കിരീട പോരില്‍ റെഡ്‌സിന് വിട്ടുവീഴ്ചയില്ല, പ്രീമിയര്‍ ലീഗില്‍ വീണ്ടും ഒന്നാമത്; പക്ഷേ ബാഴ്‌സ മുന്‍പിലെത്തുമ്പോള്‍ സലയുടെ പരിക്ക്? 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th May 2019 10:43 AM  |  

Last Updated: 05th May 2019 10:50 AM  |   A+A-   |  

liverpool546

 

കീഴടങ്ങാന്‍ തയ്യാറല്ല....ന്യൂകാസിലിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ലിവര്‍പൂള്‍ അത് വ്യക്തമാക്കി. സൂപ്പര്‍ താരം സല പരിക്കേറ്റ് പുറത്തേക്ക് പോയിട്ടും പ്രീമിയര്‍ ലീഗ് പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനത്തേക്ക് എത്തുന്നതിനുള്ള ജയം അവര്‍ ഉറപ്പിച്ചു. ഇനിയോ? ആവേശപ്പോരില്‍ ആര് കിരീടം ഉയര്‍ത്തും എന്ന് ഇനി സീസണിലെ അവസാന ദിനമറിയാം. 

പക്ഷേ സലയുടെ പരിക്ക് ലിവര്‍പൂളിന് തീര്‍ക്കുന്ന സമ്മര്‍ദ്ദമാണ് സെന്റ് ജെയിംസ് പാര്‍ക്കിലെ 94 മിനിറ്റിന് ശേഷം റെഡ്‌സിന് അലട്ടുന്നത്. ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലിന്റെ രണ്ടാം പാദത്തില്‍ ബാഴ്‌സയെ ആന്‍ഫീല്‍ഡില്‍ നേരിടുമ്പോള്‍ സലയില്ലാതെ ലിവര്‍പൂളിന് ഇറങ്ങേണ്ടി വരുമോ? മൂന്ന് ഗോളിന് പിന്നില്‍ നില്‍ക്കുന്ന ലിവര്‍പൂളിന് ആന്‍ഫീല്‍ഡില്‍ അത്ഭുതങ്ങള്‍ കാട്ടേണ്ടി വരും മെസിയേയും ബാഴ്‌സയേയും അതിജീവിക്കാന്‍. 

ഫിര്‍മിനോ കൂടി പരിക്കില്‍ വലയുമ്പോള്‍ സലയേയും മാറ്റി നിര്‍ത്തേണ്ടി വന്നാല്‍ ലിവര്‍പൂളിന്റെ തിരിച്ചടി സാധ്യതകള്‍ക്ക് മേല്‍ നിഴല്‍ വീഴും. മത്സരം അവസാനിക്കാന്‍ 20 മിനിറ്റുള്ളപ്പോഴായിരുന്നു ഏരിയല്‍ ബോളിന് വേണ്ടി ന്യൂകാസില്‍ ഗോള്‍ കീപ്പറുമായുള്ള ചലഞ്ചില്‍ സലയ്ക്ക് പരിക്കേല്‍ക്കുന്നത്. ആദ്യ പകുതിയിലെ 28ാം മിനിറ്റില്‍ പ്രീമിയര്‍ ലീഗിലെ തന്റെ 26ാം ഗോളും സല നേടിയതിന് പിന്നാലെയായിരുന്നു പരിക്ക്. 

ന്യൂകാസിലിനെതിരായ ജയത്തോടെ പ്രീമിയര്‍ ലീഗിലെ തുടര്‍ച്ചയായ എട്ടാം ജയമാണ് ലിവര്‍പൂള്‍ നേടിയത്. 29 വര്‍ഷത്തിന് ഇടയിലെ ആദ്യ കിരീടത്തിനായുള്ള പോരില്‍ വാന്‍ ഡിജിക്കാണ് ഗോള്‍ വല കുലുക്കി തുടങ്ങിയത്. പക്ഷേ 13ാം മിനിറ്റിലെ ഗോളിന് 20ാം മിനിറ്റില്‍ തന്നെ ന്യൂകാസില്‍ തിരിച്ചടി നല്‍കി. 28ാം മിനിറ്റില്‍ സല വീണ്ടും ലീഡ് ഉയര്‍ത്തിയെങ്കിലും 54ാം മിനിറ്റില്‍ ന്യൂകാസില്‍ സമനില പിടിച്ചു. എന്നാല്‍ 86ാം മിനിറ്റിലെ ഷകിരിയുടെ ഫ്രീകിക്ക് ഫഌക് ചെയ്ത് ഒരിഗിയിലൂടെ ലിവര്‍പൂള്‍ ജയം ഉറപ്പിച്ച് കിരീട പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി.