ചെന്നൈ-ഡല്‍ഹി മത്സരത്തിനിടെ വാതുവയ്പ്പ്; രണ്ട് പേര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd May 2019 12:46 PM  |  

Last Updated: 03rd May 2019 12:46 PM  |   A+A-   |  

Shreyas-Iyer-with-MS-Dhoni

മുംബൈ: ഐപിഎല്‍ വാതുവയ്പ്പിലേര്‍പ്പെട്ട രണ്ട് പേര്‍ അന്ദേരിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും പിടിയില്‍. ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരനും സഹായിയുമാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ക്രൈം ബ്രാഞ്ചാണ് റിഷി ദരിയനാനി(40), മഹേഷ് ഖേലാമ(39) എന്നിവരെ പിടികൂടിയത്. 

വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയിട്ടാണ് ഇവര്‍ വാതുവയ്പ്പ് നടത്തിയത്. വാതുവെപ്പില്‍ തത്പര്യം ഉള്ളവര്‍ക്ക് ഇവരില്‍ നിന്നും പണം കൈപറ്റിയതിന് ശേഷം ഇവര്‍ യുസര്‍ നെയിമും പാസ് വേര്‍ഡും നല്‍കും. ചെന്നൈ സൂപ്പര്‍ കിങ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിനിടെ ഇവര്‍ വാതുവയ്പ്പ് നടത്തിയതായി പൊലീസ് പറയുന്നു. 

കോടതിയില്‍ ഹാജരാക്കിയ ഇവരെ മെയ് ആറ് വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇവരില്‍ നിന്ന് രണ്ട് ലാപ്‌ടോപും ഏഴ് മൊബൈല്‍ ഫോണും കണ്ടെടുത്തു. 6.95 ലക്ഷം രൂപ മൂല്യം വരുന്ന ഹോങ്കോങ് കറന്‍സികളും പിടിച്ചെടുത്തിട്ടുണ്ട്. ഹോംങ്കോങ്ങില്‍ താമസമാക്കിയ ഇവര്‍ ഐപിഎല്‍ വാതുവെപ്പിനായി മാത്രമാണ് മുംബൈയില്‍ എത്തിയിരുന്നത്.