രാഹുല്‍ ദ്രാവിഡിനെ ശ്രീശാന്ത് പരസ്യമായി അപമാനിച്ചിട്ടുണ്ട്; വെളിപ്പെടുത്തലുമായി രാജസ്ഥാന്‍ റോയല്‍സ് മുന്‍ പരിശീലകന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd May 2019 11:45 AM  |  

Last Updated: 03rd May 2019 11:49 AM  |   A+A-   |  

sreesanth58

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിനെ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് പരസ്യമായി അധിക്ഷേപിച്ചിരുന്നു എന്ന വെളിപ്പെടുത്തലുമായി രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍ പരിശീലകന്‍ പാഡി അപ്ടന്‍. വാതുവെപ്പ് കേസില്‍ ശ്രീശാന്ത് ഉള്‍പ്പെടെ മൂന്ന് കളിക്കാരെ അറസ്റ്റ് ചെയ്യുന്നതിന് 24 മണിക്കൂര്‍ മുന്‍പ് ശ്രീശാന്തിനെ മോശം പെരുമാറ്റത്തിന്റെ പേരില്‍ ടീമില്‍ നിന്നും പുറത്താക്കിയിരുന്നതായി അദ്ദേഹം പറയുന്നു. തന്റെ ആത്മകഥയായ ബെയര്‍ഫൂട്ട് കോച്ച് എന്ന ബുക്കിലാണ് ശ്രീശാന്തിനെതിരായ അപ്ടണിന്റെ വെളിപ്പെടുത്തല്‍. 

എന്നാല്‍ അപ്ടണ്‍ നുണയനാണെന്നാണ് ഈ ആരോപണങ്ങളെ കുറിച്ച് ചോദ്യം ഉയര്‍ന്നപ്പോള്‍ ശ്രീശാന്ത് പ്രതികരിച്ചത്. ദ്രാവിഡിനോട് ഒരിക്കല്‍ പോലും മോശമായി താന്‍ പെരുമാറിയിട്ടില്ലെന്ന് ശ്രീശാന്ത് പറയുന്നു. പ്രശസ്തിക്ക് വേണ്ടിയാണ് അപ്ടണ്‍ ഇപ്പോള്‍ ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഒപ്പം കളിച്ച എല്ലാവരേയും ബഹുമാനിക്കുകയേ ചെയ്തിട്ടുള്ളു ഞാന്‍. ഈ നിമിഷം വരെ ദ്രാവിഡിനോട് എനിക്ക് ബഹുമാനം മാത്രമേയുള്ളു. മറ്റുള്ളവരെ സന്തോഷിപ്പിക്കുവാന്‍ അപ്ടന്‍ സ്വയം തന്നെ തന്നെ വില്‍ക്കുകയാണ് ചെയ്യുന്നത് എന്നും ശ്രീശാന്ത് ആരോപിക്കുന്നു.

വാദുവെപ്പ് കേസില്‍ അറസ്റ്റിലായ ശ്രീശാന്ത്, അജിത് ചന്ദില, അങ്കിത് ചവാന്‍ എന്നിവര്‍ തമ്മില്‍ സംശയാസ്പദമായ ഇടപെടലുകള്‍ ഉണ്ടാവുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് അപ്ടണ്‍ പറയുന്നു. മെയ് 16, 2013ല്‍ ശ്രീശാന്തും ടീമിലെ മറ്റ് രണ്ട് കളിക്കാരും അറസ്റ്റ് ചെയ്യപ്പെടുന്നതിന് 24 മണിക്കൂര്‍ മുന്‍പ്, തുടരെയുണ്ടായ ശ്രീശാന്തിന്റെ മോശം പെരുമാറ്റത്തിന്റെ പേരില്‍ താരത്തെ ടീമില്‍ നിന്നും പുറത്താക്കി വീട്ടിലേക്ക് അയച്ചിരുന്നു. 

താനും, രാഹുല്‍ ദ്രാവിഡും ഉള്‍പ്പെടുന്ന ടീം അംഗങ്ങളുടെ മുന്നില്‍ വെച്ച് മോശമായി പലപ്പോഴും ശ്രീശാന്ത് സംസാരിച്ചു. 2013ല്‍  മുംബൈ ഇന്ത്യന്‍സിനെതിരായ ഒരു മത്സരത്തില്‍ നിന്നും ശ്രീശാന്തിനെ ഒഴിവാക്കി എന്ന പേരിലായിരുന്നു ഇതെന്ന് രാജസ്ഥാന്‍ മുന്‍ പരിശീലകന്‍ തന്റെ ബുക്കില്‍ എഴുതുന്നു.  

രാജസ്ഥാന്‍ സ്‌ക്വാഡില്‍ 24 അംഗങ്ങളുണ്ട്. അതില്‍ 13 കളിക്കാരോയും നിങ്ങള്‍ പ്ലേയിങ് ഇലവനില്‍ ഇല്ല എന്ന് ഞങ്ങള്‍ക്ക് പറയേണ്ടി വരാറുണ്ട്. എന്നാല്‍ അവരാരും ശ്രീശാന്ത് പൊട്ടിത്തെറിച്ചത് പോലെ പ്രതികരിക്കാറില്ലെന്ന് അപ്ടണ്‍ പറയുന്നു. മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ ശ്രീശാന്തിനേയും, ചന്ദിലയേയും ഞങ്ങള്‍ ഒഴിവാക്കി. അതോടെ അവരുടെ ഒത്തുകളിയിലെ ഇടനിലക്കാരനെ ബന്ധപ്പെടുന്നതിനായി ടീമിലെ മൂന്നാമതൊരാളെ അവര്‍ക്ക് വേണ്ടി വന്നു. അങ്കിത് ചവാനെയാണ് അവര്‍ കണ്ടെത്തിയത് ബുക്കില്‍ പറയുന്നു.