തകര്‍ത്തു കളിച്ചത് വെറുതെയല്ല, അവിടെ രോഹിത്തിന് ഒപ്പമെത്തി ധോനി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd May 2019 02:07 PM  |  

Last Updated: 02nd May 2019 02:07 PM  |   A+A-   |  

india5474

 

ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും തിരിച്ചു വരുന്നതിന്റെ വെല്ലുവിളിയൊന്നും ഡല്‍ഹിക്കെതിരെ ഇറങ്ങിയ ധോനിയില്‍ കണ്ടില്ല. ബാറ്റുകൊണ്ടും വിക്കറ്റിന് പിന്നില്‍ നിന്നും തന്ത്രങ്ങള്‍ മെനഞ്ഞും ചെന്നൈയെ തകര്‍പ്പന്‍ ജയത്തിലേക്കാണ് ധോനി എത്തിച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സിനെ 80 റണ്‍സിന് തോല്‍പ്പിച്ച മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് ആയതോടെ ഈ നേട്ടം ഏറ്റവും കൂടുതല്‍ വട്ടം നേടിയതില്‍ രോഹിത്തിനൊപ്പം എത്തി ധോനി. 

ഐപിഎല്ലില്‍ 17 വട്ടം മാന്‍ ഓഫ് ദി മാച്ച് നേട്ടം സ്വന്തമാക്കി രോഹിത്തായിരുന്നു മുന്നില്‍. എന്നാല്‍ ഡല്‍ഹിയെ തറപറ്റിക്കുന്ന കളി പുറത്തെടുത്ത് ധോനിയും ഈ നേട്ടത്തില്‍ രോഹിത്തിനൊപ്പം ചേരുന്നു. 13.3 ഓവറില്‍ ഡുപ്ലസിസ് പുറത്തായതിന് പിന്നാലെയാണ് ധോനി ക്രീസിലേക്ക് എത്തിയത്. സാധാരണ നിലയുറപ്പിക്കുവാന്‍ എടുക്കുന്ന സമയം പോലും ധോനി ക്രീസില്‍ ഡല്‍ഹിക്കെതിരെ എടുത്തില്ല. 

പിച്ചിന്റെ സ്വഭാവം മനസിലാക്കിയ ധോനി ബൗണ്ടറികള്‍ തുടരെ കണ്ടെത്തി. 22 പന്തില്‍ 44 റണ്‍സ് നേടിയ ധോനിയുടെ ഇന്നിങ്‌സും 10 പന്തില്‍ 25 റണ്‍സ് അടിച്ചെടുത്ത ജഡേജയുടെ കളിയും കൂടിയായതോടെ 20 ഓവറില്‍ ചെന്നൈ 179 റണ്‍സിലേക്കെത്തി. കളിയില്‍ ധോനി ചെന്നൈയുടെ ടോപ് സ്‌കോററായതിന് പുറമെ, ശ്രേയസ് അയ്യര്‍, ക്രിസ് മോറിസ് എന്നിവരെ സ്റ്റംപ് ചെയ്ത് പുറത്താക്കുകയും, അമിത് മിശ്രയെ ക്യാച്ചിലൂടെ പുറത്താക്കുകയും ചെയ്തു ധോനി.