സഞ്ജു തല്ലിയൊതുക്കിയത് ഹൈദരാബാദ് അടിച്ചെടുത്തു; രാജസ്ഥാന് തുടർച്ചയായ രണ്ടാം തോൽവി

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് അഞ്ച് വിക്കറ്റ് ജയം
സഞ്ജു തല്ലിയൊതുക്കിയത് ഹൈദരാബാദ് അടിച്ചെടുത്തു; രാജസ്ഥാന് തുടർച്ചയായ രണ്ടാം തോൽവി

ഹൈദരാബാദ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് അഞ്ച് വിക്കറ്റ് ജയം. 199 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 19 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ആദ്യ മത്സരം തോറ്റ സൺറൈസേഴ്സ് രണ്ടാം പോരിൽ വിജയം സ്വന്തമാക്കിയപ്പോൾ രാജസ്ഥാന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. 

ഹൈദരാബാദിനായി ഓപണര്‍മാരായ ഡേവിഡ് വാര്‍ണറും ജോണി ബെയര്‍സ്റ്റേയും ചേർന്ന് മികച്ച തുടക്കമാണിട്ടത്. വാര്‍ണറായിരുന്നു കൂട്ടത്തില്‍ ആക്രമിച്ച് മുന്നേറിയത്. ഓപണിങ് വിക്കറ്റില്‍ 110 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 37 പന്തില്‍ രണ്ട് സിക്‌സും ഒൻപത് ബൗണ്ടറിയുമടക്കം 69 റണ്‍സെടുത്ത വാര്‍ണറാണ് ആദ്യം പുറത്തായത്. പിന്നാലെ ഏഴ് റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ബെയര്‍സ്‌റ്റോയും മടങ്ങി. 28 പന്തില്‍ നിന്ന് ഒരു സിക്‌സും ആറ് ബൗണ്ടറിയുമടക്കം ബെയര്‍സ്‌റ്റോ 45 റണ്‍സെടുത്തു. 

പിന്നീടെത്തിയ വിജയ് ശങ്കര്‍ വെറും 15 പന്തുകളില്‍ നിന്ന് മൂന്ന് സിക്‌സിന്റെ അകമ്പടിയോടെ 35 റണ്‍സെടുത്ത് പുറത്തായി. പിന്നാലെ ഹൈദരാബാദിന് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായി. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (14), വിജയ് ശങ്കര്‍, മനീഷ് പാണ്ഡെ (ഒന്ന്) എന്നിവര്‍ അടുത്തടുത്ത് പുറത്തായതോടെ അവര്‍ പതറി.

എന്നാല്‍ 12 പന്തില്‍ നിന്ന് 16 റണ്‍സെടുത്ത യൂസുഫ് പത്താനും എട്ട് പന്തില്‍ 15 റണ്‍സെടുത്ത റാഷിദ് ഖാനും ചേര്‍ന്ന് ഹൈദരാബാദിനെ വിജയത്തിലെത്തിച്ചു. ജോഫ്ര അര്‍ച്ചറുടെ 19ാം ഓവറിലെ അവസാന പന്ത് സിക്‌സറടിച്ച് റാഷിദ് ഖാൻ ഹൈദരാബാദിന്റെ വിജയം ഉറപ്പാക്കി. നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ശ്രേയസ് ഗോപാല്‍ രാജസ്ഥാനായി ബൗളിങ്ങില്‍ തിളങ്ങി. റാഷിദ് ഖാനാണ് കളിയിലെ കേമൻ. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ മലയാളി താരം സഞ്ജു വി സാംസൺ നേടിയ സെഞ്ച്വറിയുടെ മികവിലാണ് നിശ്ചിത 20 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുത്തത്. ഐപിഎല്‍ 12ാം സീസണിലെ ആദ്യ സെഞ്ച്വറിയാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ഐപിഎല്ലില്‍ സഞ്ജുവിന്റെ രണ്ടാം ശതകമാണിത്. 55 പന്തുകൾ നേരിട്ട് നാല് സിക്സും 10 ബൗണ്ടറിയുമടക്കം 102 റണ്‍സുമായി സഞ്ജു പുറത്താകാതെ നിന്നു.

ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ 18ാം ഓവറില്‍ ഒരു സിക്സും നാല് ബൗണ്ടറിയുമടക്കം 24 റണ്‍സാണ് മലയാളി താരം വാരിയത്. അര്‍ധ സെഞ്ച്വറിയുമായി സഞ്ജുവിന് ഉറച്ച പിന്തുണ നല്‍കിയ ക്യാപ്റ്റന്‍ അജിൻക്യ രഹാനെയുടെ പ്രകടനവും രാജസ്ഥാന് മികച്ച ടോട്ടൽ സമ്മാനിക്കുന്നതിൽ നിർണായകമായി. 49 പന്തുകള്‍ നേരിട്ട രഹാനെ മൂന്ന് സിക്സും നാല് ഫോറും സഹിതം 70 റണ്‍സെടുത്തു. 

കഴിഞ്ഞ മത്സരത്തിലെ താരമായ ജോസ് ബട്ട്ലറെ രാജസ്ഥാന് തുടക്കത്തിൽ തന്നെ നഷ്ടമായി. എട്ട് പന്തില്‍ നിന്ന് അഞ്ച് റണ്‍സ് മാത്രമായിരുന്നു ബട്ലറുടെ സമ്പാദ്യം. പിന്നീട് ക്രീസില്‍ ഒന്നിച്ച രഹാനെ- സഞ്ജു സഖ്യമാണ് രാജസ്ഥാന്‍ ഇന്നിങ്സിന്റെ നട്ടെല്ലായത്. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേർന്ന് 119 റണ്‍സ് കണ്ടെത്തി. സണ്‍റൈസേഴ്‌സിനായി റാഷിദ് ഖാൻ നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com