ബൗളര്‍ക്കൊപ്പമോ? ബാറ്റ്‌സ്മാനെ തുണയ്ക്കുമോ? ഇംഗ്ലണ്ടിലെ പിച്ചുകള്‍ ആര്‍ക്കൊപ്പം നില്‍ക്കും? സച്ചിന്‍ പറയുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd May 2019 10:46 AM  |  

Last Updated: 03rd May 2019 10:46 AM  |   A+A-   |  

sachinengland

 

മുംബൈ: ഇംഗ്ലണ്ടും, ഓസ്‌ട്രേലിയയുമാണ് ലോകകപ്പിലെ ഫേവറിറ്റുകള്‍ എന്ന വിലയിരുത്തല്‍ ശക്തമായി വരികയാണ്. പക്ഷേ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ഒരു സംശയവുമില്ല, ലോക കിരീടം ഇന്ത്യയിലേക്ക് വരികയാണ് എന്ന് പറയാന്‍. ഇംഗ്ലണ്ടില്‍ കോഹ് ലിയും സംഘവും കിരീടം പിടിക്കുമെന്നാണ് സച്ചിന്‍ പറയുന്നത്. 

ഇന്ത്യയിലേക്കാവും ലോകകപ്പ് വരിക. തന്റെ മിഡിലെക്‌സ് ഗ്ലോബല്‍ അക്കാദമിയില്‍ കുരുന്നുകളോട് ക്രിക്കറ്റ് വിശേഷങ്ങള്‍ പങ്കുവയ്ക്കവെയാണ് ലോക കിരീടം ഇന്ത്യയിലേക്ക് തന്നെ വരുമെന്ന് സച്ചിന്‍ പറഞ്ഞത്. ചൂടുകൂടിയെ വേനല്‍ക്കാലത്താണ് ലോകകപ്പ്. കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫി എടുത്ത് നോക്കിയാല്‍ ഇംഗ്ലണ്ടിലെ പിച്ചിന്റെ മികവ് മനസിലാക്കാം. ചൂട് കൂടുമ്പോള്‍ വിക്കറ്റ് കൂടുതല്‍ ഫഌറ്റ് ആവും. ബാറ്റിങ്ങിനെ തുണയ്ക്കുന്ന മനോഹരമാ വിക്കറ്റാവും അവര്‍ നമുക്ക് തരിക എന്നും സച്ചിന്‍ പറയുന്നു. 

സീമര്‍മാര്‍ക്ക് ആനുകൂല്യം കൊടുക്കുന്ന സാഹചര്യമാണ് ഇംഗ്ലണ്ടിലെ പിച്ചുകളില്‍ പൊതുവെ കാണാറ്. എന്നാല്‍ ലോകകപ്പില്‍ ചൂട് കൂടിയ സമയങ്ങളില്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് വലിയ ബുദ്ധിമുട്ട് നേരിടില്ലെന്ന് സച്ചിന്‍ പറയുന്നു. മങ്ങിയ കാലാവസ്ഥയാവും പ്രശ്‌നം തീര്‍ക്കുക. മൂടിക്കെട്ടിയ കാലാവസ്ഥയില്‍ പന്തില്‍ വേരിയേഷനുകള്‍ വരാം. അത് ലോകത്തിന്റെ ഏത് ഭാഗത്ത് കളിച്ചാലും അങ്ങനെ സംഭവിക്കാം. എന്നാല്‍ അത് ദീര്‍ഘനേരം തുടരും എന്ന് എനിക്ക് തോന്നുന്നില്ല. ഏതാനും ഓവറുകളില്‍ മാത്രമായിരിക്കും ആ ആനുകൂല്യം ബൗളര്‍മാര്‍ക്ക് ലഭിക്കുക എന്നും സച്ചിന്‍ വിലയിരുത്തുന്നു. 

ഇന്ത്യ കിരീടം നേടുമെന്ന് പറയുമ്പോള്‍, ലോകകപ്പ് സെമിയില്‍ ഇന്ത്യ ഉറപ്പായം എത്തുമെന്നായിരുന്നു നേരത്തെ ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയില്‍ നിന്നും വന്ന പ്രതികരണം. ഇന്ത്യയ്‌ക്കൊപ്പം ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്താന്‍ എന്നീ ടീമുകളും സെമിയിലേക്ക് എത്തുമെന്ന് ഗാംഗുലി പ്രവചിക്കുന്നു.