യുവനിരയെ തച്ചുതകര്‍ത്ത് വയസന്‍ പട; ധോനിയും, ജഡേജയും, താഹിറും ആഞ്ഞ് വീശിയപ്പോള്‍ ഡല്‍ഹി നിലംപതിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd May 2019 06:36 AM  |  

Last Updated: 02nd May 2019 06:36 AM  |   A+A-   |  

imran

 

ഐപിഎല്‍ പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോരില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തച്ചുതകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ധോനി ടീമിലേക്ക് തിരിച്ചെത്തിയതിന്റെ കരുത്തില്‍ ഡല്‍ഹിയെ 80 റണ്‍സിന് തോല്‍പ്പിച്ചാണ് ചെന്നൈ ജയം ആഘോഷിച്ചത്. ധോനിയുടേയും, ജഡേജയുടേയും അവസാന ഓവറുകളിലെ വെടിക്കെട്ടും, റെയ്‌നയുടെ അര്‍ധ ശതകവും, ഇമ്രാന്‍ താഹിറിന്റെ തകര്‍പ്പന്‍ ബൗളിങ്ങും കൂടിയായപ്പോള്‍ ഡല്‍ഹിയുടെ യുവനിരയ്ക്ക് പിടിച്ചു നില്‍ക്കുവാനായില്ല. 

180 റണ്‍സ് പിന്തുടര്‍ന്ന് ഇറങ്ങിയ ഡല്‍ഹിക്ക് തിരിച്ചടിയായി പൃഥ്വി ഷായെ ദീപക് ചഹര്‍ ആദ്യ ഓവറില്‍ തന്നെ മടക്കി. രണ്ടാം വിക്കറ്റില്‍ ധവാനും, ശ്രേയസ് അയ്യരും ചേര്‍ന്ന് അവര്‍ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും അവിടെ വില്ലനായി ഹര്‍ഭജന്‍ എത്തി. അഞ്ചാം ഓവറിലെ മൂന്നാമത്തെ പന്തില്‍ ധവാനെ ഭാജി മടക്കിയതോടെ ഡല്‍ഹിയുടെ തകര്‍ച്ച ആരംഭിച്ചു. 

ഇമ്രാന്‍ താഹിറിന് മുന്നില്‍ ബിഗ് ഹിറ്റര്‍ റിഷഭ് പന്ത് വീണു. മൂന്ന് പന്തില്‍ നിന്നും അഞ്ച് റണ്‍സായിരുന്നു പന്തിന്റെ സമ്പാദ്യം. പിന്നാലെ ഇന്‍ഗ്രാമിനെ ജഡേജയും മടക്കി. 10 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ് എന്ന നിലയിലായി ഡല്‍ഹി. അപ്പോഴും വിജയപ്രതീക്ഷ അവര്‍ക്ക് മുന്നിലുണ്ടായി. എന്നാല്‍ തന്റെ മൂന്നാം ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി ഇമ്രാനും, തന്റെ മൂന്നാം ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി ജഡേജയും കരുത്ത് കാട്ടിയപ്പോള്‍ ഡല്‍ഹി ചീട്ടുകൊട്ടാരം പോലെ വീണു. 

ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈയ്ക്ക് തുടക്കത്തിലെ വാട്‌സനെ നഷ്ടപ്പെട്ടു. എന്നാല്‍ റെയ്‌നയുടെ തകര്‍പ്പന്‍ അര്‍ധ ശതകവും, ധോനിയുടേയും ജഡേജയുടേയും റണ്‍സ് വാരിക്കൂട്ടലും അവര്‍ക്ക് പൊരുതാവുന്ന സ്‌കോര്‍ നല്‍കി. അവസാന 10 ഓവറില്‍ 126 റണ്‍സാണ് അവര്‍ അടിച്ചെടുത്തത്.