ധോണിയെ കാത്ത് ഈ ഐപിഎല്‍ റെക്കോര്‍ഡ്; മുന്നിലുള്ളത് ദിനേഷ് കാര്‍ത്തിക് മാത്രം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd May 2019 02:47 PM  |  

Last Updated: 03rd May 2019 02:47 PM  |   A+A-   |  

cricket-t20-ind-ipl-kolkata-chennai_658e10f4-6cdc-11e9-adf4-e14f82ec3649

 

ചെന്നൈ: ഐപിഎല്ലില്‍ ഏറ്റവും സ്ഥിരതയുള്ള ടീം ഏതാണെന്ന് ചോദിച്ചാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നാണ് ഉത്തരം. അനുപമമായ റെക്കോര്‍ഡാണ് ടീം ടൂര്‍ണമെന്റില്‍ സ്വന്തമാക്കിയിട്ടുള്ളത്. 2016, 17 വര്‍ഷങ്ങളില്‍ സസ്‌പെന്‍ഷനെ തുടര്‍ന്ന് മാറ്റി നിര്‍ത്തപ്പെട്ടെങ്കിലും കഴിഞ്ഞ സീസണില്‍ തിരിച്ചെത്തി തങ്ങളുടെ മൂന്നാം കിരീടവുമായാണ് മടങ്ങിയത്. കളിച്ച ഒന്‍പത് സീസണുകളില്‍ മൊത്തം മൂന്ന് തവണ ചാമ്പ്യന്‍മാരായ അവര്‍ നാല് തവണ രണ്ടാം സ്ഥാനത്തും എത്തി. കളിച്ച എല്ലാ സീസണിലും അവര്‍ പ്ലേയോഫിലും എത്തി. ഇത്തവണയും ഏറ്റവും ആദ്യം പ്ലേയോഫില്‍ സ്ഥാനമുറപ്പിച്ചതും ചെന്നൈ തന്നെ. 

ചെന്നൈയുടെ ഈ സ്ഥിരതയ്ക്ക് പിന്നില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയാണെന്ന് എല്ലാവര്‍ക്കും അറിയാം. തുടക്കം മുതല്‍ ടീമിന്റെ ക്യാപ്റ്റനായി നില്‍ക്കുന്ന ധോണി ഇത്തവണയും മികച്ച ബാറ്റിങും കീപ്പിങ് മികവും പ്രകടിപ്പിച്ച് ടീമിനെ മുന്നില്‍ നിന്ന് തന്നെ നയിക്കുന്നു. ഇത്തവണ ടീമിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതും ധോണി തന്നെ. 

ഐപിഎല്ലില്‍ നിരവധി റെക്കോര്‍ഡുകളും ആരാധകര്‍ സ്‌നേഹപൂര്‍വം തലയെന്ന വിളിക്കുന്ന ധോണിക്ക് സ്വന്തം. ഇപ്പോഴിതാ മറ്റൊരു റെക്കോര്‍ഡിനരികിലാണ് ധോണി. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പര്‍ എന്ന റെക്കോര്‍ഡിനരികിലാണ് താരം. 186 മത്സരങ്ങളില്‍ നിന്ന് 128 പേരെയാണ് ധോണി ഇതുവരെ പുറത്താക്കിയത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നായകന്‍ ദിനേഷ് കാര്‍ത്തികാണ് ഇക്കാര്യത്തില്‍ ധോണിക്ക് മുന്നിലുള്ളത്. 180 കളികളില്‍ നിന്ന് 130 പേരെയാണ് കാര്‍ത്തിക് പുറത്താക്കിയിരിക്കുന്നത്. കാര്‍ത്തികിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ മൂന്ന് പേരെ പുറത്താക്കിയാല്‍ മതി ധോണിക്ക്. ഈ സീസണില്‍ തന്നെ ധോണി റെക്കോര്‍ഡ് സ്വന്തമാക്കുമെന്ന് ഏതാണ്ടുറപ്പാണ്. കൊല്‍ക്കത്തയുടെ പ്ലേയോഫ് സാധ്യതകള്‍ തുലാസില്‍ നില്‍ക്കുമ്പോള്‍ ധോണിക്ക് മുന്നില്‍ ഇനിയും മത്സരങ്ങളുണ്ട്. 90 ക്യാച്ചുകളും 38 സ്റ്റമ്പിങുകളുമാണ് ധോണിയുടെ പേരില്‍. കാര്‍ത്തിക് 100 ക്യാച്ചും 30 സ്റ്റമ്പിങുമാണ് നടത്തിയിട്ടുള്ളത്. 

ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പേരെ സ്റ്റമ്പിങിലൂടെ പുറത്താക്കിയതിന്റെ റെക്കോര്‍ഡ് ധോണിക്കാണ്. 120 പേരെയാണ് ധോണി മടക്കിയത്. ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പര്‍ എന്ന റെക്കോര്‍ഡില്‍ ധോണി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര, ഓസ്‌ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റ് എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍  പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പര്‍ എന്ന റെക്കോര്‍ഡില്‍ ധോണിയാണ് ഒന്നാമത്. 98 മത്സരങ്ങളില്‍ നിന്ന് 91 പേരെയാണ് ക്യാപ്റ്റന്‍ കൂള്‍ മടക്കിയത്. സമീപ കാലത്തൊന്നും ഈ റെക്കോര്‍ഡ് തകരില്ലെന്നുറപ്പ്. കാരണം രണ്ടാം സ്ഥാനത്തുള്ള പാക്കിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മല്‍ 60 പേരെയാണ് പവലിയനില്‍ എത്തിച്ചത്.