കുട്ടീഞ്ഞോയ്ക്കെതിരെ കൂവരുതെന്ന് മെസി; ഇതാണ് നായകനെന്ന് ആരാധകര്‍ (വീഡിയോ)
By സമകാലിക മലയാളം ഡെസ്ക് | Published: 03rd May 2019 05:14 PM |
Last Updated: 03rd May 2019 05:14 PM | A+A A- |

മാഡ്രിഡ്: ലിവര്‍പൂളിനെതിരായ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ ഒന്നാം പാദ പോരാട്ടം അവിസ്മരണീയമാക്കിയത് ലയണല്‍ മെസിയുടെ ഇരട്ട ഗോളുകളായിരുന്നു. ബാഴ്സലോണയ്ക്കെതിരെ നൗകാമ്പില്‍ ലിവര്‍പൂള്‍ കട്ടയ്ക്ക് തന്നെ നിന്നപ്പോള്‍ മത്സരം ആവേശകരമായി. എന്നാല്‍ ഇരു ടീമുകളും തമ്മിലുള്ള അന്തരം മെസിയാണെന്ന് പോരാട്ടം അടിവരയിട്ടു.
ഫ്രീകിക്കിലൂടെ തന്റെ രണ്ടാം ഗോളും ടീമിന്റെ മൂന്നാം ഗോളും നേടി മെസി ബാഴ്സയുടെ വിജയം 3-0ത്തിന് ഭദ്രമാക്കി. നിലവില്‍ ബാഴ്സലോണയുടെ ക്യാപ്റ്റന്‍ കൂടിയാണ് മെസി. മത്സരത്തിനിടെ മെസി സ്റ്റേഡിയത്തിലെത്തിയ ആരാധകരെ നോക്കി കാണിച്ച ഒരു ആക്ഷനാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
'Pitos no'. El mensaje de Messi a la afición. #ChampionsMLC pic.twitter.com/QvycsGls6E
— La Casa del Fútbol en Movistar+ (@casadelfutbol) May 1, 2019
75ാം മിനുട്ടിലാണ് മെസി ബാഴ്സയുടെ രണ്ടാം ഗോള്‍ വലയിലാക്കുന്നത്. ലൂയീസ് സുവാരസിന്റെ ഗോള്‍ ശ്രമം പോസ്റ്റില്‍ തട്ടി മടങ്ങിയപ്പോള്‍ പന്ത് നേരെ എത്തിയത് മെസിയുടെ പാകത്തില്‍. പന്ത് സുരക്ഷിതമായി വലയിലാക്കിയ ശേഷം മെസി പതിവ് ഗോള്‍ നേട്ട ആഘോഷങ്ങളിലേക്ക് കടന്നു. അതിനിടെ അദ്ദേഹം ആരാധകരെ നോക്കി കൂവരുതെന്ന് കൈകൊണ്ടു കാണിച്ച ശേഷം കൈയടിക്കാന്‍ അഭിപ്രായപ്പെട്ടു.
ബാഴ്സലോണയുടെ ബ്രസീല്‍ താരം ഫിലിപ്പ് കുട്ടീഞ്ഞോയ്ക്കെതിരെ ആരാധകര്‍ കൂവുന്നത് പാടില്ലെന്ന് സൂചിപ്പിച്ചായിരുന്നു മെസിയുടെ കൈയാംഗ്യം. ലിവര്‍പൂളില്‍ നിന്ന് 2017ല്‍ ബാഴ്സയിലെത്തിയ കുട്ടീഞ്ഞോയ്ക്ക് ടീമില്‍ കാര്യമായ ചലനങ്ങള്‍ ഇതുവരെ സൃഷ്ടിക്കാന്‍ സാധിച്ചിരുന്നില്ല. താരത്തിന്റെ മികവ് സംബന്ധിച്ച് ആരാധകര്‍ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. അതിനിടെയാണ് തന്റെ മുന്‍ ക്ലബിനെതിരെ കളിക്കാനിറങ്ങിയപ്പോള്‍ ആരാധകരുടെ കൂവലിന് കുട്ടീഞ്ഞോ വിധേയനായത്. ഇത് വിലക്കിയായിരുന്നു മെസിയുടെ അഭ്യര്‍ത്ഥന.
എന്തായാലും മെസിയുടെ നീക്കത്തെ അഭിനന്ദിക്കുകയാണ് ഇപ്പോള്‍ ഫുട്ബോള്‍ ലോകം. തന്റെ ടീമിലെ ഒരാള്‍ക്ക് അപമാനം നേരിട്ടപ്പോള്‍ അത് തടയാന്‍ മെസി ശ്രമിച്ചത് നായകനെന്ന നിലയിലെ മെസിയുടെ ഒന്നത്യമാണെന്ന് ആരാധകര്‍ അഭിപ്രായപ്പെട്ടു.