ഇത് എന്റെ അവസാന സീസണ്‍; മധ്യനിര വാഴാന്‍ ഇനി താനുണ്ടാവില്ലെന്ന് സാവി

മൈതാനത്തെ കളി മതിയാക്കുമ്പോഴും ഫുട്‌ബോള്‍ വിട്ട് സാവി പോവുന്നില്ല. പരിശീലകനായി താന്‍ ഫുട്‌ബോളിനൊപ്പം തുടരുമെന്ന് താരം പറയുന്നു
ഇത് എന്റെ അവസാന സീസണ്‍; മധ്യനിര വാഴാന്‍ ഇനി താനുണ്ടാവില്ലെന്ന് സാവി

ഫുട്‌ബോള്‍ മൈതാനത്തിന്റെ മധ്യനിര വാഴാന്‍ ഇനി മുന്‍ ബാഴ്‌സ ഇതിഹാസ താരം സാവിയുണ്ടാവില്ല. കളിക്കാരന്‍ എന്ന നിലയില്‍ തന്റെ അവസാന സീസണാണ് ഇത് എന്ന് സാവി പ്രഖ്യാപിച്ചു കഴിഞ്ഞു. 

മൈതാനത്തെ കളി മതിയാക്കുമ്പോഴും ഫുട്‌ബോള്‍ വിട്ട് സാവി പോവുന്നില്ല. പരിശീലകനായി താന്‍ ഫുട്‌ബോളിനൊപ്പം തുടരുമെന്ന് താരം പറയുന്നു. 39 വയസ് വരെ കളിക്കാനായി എന്നത് വലിയ അനുഗ്രഹമാണ്. 2018-19 സീസണ്‍ കളിക്കാരന്‍ എന്ന നിലയില്‍ എന്റെ അവസാനത്തേതാകും. എന്നാല്‍ പരിശീലകനായി തുടരാന്‍ വരും നാളുകള്‍ എനിക്ക് അവസരം നല്‍കും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് സാവി പറഞ്ഞു. 

ഡച്ച് മുന്‍ ഫുട്‌ബോള്‍ താരവും, പരിശീലകനുമായ ജോഹന്‍ ക്രയ്ഫിന്റെ പാദ പിന്തുടരുകയാണ് തന്റെ ലക്ഷ്യമെന്നും സാവി വ്യക്തമാക്കുന്നു. ശൈശവ ഘട്ടം മുതല്‍ നമ്മള്‍ അതിയായി ഇഷ്ടപ്പെട്ടിരുന്ന പന്ത് കൈവശം വെച്ച് ആക്രമിച്ചു കളിക്കുന്ന ശൈലി കളിക്കളത്തില്‍ കൊണ്ടുവരുന്ന ടീമുകളെയാണ് എനിക്ക് ഇഷ്ടമെന്ന് സാവി പറയുന്നു. 

1991-92 സീസണിലാണ് സാവി ബാഴ്‌സയിലേക്ക് എത്തുന്നത്, ബാഴ്‌സയുടെ അണ്ടര്‍ 12 ടീമിലേക്ക്. പിന്നെ 1995 മുതല്‍ 2015 വരെ ബാഴ്‌സയായിരുന്നു സാവിക്ക് എല്ലാം. 767 വട്ടം ബാഴ്‌സയ്ക്കായി ഇറങ്ങി ഏറ്റവും കൂടുതല്‍ കളികള്‍ ബാഴ്‌സയ്ക്കായി കളിക്കുന്ന താരമെന്ന റെക്കോര്‍ഡും തീര്‍ത്താണ് 2015ല്‍ സാവി ന്യൂകാമ്പ് വിടുന്നത്. 85 വട്ടം സാവി ഈ കാലത്ത് ഗോള്‍ വല കുലുക്കി. 

25 കിരീട നേട്ടങ്ങളാണ് സാവിയുടെ അക്കൗണ്ടിലുള്ളത്. എട്ട് ലാലീഗ, മൂന്ന് കോപ ഡെല്‍ റേ, നാല് ചാമ്പ്യന്‍സ് ലീഗ്, രണ്ട് ഫിഫ വേള്‍ഡ് കപ്പ്, ആറ് സ്പാനിഷ് സുപ്പര്‍ കപ്പ്, രണ്ട് യുവേഫ സൂപ്പര്‍ കപ്പ് എന്നിവയില്‍ സാവി മുത്തമിട്ടു. 2010ല്‍ സ്‌പെയിന്‍ ലോക കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ സാവിയുടെ കളി നിര്‍ണായകമായി. 2014 ലോകകപ്പിലെ മോശം പ്രകടനത്തോടെ ദേശീയ കുപ്പായം സാവി അയച്ചു. നിലവിലെ തന്റെ ടീമായ അല്‍ സാദിനെ ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ സാവി കിരീടം ചൂടിച്ചിരുന്നു. എമിര്‍ കപ്പ് ഫൈനലിലേക്കും അല്‍ സാദിനെ സാവി എത്തിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com