ഗ്ലൗസണിയുമ്പോഴും ബാറ്റേന്തുമ്പോഴും രഹസ്യ മന്ത്രമുണ്ട്, അത് വെളിപ്പെടുത്തുകയാണ് ധോനി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd May 2019 10:39 AM  |  

Last Updated: 02nd May 2019 10:44 AM  |   A+A-   |  

wicketkeeping

 

ഞാന്‍ പന്തിനെ നിരീക്ഷിക്കും, പിന്നെ പ്രഹരിക്കും. ആ തകര്‍പ്പന്‍ ബാറ്റിങ്ങിന് പിന്നിലെ രഹസ്യ മന്ത്രം ഇതാണ്.  വിക്കറ്റിന് മുന്നിലേയും പിന്നിലേയും മികവിന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍. 20ാം ഓവറില്‍ എന്ത് തരം ഡെലിവറിയാണ് മുന്നിലെത്തുക എങ്കിലും ബാറ്റ് സ്വിങ് ചെയ്യിക്കാന്‍ തയ്യാറായിട്ടാവും എന്റെ നില്‍പ്പ് എന്നാണ്‌ ധോനി പറയുന്നത്. 

അവസാന ഓവറുകളിലെ തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ രഹസ്യം മാത്രമല്ല. വിക്കറ്റിന് പിന്നില്‍ നിന്നും ആരാധകരെ ത്രില്ലടിപ്പിക്കുന്ന മിന്നല്‍ വേഗതയ്ക്ക് പിന്നിലുള്ള രഹസ്യവും ധോനി തുറന്നു പറയുന്നുണ്ട്. ടെന്നീസ് ബോള്‍ ക്രിക്കറ്റാണ് അവിടെ താരം. ക്രീസ് വിട്ടു വന്ന് ഷോട്ട് ഉതിര്‍ക്കാന്‍ എതിരാളികളെ ഭയപ്പെടുത്തുന്ന വിക്കറ്റി കീപ്പിങ്ങിലെ മികവ് ലഭിച്ചത് ടെന്നീസ് ബോള്‍ ക്രിക്കറ്റ് കളിച്ചതിലൂടെയാണെന്നാണ് ധോനി പറയുന്നത്. 

ഞാന്‍ ചെയ്യുന്നത് അനുകരിക്കാന്‍ ശ്രമിക്കുന്നവര്‍ അടിസ്ഥാന പാഠങ്ങളിലാണ് ആദ്യം മികവ് കാണിക്കേണ്ടത്. എന്റേത് പോലെ ചെയ്യാന്‍ ശ്രമിച്ചാല്‍ അബദ്ധങ്ങള്‍ ഒരുപാട് സംഭവിക്കാം. അടിസ്ഥാന പാഠങ്ങളിലെ ഉറപ്പാണ് അവിടെ പ്രധാനപ്പെട്ടത് എന്നും ധോനി ചൂണ്ടിക്കാണിക്കുന്നു. 

പുതിയതായി ക്രീസിലെത്തിയ ഒരു താരത്തിന് അവസാന ഓവറില്‍ സ്‌ട്രൈക്ക് നല്‍കാത്തതിലെ കാരണവും ധോനി വിശദീകരിക്കുന്നു. പുതിയതായി ആ സമയം ക്രീസിലെത്തിയ താരത്തേക്കാള്‍, 10-15 ഡെലിവറി നേരിട്ടു നില്‍ക്കുന്ന ബാറ്റ്‌സ്മാനാവും അവിടെ എളുപ്പമെന്ന് ധോനി പറയുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെ 80 റണ്‍സിന്റെ ജയം പിടിച്ചതിന് പിന്നാലെയായിരുന്നു ധോനിയുടെ വാക്കുകള്‍. 

ഫീല്‍ഡില്‍ ഈര്‍പ്പം അധികമുണ്ടാവില്ലെന്ന് ഞങ്ങള്‍ മനസിലാക്കിയിരുന്നു. ബൗളിങ് തുടങ്ങിയപ്പോള്‍ തുടക്കത്തില്‍ ഹര്‍ഭജന് പന്ത് ടേണ്‍ ചെയ്യിക്കാന്‍ സാധിച്ചില്ല. എന്നാല്‍ അവരുടെ വിക്കറ്റുകള്‍ തുടരെ വീണപ്പോള്‍ പിച്ച് സ്ലോ ആവുകയും, സ്പിന്നര്‍മാര്‍ക്ക് ടേണ്‍ ചെയ്യിക്കാന്‍ സാധിക്കുകയും ചെയ്തുവെന്ന് ധോനി പറഞ്ഞു.

വിക്കറ്റ് വീണതിന് ശേഷമുള്ള താഹിറിന്റെ ആഘോഷത്തെ കുറിച്ചുമുള്ള ധോനിയുടെ വാക്കുകള്‍ ആരാധകരില്‍ കൗതുകം തീര്‍ക്കുകയാണ്. വിക്കറ്റ് വീഴ്ത്തിയതിന് ശേഷം താഹിറിനെ അഭിനന്ദിക്കാന്‍ വരില്ലെന്ന് ഞാനും വാട്‌സനും താഹിറിനോട് പറഞ്ഞിട്ടുണ്ട്. കാരണം ഒരറ്റത്ത് നിന്നും മറുവശത്തേക്കാവും താഹിറിന്റെ ഓട്ടം. ഫിറ്റ്‌നസ് പൂര്‍ണമായും വീണ്ടെടുക്കുവാന്‍ സാധിക്കാത്തതിനാല്‍ എനിക്കും വാട്‌സനും താഹിറിനൊപ്പം ഓടിയെത്തുക ബുദ്ധിമുട്ടാണ്. ആഘോഷം കഴിഞ്ഞ് താഹിര്‍ തിരികെ എത്തിയതിന് ശേഷമാണ് വിക്കറ്റ് വീഴ്ത്തിയതില്‍ ഞങ്ങള്‍ താഹിറിനെ അഭിനന്ദിക്കാറ് എന്നും ധോനി പറയുന്നു.