ഐപിഎൽ പോര് മുറുകുന്നു; പ്ലേ ഓഫിൽ ശേഷിക്കുന്നത് രണ്ട് സ്ഥാനങ്ങൾ; രം​ഗത്ത് അഞ്ച് ടീമുകൾ

ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ ഒരെണ്ണത്തിൽ വിജയം നേടിയാൽ മുംബൈക്ക് മറ്റ് ടീമുകളെ ആശ്രയിക്കാതെ പ്ലേ ഓഫിലെത്താം
ഐപിഎൽ പോര് മുറുകുന്നു; പ്ലേ ഓഫിൽ ശേഷിക്കുന്നത് രണ്ട് സ്ഥാനങ്ങൾ; രം​ഗത്ത് അഞ്ച് ടീമുകൾ

മുംബൈ: ഐപിഎൽ 12ാം എഡിഷൻ അവേശകരമായി മുന്നേറുകയാണ്. റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂർ ഇത്തവണയും നിരാശ സമ്മാനിച്ച് ഏതാണ്ട് പുറത്തായ മട്ടാണ്. നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സും ഡൽഹി ക്യാപിറ്റൽസും പ്ലേയോഫ് ഉറപ്പിച്ചപ്പോൾ ശേഷിക്കുന്ന രണ്ട് സ്ഥാനത്തേക്ക് അഞ്ച് ടീമുകളാണുള്ളത്. രണ്ട് പ്ലേ ഓഫ് സ്ഥാനങ്ങൾക്ക് വേണ്ടി കടുത്ത പോരാട്ടമാണ് ഇനി നടക്കാനിരിക്കുന്നതെന്ന് ചുരുക്കം.

14 പോയിന്റുമായി സാധ്യതകളിൽ മുന്നിലുള്ളത് മുംബൈ ഇന്ത്യൻസാണ്. ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ ഒരെണ്ണത്തിൽ വിജയം നേടിയാൽ മുംബൈക്ക് മറ്റ് ടീമുകളെ ആശ്രയിക്കാതെ പ്ലേ ഓഫിലെത്താം. രണ്ട് മത്സരങ്ങളും പരാജയപ്പെടുകയാണെങ്കിൽ നെറ്റ് റൺ റേറ്റ് പ്ലേ ഓഫ് സാധ്യതകളെ ആശ്രയിക്കേണ്ടി വരും അവർക്ക്. 

12 പോയിന്റുള്ള ഹൈദരാബാദിനും സമാന അവസ്ഥ തന്നെയാണ്. ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിച്ചാൽ മറ്റുള്ള ടീമുകളെ ആശ്രയിക്കാതെ അവർക്ക് പ്ലേ ഓഫിലെത്താം. നെറ്റ് റൺ റേറ്റ് വളരെ മികച്ചതായതിനാൽ ഹൈദരാബാദിന് ഒരു വിജയവും ചെറിയ തോൽവിയാണെങ്കിലും പ്ലേയോഫ് സാധ്യതകളുണ്ട്.

രാജസ്ഥാൻ റോയൽസിന് 11 പോയിന്റുകളാണുള്ളത്. നിലവിൽ അഞ്ചാം സ്ഥാനത്തുള്ള രാജസ്ഥാന് പ്ലേ ഓഫിലെത്തണമെങ്കിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ അവസാന മത്സരത്തിൽ വിജയിക്കുന്നതിനൊപ്പം, സൺ റൈസേഴ്സ് ഹൈദരാബാദ് അവരുടെ രണ്ട് മത്സരങ്ങളും, പഞ്ചാബ്, കൊൽക്കത്ത ടീമുകൾ ഓരോ മത്സരങ്ങൾ വീതം പരാജയപ്പെടുകയും ചെയ്യണം.

പത്ത് പോയിന്റുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ജയിച്ചാലും നെറ്റ് റൺ റേറ്റാകും പ്ലേയോഫ് സാധ്യതകളുടെ മാനദണ്ഡമാകുക. ഹൈദരാബാദ് ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ പരാജയപ്പെടുകയും, കിങ്സ് ഇലവൻ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ ഒരെണ്ണത്തിൽ പരാജയപ്പെടുകയും ചെയ്താൽ നെറ്റ് റൺ റേറ്റിനെ ആശ്രയിക്കാതെ കൊൽക്കത്തയ്ക്ക് പ്ലേയോഫിലെത്താ‌നുള്ള അവസരവുമുണ്ട്.

കിംഗ്സ് ഇലവൻ പഞ്ചാബിനും പത്ത് പോയിന്റാണുള്ളത്. അവസാന രണ്ട് മത്സരങ്ങൾ ജയിക്കുന്നതിനൊപ്പം, ഹൈദരാബാദ്, കൊൽക്കത്ത, ടീമുകൾ ശേഷിക്കുന്ന മത്സരങ്ങളിൽ പരാജയപ്പെടുകയും ചെയ്താൽ പഞ്ചാബിനും അടുത്ത ഘട്ടത്തിലേക്ക് കടക്കാം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com