2005 മെയ് ഒന്നിന് ആദ്യ ഗോള്‍; 14 വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു മെയ് ഒന്നിന് 600ാം ഗോള്‍; മാന്ത്രികത തുടരുന്ന മെസി (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd May 2019 02:59 PM  |  

Last Updated: 02nd May 2019 02:59 PM  |   A+A-   |  

pLSBpWQF

 

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയുടെ ആദ്യ പാദത്തില്‍ ബാഴ്‌സലോണ സ്വന്തം തട്ടകമായ നൗകാമ്പില്‍ ലിവര്‍പൂളിനെ 3-0ത്തിന് മുക്കി കളഞ്ഞപ്പോള്‍ ഇരട്ട ഗോളുകളുമായി കളം നിറഞ്ഞത് ഇതിഹാസ താരം ലയണല്‍ മെസിയായിരുന്നു. മാന്ത്രിക ഫ്രീകിക്കിലൂടെ ബാഴ്‌സലോണ കുപ്പായത്തിലെ തന്റെ 600ാം ഗോളും മെസി നൗകാമ്പില്‍ കുറിച്ചു. 

കൃത്യം 14 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2005 മെയ് ഒന്നിനാണ് മെസി ബാഴ്‌സലോണയുടെ സീനിയര്‍ ടീമിനായി തന്റെ ആദ്യ ഗോള്‍ നേടിയത്. അന്ന് 17 വയസായിരുന്നു അദ്ദേഹത്തിന്റെ പ്രായം. ഒരു ഇതിഹാസത്തിന്റെ പിറവിക്കാണ് അന്ന് ലോകം സാക്ഷിയായത്. ക്ലബിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്‌കോററെന്ന റെക്കോര്‍ഡും അന്ന് മെസി കുറിച്ചു. ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ നല്‍കിയ പാസില്‍ നിന്നാണ് മെസി തന്റെ ആദ്യ ഗോള്‍ ക്ലബിനായി കുറിച്ചത്. 

കാവ്യനീതി എന്നോണം മറ്റൊരു മെയ് ഒന്നിന് ബാഴ്‌സലോണയ്ക്കായി 600ാം ഗോള്‍ ഫ്രീകിക്കിലൂടെ വലയിലാക്കാന്‍ മെസിക്ക് സാധിച്ചു. നൗകാമ്പില്‍ 82ാം മിനുട്ടില്‍ 20 വാര അകലെ നിന്ന് ലിവര്‍പൂള്‍ കാവല്‍ഭടന്‍മാരെയും അലിസണെയും നിസഹായരാക്കി ഫ്രീകിക്ക് വലയെ ചുംബിച്ചു. 

ബാഴ്‌സക്കായി 683 മത്സരങ്ങളില്‍ നിന്നാണ് മെസി 600 എന്ന മാന്ത്രിക സംഖ്യ തികച്ചത്. 600ല്‍ 491 ഗോളുകളും മെസിയുടെ ഇടംകാലില്‍ നിന്നാണ് പിറന്നത്. 85 എണ്ണം വലംകാലില്‍ നിന്ന് വല തുളച്ചു. ഉയരത്തെ ചാടിത്തോല്‍പിച്ച മികവ് കൊണ്ട് 22 ഗോളുകള്‍ ഹെഡ്ഡറിലൂടെ വലയിലേക്ക് വീഴ്ത്തി. 

ലിവര്‍പൂളിനെതിരായ ഇരട്ട ഗോള്‍ നേട്ടത്തോടെ ചാമ്പ്യന്‍സ് ലീഗില്‍ മെസിയുടെ ഗോള്‍ സമ്പാദ്യം 112 ആയി. 126 ഗോളുകളുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് മുന്നില്‍. ദിവസങ്ങള്‍ക്ക് മുന്‍പ് ക്രിസ്റ്റ്യാനോ തന്റെ ക്ലബ് കരിയറിലെ 600 ഗോളുകള്‍ തികച്ചിരുന്നു.