ഫീല്‍ഡിലും അതൃപ്തി പരസ്യമാക്കി കൊല്‍ക്കത്ത താരങ്ങള്‍; ടൈംഔട്ടിനിടയില്‍ ശകാരവുമായി കാര്‍ത്തിക്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th May 2019 10:38 AM  |  

Last Updated: 04th May 2019 10:38 AM  |   A+A-   |  

dineshkarthik

 

തുടര്‍ച്ചയായി ആറ് മത്സരങ്ങള്‍ തോറ്റതിന് പിന്നാലെ കളിച്ച അഞ്ചില്‍ നാലിലും കൊല്‍ക്കത്ത ജയം പിടിച്ചിരുന്നു. പക്ഷേ അപ്പോഴേക്കും കൊല്‍ക്കത്ത ഡ്രസിങ് റൂമിലെ അസ്വാരസ്യങ്ങള്‍ മറനീക്കി പുറത്തു വരാന്‍ തുടങ്ങി. അതൃപ്തി പ്രസ് കോണ്‍ഫറന്‍സില്‍ റസല്‍ തുറന്നു പ്രകടിപ്പിച്ചതിന് പിന്നാലെ കളിക്കളത്തിലും ടീം അംഗങ്ങള്‍ ചേരി തിരിയുന്നതാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ കണ്ടത്. 

കിങ്‌സ് ഇലവന്‍ ബാറ്റ് ചെയ്യുമ്പോള്‍ ഫീല്‍ഡില്‍ നായകന്‍ ദിനേശ് കാര്‍ത്തിക്കിനോടുള്ള അതൃപ്തി സുനില്‍ നരെയ്ന്‍ പരസ്യമായി തന്നെ പ്രകടിപ്പിച്ചു. വിന്‍ഡിസ് ടീമിലെ തന്റെ സഹതാരമായ നിക്കോളാസ് പൂരന്‍ ആക്രമിച്ച് കളിക്കാന്‍ തുടങ്ങിയപ്പോള്‍ ബൗള്‍ ചെയ്യാന്‍ തന്നെ അനുവദിക്കാതിരുന്നതാണ് നരെയ്‌നിനെ പ്രകോപിപ്പിച്ചത്. 

നരെയ്‌നിന് പന്ത് നല്‍കാന്‍ തയ്യാറാവാതിരുന്ന കാര്‍ത്തിക്കിന്റെ നീക്കത്തിനെതിരായ എതിര്‍പ്പ് റോബിന്‍ ഉത്തപ്പയിലും പ്രകടമായിരുന്നു. തന്റെ ആദ്യ ഓവറില്‍ തന്നെ പീയുഷ് ചൗള 14 റണ്‍സാണ് വഴങ്ങിയത്. അതിന് പിന്നാലെ വന്ന ടൈം ഔട്ടിന് ഇടയില്‍ ഗ്രൗണ്ടില്‍ കളിക്കാരെയെല്ലാം ചേര്‍ത്ത് നിര്‍ത്തി കാര്‍ത്തിക് കാര്‍ത്തിക് രോഷത്തോടെ പ്രതികരിച്ചു. ഈ സമയവും റസല്‍, ഉത്തപ്പ, നരെയ്ന്‍ എന്നിവരുടെ മുഖത്ത് അതൃപ്തി പ്രകടമായിരുന്നു. 

തെറ്റായ തീരുമാനങ്ങളാണ് ടീമിനെ തുടര്‍ തോല്‍വികളിലേക്ക് നയിക്കുന്നത് എന്ന വിമര്‍ശനമാണ് രാജസ്ഥാനെതിരായ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ റസല്‍ ഉയര്‍ത്തിയത്. ബൗളിങ് ഓപ്ഷനുകളിലെല്ലാം തീരുമാനം എടുക്കുന്നതില്‍ ടീമിന് പിഴച്ചുവെന്നും, ടീമിന്റെ തോല്‍വികള്‍ക്ക് പിന്നില്‍ ബൗളര്‍മാരാണ് എന്നും റസല്‍ ആരോപിച്ചിരുന്നു.