പച്ച നിറമുള്ള ജേഴ്സി; പാലിച്ചത് ഐസിസി നിർദേശമെന്ന് ബം​ഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്; പുതിയത് ഉടൻ

ദേശീയ പതാകയിലുള്ള ചുവപ്പ് നിറം ജേഴ്സിയിൽ ഇല്ലാതിരുന്നതും പാക്കിസ്ഥാൻ ജേഴ്സിയുമായി സാദൃശ്യമുണ്ടെന്നതും പ്രതിഷേധങ്ങൾക്ക് കാരണമായി‌
പച്ച നിറമുള്ള ജേഴ്സി; പാലിച്ചത് ഐസിസി നിർദേശമെന്ന് ബം​ഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്; പുതിയത് ഉടൻ

ധാക്ക: ലോകകപ്പ് ക്രിക്കറ്റിനായി ബം​ഗ്ലാദേശ് ടീം തയ്യാറാക്കിയ ജേഴ്സി വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. കഴിഞ്ഞ‌ ദിവസമാണ് ജേഴ്സി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പുറത്ത് വിട്ടത്. പച്ച നിറം മാത്രമുള്ള ജേഴ്സിക്കെതിരെ വലിയ വിമർശനമാണ് ബംഗ്ലാദേശിന്റെ ആരാധകർ ഉയർത്തിയത്. തങ്ങളുടെ ദേശീയ പതാകയിലുള്ള ചുവപ്പ് നിറം ജേഴ്സിയിൽ ഇല്ലാതിരുന്നതും പാക്കിസ്ഥാൻ ജേഴ്സിയുമായി സാദൃശ്യമുണ്ടെന്നതും പ്രതിഷേധങ്ങൾക്ക് കാരണമായി‌.

പുതിയ ജേഴ്സിക്കെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. ആരാധകരുടെ പ്രതിഷേധം കനത്തതോടെ പച്ച നിറത്തിലുള്ള ജേഴ്സി മാറ്റി ചുവപ്പ് നിറം കൂടി ഉൾപ്പെടുത്തിയുള്ള പുതിയ ജേഴ്സി പുറത്തിറക്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കുകയും ചെയ്തിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) നിർദേശ പ്രകാരമാണ് ജേഴ്സി നിർമിച്ചിരിക്കുന്നതെന്ന് ബം​​ഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. ജേഴ്സിയിൽ ചുവപ്പ് നിറം ഉപയോ​ഗിക്കരുതെന്ന് ഐസിസി നിർദേശിക്കുകയായിരുന്നു. ചുവപ്പ് നിറം ഉപയോഗിക്കുന്നത് താരങ്ങളുടെ പേരും നമ്പരും വായിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഐസിസി ചൂണ്ടിക്കാട്ടിയെന്നും ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.

പ്രതിഷേധം ഉയർന്ന കാര്യം ബം​ഗ്ലാദേശ് ഐസിസിയെ ധരിപ്പിച്ചിരുന്നു. ഇതോടെ ചുവപ്പ് കളർ ചേർത്ത് പുതിയ ജേഴ്സി തയ്യാറാക്കാൻ അന്താരാഷ്ട്ര സമിതി അനുമതി നൽകിയതായും ബം​ഗ്ലാദേശ് ബോർഡ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com