സൂപ്പർ ക്യാപിറ്റൽസ്; സൂപ്പർ റബാഡ; കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ വീഴ്ത്തി ഡൽഹി

ഐപിഎൽ 12ാം സീസണിലെ ആദ്യ സൂപ്പർ ഓവർ കണ്ട മത്സരത്തിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് വിജയം
സൂപ്പർ ക്യാപിറ്റൽസ്; സൂപ്പർ റബാഡ; കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ വീഴ്ത്തി ഡൽഹി

ന്യൂഡല്‍ഹി: ഐപിഎൽ 12ാം സീസണിലെ ആദ്യ സൂപ്പർ ഓവർ കണ്ട മത്സരത്തിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് വിജയം. സൂപ്പർ ഓവറിൽ മൂന്ന് റൺസിനാണ് ഡൽഹി വിജയിച്ചത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 185 റൺസെന്ന മികച്ച സ്കോർ നേടിയപ്പോൾ ഡൽഹിയുടെ പോരാട്ടം ആറ് വിക്കറ്റ് നഷ്ടത്തിൽ 185ൽ തന്നെ അവസാനിച്ചു. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ഒരു വിക്കറ്റ് നഷ്ടത്തിൽ 10 റൺസെടുത്തപ്പോൾ കൊൽക്കത്തയുടെ പോരാട്ടം ഒരു വിക്കറ്റ് നഷ്ടത്തിൽ ഏഴ് റൺസിൽ അവസാനിപ്പിച്ചാണ് ഡൽഹി വിജയം പിടിച്ചത്. 

സൂപ്പർ ഓവറിൽ പ്രസീദ് കൃഷ്ണയുടെ ആറ് പന്തിലാണ് ഡല്‍ഹി പത്ത് റൺസടിച്ചത്. ഇതോടെ കൊല്‍ക്കത്തയ്ക്ക് വിജയിക്കാന്‍ 11 റണ്‍സ് വേണമെന്നായി. ഡല്‍ഹിക്കായി സൂപ്പര്‍ ഓവര്‍ എറിയാനെത്തിയ ക​ഗിസോ റബാഡ ഉജ്ജ്വലമായി പന്തെറിഞ്ഞ് ഏഴു റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത് ഡല്‍ഹിക്ക് വിജയമൊരുക്കുകയായിരുന്നു. 

നേരത്തെ അവസാന ഓവറില്‍ ഡല്‍ഹിക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത് ആറ് റണ്‍സായിരുന്നു. എന്നാല്‍ കുല്‍ദീപ് യാദവിന്റെ ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തിയ ഡല്‍ഹി നേടിയത് അഞ്ച് റണ്‍സ് മാത്രം. ഇതോടെ ഡല്‍ഹിക്ക് അനായാസം വിജയിക്കാമായിരുന്ന മത്സരം സൂപ്പര്‍ ഓവറിലേക്ക് നീളുകയായിരുന്നു.  

ഒരു റണ്ണിന് സെഞ്ച്വറി നഷ്ടപ്പെട്ട പൃഥ്വി ഷായുടേയും 32 പന്തില്‍ 43 റണ്‍സടിച്ച ശ്രേയസ് അയ്യരുടേയും മികവിൽ  ഡല്‍ഹി വിജയത്തിന്റെ പടിവാതില്‍ക്കലെത്തിയിരുന്നു. എന്നാല്‍ അവസാന ഓവറില്‍ ഹനുമ വിഹാരിക്കും കോളിന്‍ ഇന്‍ഗ്രാമിനും വിജയത്തിലേക്കാവശ്യമായി റൺസ് കണ്ടെത്താൻ സാധിച്ചില്ല. 55 പന്തില്‍ 12 ഫോറും മൂന്ന് സിക്‌സുമടക്കമായിരുന്നു പൃഥ്വി ഷായുടെ 99 റണ്‍സ്. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റിന് 61 റണ്‍സ് എന്ന നിലയിൽ തകർന്നു. പിന്നീട് സന്ദര്‍ശകരെ ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കും ആന്ദ്രെ റസ്സലും കൈപ്പിടിച്ചുയര്‍ത്തുകയായിരുന്നു. തുടർച്ചയായി മൂന്നാം മത്സരത്തിലും വൻ വെടിക്കെട്ടിനാണ് റസ്സൽ തിരികൊളുത്തിയത്. 

ദിനേശ് കാര്‍ത്തിക്ക് 36 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്സുമടക്കം 50 റണ്‍സ് നേടി. 28 പന്തില്‍ നാല് ഫോറിന്റേയും ആറ് സിക്സിന്റേയും അകമ്പടിയോടെ 62 റണ്‍സ് അടിച്ചായിരുന്നു റസ്സലിന്റെ വെടിക്കെട്ട്. ഇതോടെ കൊല്‍ക്കത്തയുടെ സ്‌കോര്‍ 150 കടക്കുകയായിരുന്നു. ഇരുവരും ആറാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയ 95 റണ്‍സിന്റെ കൂട്ടുകെട്ട് മത്സരത്തില്‍ നിര്‍ണായകമായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com