പ്രതാപം തിരിച്ചുപിടിക്കാൻ; എടികെയ്ക്ക് തന്ത്രം മെനയാൻ സൂപ്പർ പരിശീലകൻ തിരിച്ചെത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd May 2019 05:06 PM  |  

Last Updated: 02nd May 2019 05:06 PM  |   A+A-   |  

cd3c9-15563509308539-800

 

കൊൽക്കത്ത: പ്രഥമ ഐഎസ്എൽ സീസണിൽ തന്നെ കിരീടത്തിലേക്ക് ടീമിനെ എത്തിച്ച സൂപ്പർ പരിശീലകൻ അന്റോണിയോ ഹെബാസിനെ വീണ്ടും മുഖ്യ കോച്ചാക്കി എടികെ. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പരിശീലകനായി ഹെബാസ് വീണ്ടും കൊൽക്കത്ത ടീമിലേക്കെത്തുന്നത്.

2013ലെ ആദ്യ സീസണിൽ അന്നത്തെ അത്‌ലറ്റിക്കോ ‍ഡി കൊൽക്കത്തയായിരുന്ന ഇന്നത്തെ എടികെ സ്പാനിഷ് പരിശീലകനായ ഹെ​ബാസിന്റെ കീഴിലാണ് കേരളാ ബ്ലാസ്റ്റേഴ്സിനെ ഫൈനലിൽ തോൽപ്പിച്ച് കിരീടം ചൂടുന്നത്. തൊട്ടടുത്ത സീസണിലും കൊൽക്കത്ത ക്ലബിനൊപ്പം തുടർന്ന ശേഷം ഹെബാസ് ടീം വിടുകയായിരുന്നു. മറ്റൊരു ഐഎസ്എൽ ടീം പൂനെ സിറ്റിയുടെ പരിശീലകനായിരുന്നു പിന്നീട് ഹെബാസ്. എന്നാൽ ബോർഡ് അം​ഗങ്ങളുമായുള്ള പ്രശ്നത്തെ തുടർന്ന് പൂനെ പരിശീലക സ്ഥാനവും അദ്ദേഹം രാജിവച്ചു.

ഹെബാസ് പോയതിന് ശേഷം ഒരിക്കൽ കൂടി കൊൽക്കത്ത ക്ലബ് 2016ൽ രണ്ടാം തവണയും ഐഎസ്എൽ കിരീടം സ്വന്തമാക്കി. അന്ന് ജോസെ മൊളീനയായിരുന്നു പരിശീലകൻ. പിന്നീട് ടെഡി ഷെറിങ്​ഹാം, ആഷ്ലി വെസ്റ്റ്‌വുഡ്‌, സ്റ്റീവ് കോപ്പൽ തുടങ്ങിയവരൊക്കെ പരിശീലകരായെത്തിയെങ്കിലും ടീമിന്റെ പ്രകടനം മോശമായിക്കൊണ്ടിരുന്നു. ഇതോടെയാണ് വരുന്ന സീസണിൽ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹെബാസിനെ എടികെ വീണ്ടും നിയമിച്ചിരിക്കുന്നത്.