ഖേല്‍രത്‌ന പുരസ്‌കാരം; മലയാളി താരം പിആര്‍ ശ്രീജേഷിന്റെ പേര് നിര്‍ദേശിച്ച് ഹോക്കി ഇന്ത്യ

By സമകാലികമലയാളം ഡെസ്‌ക്  |   Published: 01st May 2019 03:36 PM  |  

Last Updated: 01st May 2019 03:36 PM  |   A+A-   |  

prs

 

ന്യൂഡല്‍ഹി: മലയാളി ഹോക്കി താരവും മുന്‍ ഇന്ത്യൻ നായകനുമായ പിആര്‍ ശ്രീജേഷിന് രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന് ശുപാര്‍ശ. രാജ്യത്തെ പരമോന്നത കായിക ബഹുമതിക്ക് ഹോക്കി ഇന്ത്യയാണ് ശ്രീജേഷിന്റെ പേര് നിര്‍ദേശിച്ചത്. 

ലോക ഹോക്കിയിലെ ഏറ്റവും മികച്ച ഗോള്‍ കീപ്പര്‍മാരില്‍ ഒരാളാണ് ശ്രീജേഷ്. 2006ല്‍ ഇന്ത്യക്കായി അരങ്ങേറിയ 30കാരനായ താരം 200ലേറെ മത്സരങ്ങൡ രാജ്യത്തിനായി കളത്തിലിറങ്ങിയിട്ടുണ്ട്. 2008ലെ ജൂനിയര്‍ ഏഷ്യ കപ്പിലെ മികച്ച ഗോള്‍ കീപ്പര്‍, 2013ലെ ഏഷ്യ കപ്പില്‍ ഇന്ത്യ വെള്ളി നേടിയപ്പോള്‍ ടൂര്‍ണമെന്റിലെ മികച്ച ഗോള്‍ കീപ്പര്‍ പുരസ്‌കാരങ്ങളും താരം നേടി. ഇന്ത്യയുടെ 2014, 2018 ലോകകപ്പ് ടീമുകളിലും 2012, 2016 ഒളിമ്പിക്‌സ് ടീമുകളിലും ശ്രീജേഷ് ഇന്ത്യക്കായി കളിച്ചു. 2014ല്‍ ലോകത്തെ ഏറ്റവും മികച്ച പുരുഷ ഗോള്‍ കീപ്പര്‍ക്കുള്ള ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ ഹോക്കിയുടെ പുരസ്‌കാരവും മലയാളി താരം നേടി. 2014ലെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം, 2018ലെ ഏഷ്യന്‍ ഗെയിംസ് വെങ്കലം, 2016, 18 വര്‍ഷങ്ങളിലെ ചാമ്പ്യന്‍സ് ട്രോഫി വെള്ളി നേട്ടങ്ങളിലും ശ്രീജേഷ് ടീമിന്റെ ഭാഗമായി. 2015ല്‍ അര്‍ജുന അവാര്‍ഡും 2017ല്‍ പത്മശ്രീ പുരസ്‌കാരവും ശ്രീജേഷിന് ലഭിച്ചിട്ടുണ്ട്. 

ചിംഗ്ലെന്‍സന സിങ്, അക്ഷദീപ് സിങ്, വനിതാ താരം ദീപിക എന്നിവര്‍ക്ക് അര്‍ജുന അവാര്‍ഡിനായി ഹോക്കി ഇന്ത്യ നിര്‍ദേശിച്ചിട്ടുണ്ട്. ആജീവനാന്ത സംഭാവനകള്‍ക്കുള്ള പുരസ്‌കാരമായ മേജര്‍ ധ്യാന്‍ചന്ദ് അവാര്‍ഡിനായി ആര്‍പി സിങ്, സന്ദീപ് കൗര്‍ എന്നിവരുടെ പേരുകളും ശുപാര്‍ശ ചെയ്തു. മികച്ച പരിശീലകനുള്ള ദ്രോണാചാര്യ പുരസ്‌കാരത്തിന് പരിഗണിക്കാനായി ബല്‍ജീത് സിങ്, ബിഎസ് ചൗഹാന്‍, രമേഷ് പതാനിയ എന്നിവരെയാണ് ഹോക്കി ഇന്ത്യ നിര്‍ദേശിച്ചത്.