യുഎഇക്കായി തകര്‍ത്തു കളിച്ച കോഴിക്കോട്ടുകാരന് ഇനി ബ്ലാസ്റ്റേഴ്സില്‍; 16ാം വയസില്‍ തന്നെ വിസ്മയിപ്പിച്ച സയിദ് മഞ്ഞക്കുപ്പായത്തില്‍ കളിക്കും
By സമകാലിക മലയാളം ഡെസ്ക് | Published: 03rd May 2019 01:11 PM |
Last Updated: 03rd May 2019 01:11 PM | A+A A- |

യുഎഇയുടെ ജൂനിയര്‍ ടീമിനായി നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങളോടെ വാര്‍ത്തകളില്‍ ഇടം പിടിച്ച കോഴിക്കോട്ടുകാരന് സയിദ് ബിന്‍ വാലീദ് ഇനി കേരള ബ്ലാസ്റ്റേഴ്സില്‍ കളിക്കും. കോഴിക്കോട്ടുകാരനായ മധ്യനിര താരം സയിദ് 2019-20 സീസണില്‍ മഞ്ഞക്കുപ്പായത്തില്‍ കളിക്കാനുണ്ടാവും എന്ന് ക്ലബ് ഔദ്യോഗികമായി അറിയിച്ചു.
മധ്യനിര താരമായ ഇടംകാലന്‍ സയിദിനെ ഇടത് വിങ്ങിലും കളിപ്പിക്കാം. പാസിങ്ങിലും, ഡ്രിബ്ലിങ്ങിലും, പന്ത് നിയന്ത്രിക്കുന്നതിലുമുള്ള സയിദിന്റെ കഴിവ് താരത്തെ ചെറിയ പ്രായത്തില്‍ തന്നെ ശ്രദ്ധേയനാക്കുന്നത്. കോഴിക്കോട്ടുകാരനാണ് എങ്കിലും അബുദാബി കേന്ദ്രീകരിച്ചാണ് സയിദിന്റെ പഠനവും ഫുട്ബോള്‍ പരിശീലനവുമെല്ലാം. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സോസണ്‍ സ്കൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി സ്കൂള്‍ ഓഫ് ഫുട്ബോള്‍ എന്നിവിടങ്ങളില്‍ നിന്നാണ് സയിദ് ഫുട്ബോള്‍ പരിശീലനം നേടിയത്. യുഎഇയുടെ ജൂനിയര്‍ ടീമിന് വേണ്ടി സെവിയ്യ അണ്ടര്‍ 17 ടീമിനെതിരെ ഗോള്‍ വല കുലുക്കിയാണ് സയിദ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. പിഎസ്ജിയുടെ ജൂനിയര്‍ ടീമിനെതിരേയും സയിദ് സ്കോര്‍ ചെയ്തിട്ടുണ്ട്.
NEW SIGNING ALERT!
— Kerala Blasters FC (@KeralaBlasters) May 3, 2019
The Club is delighted to announce that Zayed Bin Waleed is now a Blaster!
Having previously played for the Du LaLiga HPC U-18 Team in UAE, the 17 yr old Calicut born midfielder joins us for the upcoming 2019/20 Season. #SwagathamZayed #KeralaBlasters pic.twitter.com/MT86O9BlES
കേരള ബ്ലാസ്റ്റേഴ്സ് യുവതാരം സഹദ് അബ്ദുല്‍ സമദ് എത്തുന്ന അല്‍ എത്തിഹാദ് സ്പോര്‍ട്സ് അക്കാദമിയില്‍ നിന്നാണ് സയിദും ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത്. ഇന്ത്യയുടെ അണ്ടര്‍ 17 ലോകകപ്പ് ടീമിലേക്ക് സയിദിനെ ഉള്‍പ്പെടുത്തുവാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ പ്രായപരിധിയേക്കാള്‍ 120 ദിവസം ചെറുപ്പമാണ് സയിദ് എന്ന കാരണത്താല്‍ അവസരം നഷ്ടപ്പെട്ടു.