15 മിനിറ്റില്‍ ലിവര്‍പൂള്‍ കണ്ട ദുഃസ്വപ്‌നമായിരുന്നു അത്; പക്ഷേ കഴിഞ്ഞ സീസണില്‍ റോമ നല്‍കിയ പാഠം ബാഴ്‌സ മറന്നിട്ടുണ്ടാവില്ല

ആന്‍ഫീല്‍ഡില്‍ തിരിച്ചു വരവിന്റെ വലിയ ചരിത്രമുണ്ട് ലിവര്‍പൂളിന് പറയാന്‍. ബാഴ്‌സയ്ക്ക് മുന്നില്‍ കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിലെ ഓര്‍മയും
15 മിനിറ്റില്‍ ലിവര്‍പൂള്‍ കണ്ട ദുഃസ്വപ്‌നമായിരുന്നു അത്; പക്ഷേ കഴിഞ്ഞ സീസണില്‍ റോമ നല്‍കിയ പാഠം ബാഴ്‌സ മറന്നിട്ടുണ്ടാവില്ല

സുവാരസിനെ പേടിച്ചാണ് റെഡ്‌സ് ന്യൂകാമ്പിലേക്ക് എത്തിയത്. സുവാരസ് വേദനിപ്പിക്കുകയും ചെയ്തു. ഗോള്‍ അടിച്ചാല്‍ അത് ആഘോഷിക്കുക തന്നെ ചെയ്യുമെന്നും സുവാരസ് പറഞ്ഞിരുന്നു. സുവാരസ് അത് തന്നെ ചെയ്തു. ഒരു വര്‍ഷത്തിന് ശേഷം ചാമ്പ്യന്‍സ് ലീഗില്‍ സുവാരസില്‍ നിന്നും വന്ന ഗോള്‍. മെസി ആയിരുന്നു അവരുടെ മറ്റൊരു പേടി. ആ പേടിയിലും അവര്‍ക്ക് തെറ്റിയില്ല. ബാഴ്‌സലോണയില്‍ ലിവര്‍പൂള്‍ കളിക്ക് മുന്നേ എണ്ണിയെണ്ണി പ്രകടിപ്പിച്ച അസ്വസ്ഥതകളെല്ലാം ന്യൂകാമ്പില്‍ തെളിഞ്ഞു നിന്നു. 

മനേ നഷ്ടപ്പെടുത്തിയ സുവര്‍ണാവസരം, സലയെ തടഞ്ഞ സ്റ്റെഗന്‍, കോര്‍ണര്‍ ലക്ഷ്യമിടുന്നതിനിടെ ഗോള്‍കീപ്പറിലേക്കടിച്ച മില്‍നര്‍. ഗോള്‍ വരുന്നു, വരുന്നു എന്ന തോന്നലിലായിരുന്നു ലിവര്‍പൂള്‍.. പക്ഷേ മറുവശത്തോ...മെസിയുടെ മാന്ത്രീകതയും ഭാഗ്യവുമെല്ലാം അവിടെ അരങ്ങു വാണു. 75ാം മിനിറ്റില്‍ ബാറില്‍ തട്ടി വന്ന സുവാരസിന്റെ ഷോട്ട് റിബൗണ്ട് അടിക്കുന്നതില്‍ മെസിക്ക് തെല്ലും പിഴച്ചില്ല. അതുവരെ ബാഴ്‌സയ്‌ക്കൊപ്പം കട്ടയ്ക്ക് നിന്നു കളിച്ച ലിവര്‍പൂളിന് ആ 15 മിനിറ്റ് ദുഃസ്വപ്‌നങ്ങളുടെ തടവറയായി. 

അതിലും മനോഹരമായി ലിവര്‍പൂളിന്റെ നെഞ്ചില്‍ കത്തികുത്തിയിറക്കാന്‍ മെസിയുടെ മാന്ത്രിക കാലുകള്‍ക്കല്ലാതെ മറ്റൊന്നിനും സാധിക്കില്ലെന്ന് 82ാം മിനിറ്റിലെ 30 വാര അകലെ നിന്നുമുള്ള മെസിയുടെ ഫ്രീകിക്ക് ഗോള്‍ കണ്ട് ലോകം പറഞ്ഞു. ബെക്കറുടെ വലതു കൈക്ക് മുകളിലൂടെ പോയ ബ്രില്യന്‍സ് ലിവര്‍പൂളിന്റെ അതുവരെയുള്ള ചെറുത്ത് നില്‍പ്പിനെ ഒന്നാകെ തകര്‍ത്തു കളഞ്ഞു. ലഭിച്ച സുവര്‍ണാവസരം സല ന്യൂകാമ്പില്‍ മുതലാക്കിയിരുന്നു എങ്കില്‍ ആന്‍ഫീല്‍ഡിലെത്തി പകരം വീട്ടാമെന്ന പ്രതീക്ഷ ലിവര്‍പൂളിന് ആരാധകര്‍ക്ക് നല്‍കാമായിരുന്നു. 

കൗശലവും കരുത്തും മുന്നില്‍ വെച്ചായിരുന്നു ലിവര്‍പൂളിന്റെ പ്രതിരോധം. മറ്റിപ്പിന്റെ മികവും, സ്‌പേസ് കണ്ടെത്തി മുന്നേറ്റത്തിന് വഴി ഒരുക്കിക്കൊണ്ടിരുന്ന വിജ്‌നാല്‍ഡത്തിന്റെ കളിയും, ആല്‍ബയേയും, ലെങ്‌ളെറ്റിനേയും വെല്ലുവിളിച്ചുള്ള സലയുടെ പോക്കും, പിക്വെയുടെ പ്രതിരോധത്തില്‍ മനേയ്ക്ക് കിട്ടേണ്ടിയിരുന്ന പെനാല്‍റ്റിയുമെല്ലാമായാണ് ന്യൂകാമ്പില്‍ ലിവര്‍പൂളിന് പറയാനുള്ളത്. 

ഇനി രണ്ട് കളിയാണ് ലിവര്‍പൂളിന് മുന്നിലുള്ളത്. പ്രീമിയര്‍ ലീഗില്‍ ന്യൂ കാസിലിനെതിരെ. ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ബാഴ്‌സയ്‌ക്കെതിരെ. രണ്ടും ഈ സീസണിലെ കിരീട പോരില്‍ നിര്‍ണായകമാവുമ്പോള്‍ അടിമുടി സമ്മര്‍ദ്ദത്തിലാവും ലിവര്‍പൂള്‍ ഇനി. പക്ഷേ ആന്‍ഫീല്‍ഡില്‍ തിരിച്ചു വരവിന്റെ വലിയ ചരിത്രമുണ്ട് ലിവര്‍പൂളിന് പറയാന്‍. ബാഴ്‌സയ്ക്ക് മുന്നില്‍ കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിലെ ഓര്‍മയും, മൂന്ന് ഗോളിന് മുന്നില്‍ നിന്നതിന് ശേഷം രണ്ടാം പാദത്തില്‍ റോമയോട് തോറ്റ് പോവേണ്ടി വന്നത്...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com