വൻമതിലായി ശുഭ്മാൻ ​ഗിൽ, പഞ്ചാബിനെതിരെ കൊൽക്കൊത്തയ്ക്ക് ഏഴുവിക്കറ്റ് ജയം

ടോസ് നേടി ബാറ്റിങിന് ഇറങ്ങിയെങ്കിലും പഞ്ചാബിനെ ഭാ​ഗ്യം തുണച്ചില്ല. 20 ഓവറില്‍ ആറുവിക്കറ്റിന് 183 റണ്‍സായിരുന്നു പഞ്ചാബ് നേടിയത്.
വൻമതിലായി ശുഭ്മാൻ ​ഗിൽ, പഞ്ചാബിനെതിരെ കൊൽക്കൊത്തയ്ക്ക് ഏഴുവിക്കറ്റ് ജയം

മൊഹാലി : കിങ്‌സ് ഇലവന്‍ പഞ്ചാബിനെ ഏഴുവിക്കറ്റിന് തകർത്തെറിഞ്ഞ കൊൽക്കൊത്തയുടെ ഇന്നത്തെ താരം ശുഭ്മാൻ ​ഗില്ലാണ്. 184 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്തയെ  12 പന്ത് ബാക്കിനില്‍ക്കെ വിജയത്തിലെത്തിച്ചത് ​ഗില്ലിന്റെ അസാമാന്യ മികവാണ്. ജയത്തോടെ 13 മത്സരങ്ങളിൽ നിന്നായി കൊൽക്കൊത്തയ്ക്ക് 12 പോയിന്റായി. 

ഓപ്പണർമാരായെത്തിയ ​ഗില്ലും ക്രിസും ചേർന്നാണ് കൊൽക്കൊത്തയുടെ നെടുംതൂണായത്. 62 റൺസാണ് കൂട്ടുകെട്ടിൽ പിറന്നത്. 22 പന്തില്‍ അഞ്ചു ഫോറും മൂന്നു സിക്‌സും ഉൾക്കൊള്ളുന്നതായിരുന്നു ക്രിസിന്റെ സംഭാവന. കളിജയിപ്പിച്ച ശേഷമാണ് ​ഗിൽ 65 റൺസുമായി മടങ്ങിയത്. ദിനേഷ് കാർത്തിക്കും മികച്ച പ്രകടനമാണ് ഇന്ന് പുറത്തെടുത്തത്. വെറും ഒൻപത് പന്തിൽ നിന്ന് 21 റൺസ്. റോബിൻ ഉത്തപ്പ 22 റൺസും റസ്സൽ 24 റൺസുമാണ് കൊൽക്കൊത്തയ്ക്കായി നേടിയത്. 

കൊൽക്കൊത്തയുടെ മലയാളി പേസ് ബൗളർ സന്ദീപ് വാര്യർ രണ്ട് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു. മുഹമ്മദ് ഷമി,ടൈ, അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. 

ടോസ് നേടി ബാറ്റിങിന് ഇറങ്ങിയെങ്കിലും പഞ്ചാബിനെ ഭാ​ഗ്യം തുണച്ചില്ല. 20 ഓവറില്‍ ആറുവിക്കറ്റിന് 183 റണ്‍സായിരുന്നു പഞ്ചാബ് നേടിയത്. സന്ദീപ് വാര്യർക്ക് മുന്നിൽ പഞ്ചാബിന്റെ ഓപ്പണർമാർക്ക് അടിതെറ്റി.ലോകേഷ് രാഹുൽ രണ്ട് റൺസിനും സാക്ഷാൽ ക്രിസ് ​ഗെയിൽ 14 റൺസിനും മടങ്ങി. തീർത്തും നിറം മങ്ങിയ പ്രകടനമാണ് ​ഗെയിലും പുറത്തെടുത്തത്. സാം കറന്‍ (24 പന്തില്‍ 55), നിക്കോളാസ് പൂരന്‍ (27 പന്തില്‍ 48), മായങ്ക് അഗര്‍വാള്‍ (26 പന്തില്‍ 36) എന്നിവരാണ് തരക്കേടില്ലാത്ത സ്കോറിലേക്ക് ടീമിനെ എത്തിച്ചത്. 

പരാജയത്തോടെ പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചു. 10 പോയിന്റാണ് പഞ്ചാബിനുള്ളത്. ചെന്നൈ, മുംബൈ, ഡല്‍ഹി ടീമുകളാണ് നിലവിൽ പ്ലേ ഓഫിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com