പിഎസ്ജിക്ക് വീണ്ടും തിരിച്ചടി; അപകടകരമായ ടാക്ലിങ് നടത്തിയതിന് എംബാപ്പെയ്ക്ക് വിലക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd May 2019 09:56 PM  |  

Last Updated: 03rd May 2019 09:56 PM  |   A+A-   |  

20190220T222858Z_1_LYNXNPEF1J1XT_RTROPTP_4_SOCCERFRAMCEPSGMPL

 

പാരിസ്: പാരിസ് സെന്റ് ജെർമെയ്ന്റെ ഫ്രാഞ്ച് താരം കെയ്ലിയൻ എംബാപ്പെയ്ക്ക് മൂന്ന് മത്സരങ്ങളിൽ വിലക്ക്. ഫ്രഞ്ച് കപ്പ് ഫൈനലില്‍ മാരകമായ ടാക്ലിങ് നടത്തിയതിനാണ് വിലക്ക്. റെനെയ്‌സിനെതിരായ മത്സരത്തിലായിരുന്നു എംബാപ്പെയുടെ ടാക്ലിങ്. ഡിഫന്‍ഡര്‍ ഡാമിയന്‍ ഡാ സില്‍വയുടെ മുട്ടില്‍ ചവിട്ടിയതിനെ തുടര്‍ന്ന് റഫറി എംബാപ്പെയ്ക്ക് ചുവപ്പു കാര്‍ഡ് നല്‍കിയിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോഴത്തെ നടപടി. ഇതേ മത്സരത്തില്‍ ആരാധകന്റെ മുഖത്തടിച്ച പിഎസ്ജിയുടെ ബ്രീസിലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ക്കെതിരേ ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന്‍ അച്ചടക്ക നടപടിയാരംഭിച്ചിട്ടുണ്ട്. 

അടുത്തിടെ പിഎസ്ജിയുടെ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ തോല്‍വിയെ തുടര്‍ന്ന് റഫറിയെ അധിക്ഷേപിച്ചതിന് നെയ്മര്‍ക്ക് മൂന്ന് ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങളില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ആരാധകനെ തല്ലിയ വിഷയത്തിലും താരം വിലക്കടക്കമുള്ള നടപടികൾ നേരിടേണ്ടി വരുമെന്ന അവസ്ഥയാണ്.  

അതേസമയം ആരാധകന്‍ പിഎസ്ജിയുടെ നിരവധി താരങ്ങളെ അധിക്ഷേപിച്ചതായി ഓണ്‍ലൈന്‍ വീഡിയോയില്‍ വ്യക്തമാണ്. റണ്ണേഴ്സപ്പ് മെഡല്‍ സ്വീകരിക്കാന്‍ താരങ്ങള്‍ വരുമ്പോൾ 'ഫുട്ബോള്‍ എങ്ങനെ കളിക്കണമെന്ന് പോയി പഠിച്ചിട്ട് വാ' എന്ന് ആരാധകൻ നെയ്മറോട് പറയുന്നത് വീഡിയോയിൽ വ്യക്തമാകുന്നുണ്ട്.