന്‍ പാടുപെടുന്നു. ഐപിഎല്ലില്‍ രണ്ട് വട്ടമാണ് രാഹുലിനെ മക് ക്ലെന്‍ഹാന്‍ പുറത്താക്കിയത്. മക് ക്ലെന്‍ഹാമിനെതിരെ 45 പന്തില്‍ നിന്നും 65 റണ്‍സ് ഐപിഎല്ലില്‍ രാഹുല്‍ നേടിയിട്ടുമുണ്ട്. ഇന്ന് ഏറ്റുമുട്ടുമ്പോള്‍ ഇവരില്‍ ആര് ജയിക്കും എന്നാണ് അറിയേണ്ടത്. 

രോഹിത് ശര്‍മ vs അന്‍കിത് രജ്പൂത്

ബാംഗ്ലൂരിനെതിരെ രോഹിത് ശര്‍മ ഫോം കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് ആരാധകര്‍. എന്നാല്‍ അന്‍കിതിന് എതിരായ രോഹിത്തിന്റെ റെക്കോര്‍ഡ് പരിശോധിക്കുമ്പോള്‍ ബാറ്റും പന്തും തമ്മിലുള്ള പോരാട്ടം കനക്കുമെന്ന് വ്യക്തമാകും. ഐപിഎല്ലില്‍ രണ്ട് വട്ടം രോഹിത്തിനെ അന്‍കിത് പുറത്താക്കിയിട്ടുണ്ട്. രോഹിത് അന്‍കിതിനെതിരെ നേടിയതാവട്ടെ 11 പന്തില്‍ നിന്നും ഏഴ് റണ്‍സും. 

കിരണ്‍ പൊള്ളാര്‍ഡ് vs അശ്വിന്‍

29 പന്ത് നേരിട്ടതില്‍ 26 റണ്‍സ്, മൂന്ന് വിക്കറ്റ്...പൊള്ളാര്‍ഡിന് എതിരെ അശ്വിന്റെ കണക്കുകള്‍ ഇങ്ങനെയാണ്. വിന്‍ഡിസ് താരത്തിന്റെ ഇപ്പോഴത്തെ ഫോം കണക്കിലെടുത്താലും അശ്വിന് തന്നെയാണ് മുന്‍തൂക്കം. അശ്വിന് വീണ്ടും പൊള്ളാര്‍ഡിന് മുന്നില്‍ ജയിച്ചാല്‍ അത് മുംബൈയ്ക്ക് പ്രഹരമാകും. 

ഹര്‍ദിക് പാണ്ഡ്യ vs ആന്‍ഡ്ര്യൂ ടൈ

ബാംഗ്ലൂരിനെതിരെ തകര്‍ത്തു കളിച്ചാണ് ഹര്‍ദിക് ആരാധകരുടെ മനം കവര്‍ന്നത്. 34 പന്തില്‍ നിന്നും അടിച്ചെടുത്തത് 32 റണ്‍സ്. എന്നാല്‍ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായ ആന്‍ഡ്ര്യു ടൈയെപോലൊരു താരത്തെ അവസാന ഓവറുകളില്‍ ഹര്‍ദിക് എങ്ങിനെ നേരിടും എന്നതും ആരാധകരില്‍ ആകാംക്ഷ നിറയ്ക്കുന്നു. ഏറ്റവും ഒടുവില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഹര്‍ദിക്കിന്റെ വിക്കറ്റ് ടൈ വീഴ്ത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com