ഡ‍ൽഹിക്ക് കനത്ത തിരിച്ചടി; ദക്ഷിണാഫ്രിക്കയ്ക്കും ആശങ്ക; പരുക്കേറ്റ് റബാഡ പുറത്ത്

ഈ സീസണിൽ അവരുടെ മുന്നേറ്റത്തെ കാര്യമായി തുണച്ചത് ദക്ഷിണാഫ്രിക്കൻ യുവ പേസർ ക​ഗിസോ റബാഡയുടെ മിന്നും ഫോമായിരുന്നു
ഡ‍ൽഹിക്ക് കനത്ത തിരിച്ചടി; ദക്ഷിണാഫ്രിക്കയ്ക്കും ആശങ്ക; പരുക്കേറ്റ് റബാഡ പുറത്ത്

ന്യൂഡൽഹി: ഐപിഎല്ലിൽ കഴിഞ്ഞ  11 സീസണുകൾക്കിടെ മൂന്ന് തവണ മാത്രം പ്ലേയോഫിലെത്തിയ ടീമാണ് ഡൽഹി ക്യാപിറ്റൽസ്. അസ്ഥിരമായ പ്രകടനങ്ങളാണ് എക്കാലത്തും അവർക്ക് വിനയായിട്ടുള്ളത്. എന്നാൽ ഇത്തവണ യുവ താരങ്ങളുടെ കരുത്തിൽ അവർ പ്ലേയോഫ് ഉറപ്പാക്കി കഴിഞ്ഞു. ഈ സീസണിൽ അവരുടെ മുന്നേറ്റത്തെ കാര്യമായി തുണച്ചത് ദക്ഷിണാഫ്രിക്കൻ യുവ പേസർ ക​ഗിസോ റബാഡയുടെ മിന്നും ഫോമായിരുന്നു. ഐപിഎല്‍ 12ാം സീസണിലെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനും റബാഡ തന്നെയാണ്. 12 മത്സരങ്ങളില്‍ നിന്ന് 25 വിക്കറ്റാണ് റബാഡയുടെ സമ്പാദ്യം. 

എന്നാൽ അടുത്ത ഘട്ടമുറപ്പാക്കിയിരിക്കുന്ന ഡൽഹിക്ക് കനത്ത തിരിച്ചടി നൽകുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പരുക്കേറ്റ് റബാഡ പുറത്തായതാണ് ടീമിന് തിരിച്ചടിയായിരിക്കുന്നത്. പുറംവേദനയാണ് താരത്തിന് വിനയായത്. ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ റബാഡയുടെ പരുക്ക് ദക്ഷിണാഫ്രിക്കയ്ക്കും ആശങ്ക നൽകുന്നതാണ്. താരത്തോട് തിരികെയെത്താന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശിച്ചു. 

ഐപിഎല്ലില്‍ ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ അവസാന ലീഗ് മത്സരവും പ്ലേ ഓഫ് മത്സരങ്ങളും റബാഡയ്‌ക്ക് നഷ്ടമാകും. ഡൽഹിയില്‍ റോയല്‍ ചല‌‌ഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലാണ് റബാഡ പരിക്കിന്‍റെ ലക്ഷണങ്ങള്‍ ആദ്യം കാണിച്ചത്. പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തില്‍ താരം കളിച്ചില്ല. ഇതിന് പിന്നാലെ റബാഡയെ സ്‌കാനിങിന് വിധേയനാക്കിയിരുന്നു. ഇതോടെയാണ് പരുക്ക് സ്ഥിരീകരിച്ചത്. ആവശ്യമായ വിശ്രമം താരത്തിന് ഉറപ്പു വരുത്തുന്നതിന്റെ ഭാ​ഗമായാണ് ​ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർ‍‍ഡ് റബാഡയോട് തിരികെ നാട്ടിലെത്താൻ നിർദേശിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com