കിങ്‌സ് ഇലവന്‍ പഞ്ചാബിനെ സസ്‌പെന്‍ഡ് ചെയ്‌തേക്കും; ടീം സഹ ഉടമ മയക്കുമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ടത് തിരിച്ചടിയാവും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st May 2019 10:43 AM  |  

Last Updated: 01st May 2019 11:20 AM  |   A+A-   |  

neswadia

ടീം സഹ ഉടമ നെസ് വാദിയ മയക്കുമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബിന് മുന്നില്‍ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള തിരിച്ചടികള്‍. മയക്കുമരുന്ന് കൈവശം വെച്ചതിന് രണ്ട് വര്‍ഷത്തേക്കാണ് ജപ്പാന്‍ കോടതി നെസ് വാദിയയെ ശിക്ഷിച്ചിരിക്കുന്നത്. 

എന്നാല്‍ ഐപിഎല്‍ നിയമം അനുസരിച്ച്, കളിക്കളത്തിലെ ഗ്രൗണ്ടിന് പുറത്തോ, ടീമിനോ, ലീഗിനോ, ബിസിസിഐയ്‌ക്കോ മാനക്കേട് ഉണ്ടാക്കുന്ന വിധത്തില്‍ ടീം ഉടമകള്‍ പ്രവര്‍ത്തിക്കുവാന്‍ പാടില്ല. അവിടെ ടീം സഹ ഉടമ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയാല്‍ ടീമിന് സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ നേരിടും.

ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം ഉടമകള്‍ വാദുവെപ്പിലേര്‍പ്പെട്ടു എന്ന കുറ്റത്തിനാണ് ലോധാ പാനല്‍ ടീമിന് രണ്ട് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയത്. ഇവിടെ ടീം സഹ ഉടമ മയക്കുമരുന്നുമായി പിടിക്കപ്പെട്ടാണ് തടവു ശിക്ഷ നേരിടുന്നത്. നെസ് വാദിയ ശിക്ഷിക്കപ്പെട്ടിട്ടും കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ നടപടി എടുത്തില്ലെങ്കില്‍ അവിടെ ബിസിസിഐയുടെ വിവേചനപരമായ നിലപാടാണ് പുറത്തുവരുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ഐപിഎല്‍ ഫ്രാഞ്ചൈസികളോടുള്ള ബിസിസിഐയുടെ മൃദുസമീപനമാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം. 

ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം അംഗങ്ങള്‍ക്ക് മേല്‍ ഒത്തുകളി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നില്ല. എന്നിട്ടും ചെന്നൈയെ വിലക്കിയതാണ് ഇവിടെ ചൂണ്ടിക്കാണിക്കപ്പെടുന്നത്. നെസ് വാദിയയെ അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ പിന്നിടുമ്പോഴും പ്രതികരിക്കാന്‍ ബിസിസിഐ തയ്യാറായിട്ടില്ലെന്നും വിമര്‍ശനം ഉയരുന്നു. സുപ്രീംകോടതി നിയോഗിച്ച ഇടക്കാല ഭരണസമിതിയും മൗനം പാലിക്കുകയാണ്.