താങ്കളെ ഞാൻ തന്നെ ഒരു മാനസിക രോഗ വിദഗ്ധനെ കാണിക്കാം; അഫ്രീദിക്ക് ചുട്ട മറുപടി നൽകി ​ഗംഭീർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th May 2019 03:13 PM  |  

Last Updated: 04th May 2019 03:13 PM  |   A+A-   |  

file756vpwl546g15aolnc0p-1556900542

 

ന്യൂഡൽ​ഹി: മുൻ പാക്കിസ്ഥാൻ നായകൻ ഷാഹിദ് അഫ്രീദിയുടെ ആത്മകഥ ​ഗെയിം ചേഞ്ചർ വലിയ വിവാദങ്ങളാണ് സൃഷ്ടിക്കുന്നത്. അരങ്ങേറ്റ മത്സരത്തിൽ 37 പന്തിൽ സെഞ്ച്വറിയടിക്കുമ്പോൾ തന്റെ പ്രായം 17 വയസായിരുന്നില്ലെന്നും അന്ന് പറഞ്ഞത് കള്ളമായിരുന്നുവെന്നും പുസ്തകത്തിൽ പരാമർശമുണ്ടായിരുന്നു. ഇത് വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടത്. പിന്നാലെ മുൻ ഇന്ത്യൻ ഓപണർ താരം ​​ഗൗതം ​ഗംഭീറിനെയും അഫ്രീദി പുസ്തകത്തിൽ വിമർശിക്കുന്നു. ഇതിന്  മറുപടിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ ​ഗംഭീർ. തന്റെ ട്വിറ്ററിലൂടെയാണ് അഫ്രീദിക്ക് ​ഗംഭീർ മറുപടി നൽകിയത്. 

ഗ്രൗണ്ടില്‍ എപ്പോഴും ഗംഭീര്‍ ഡോണ്‍ ബ്രാഡ്മാനും ജെയിംസ് ബോണ്ടും ചേര്‍ന്നാലുള്ള മനുഷ്യനെപ്പോലെയാണ് പെരുമാറുകയെന്നും ചൂടന്‍ എന്നാണ് ഇത്തരക്കാരെ തങ്ങള്‍ വിളിക്കുകയെന്നും ആത്മകഥയില്‍ അഫ്രീദി എഴുതിയിരുന്നു. കാര്യങ്ങള്‍ വളരെ ലളിതമാണ്. എനിക്കിഷ്ടം സന്തോഷത്തോടെ പോസറ്റീവ് ആയി പെരുമാറുന്ന ആളുകളെയാണ്. അവര്‍ ഗ്രൗണ്ടില്‍ അക്രമണോത്സുകരായിക്കോട്ടെ എന്നാലും കുഴപ്പമില്ല. എന്നാല്‍ ഗംഭീര്‍ വളരെ നെഗറ്റീവ് സമീപനമുള്ള വ്യക്തിയായിരുന്നു എന്നും അഫ്രീദി പുസ്തകത്തില്‍ വ്യക്തമാക്കിയിരുന്നു.

അഫ്രീദിയുടെ പരാമര്‍ശങ്ങള്‍ക്ക് ട്വിറ്ററിലൂയടെയാണ് ഗംഭീര്‍ മറുപടി നല്‍കിയത്. താങ്കള്‍ വളരെ സന്തോഷമുള്ള ആളാണല്ലേ, എന്തായാലും മെഡിക്കല്‍ ടൂറിസത്തിന്റെ ഭാഗമായി ഞങ്ങള്‍ ഇപ്പോഴും പാക്കിസ്ഥാന്‍കാര്‍ക്ക് വിസ അനുവദിക്കുന്നുണ്ട്. താങ്കള്‍ വരികയാണെങ്കില്‍ ഞാന്‍ തന്നെ താങ്കളെ ഒരു മാനസികരോഗ വിദഗ്ധനെ കാണിക്കാം എന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്. ഗ്രൗണ്ടില്‍ മുമ്പും ഇരുവരും തമ്മില്‍ രൂക്ഷമായ ഭാഷയില്‍ വാക്കു തര്‍ക്കമുണ്ടായിട്ടുണ്ട്.