അക്കാദമിയില്‍ ചേര്‍ന്ന് പന്തെറിയാന്‍ പഠിച്ചിട്ട് വരണമെന്ന് ആരാധകന്‍; വൈകാരികമായി മറുപടി നല്‍കി ഉനദ്ഖട്ട്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th May 2019 04:59 PM  |  

Last Updated: 05th May 2019 04:59 PM  |   A+A-   |  

unadkarrajastan

പൊന്നും വില കൊടുത്ത് വാങ്ങിയിട്ടും ഐപിഎല്ലിന്റെ പന്ത്രണ്ടാം സീസണിലും ഉനദ്ഖട്ടിന് രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി മികച്ച കളി പുറത്തെടുക്കാനായില്ല. തുടര്‍ച്ചയായ രണ്ടാം സീസണിലും ലഭിച്ച വന്‍ തുകയെ നീതികരിക്കുന്ന കളി ഉനദ്ഖട്ടിന്റെ ഭാഗത്ത് നിന്നും വരാതിരുന്നതോടെ ആരാധകരും രൂക്ഷ വിമര്‍ശനമാണ് സീസണില്‍ ഉടനീളം ഉനദ്ഖട്ടിന് നേര്‍ക്ക് ഉയര്‍ത്തിയത്. 

ഈ സീസണില്‍ 14 മത്സരങ്ങളില്‍ നിന്നും 10 വിക്കറ്റാണ് ഉനദ്ഖട്ട് വീഴ്ത്തിയത്. 2018ല്‍ രാജസ്ഥാനിലേക്ക് എത്തിയതിന് ശേഷം ഉനദ്ഖട്ട് ഇതുവരെ വീഴ്ത്തിയത് 26 മത്സരങ്ങളില്‍ നിന്നും 21 വിക്കറ്റ്. ഈ സമയം ആരാധകരില്‍ ഒരാളുടെ വിമര്‍ശനത്തിന് മറുപടിയുമായി എത്തുകയാണ് ഉനദ്ഖട്ട്. ഏതെങ്കിലും അക്കാദമിയില്‍ ചേര്‍ന്ന് കളി പഠിച്ചിട്ട് വരൂ എന്ന ആരാധകന്റെ കമന്റാണ് ഉനദ്ഖട്ടിനെ പ്രകോപിപ്പിച്ചത്. 

ഒരിടത്ത് ചേര്‍ന്നിട്ടുണ്ട്. ഈ കളിയോട് അഭിനിവേശം തുടരുന്നത് വരെ ഞാന്‍ അവിടെ തന്നെയാവും. കാരണം അറിവ് നേടുക എന്നത് ഒരിക്കലും അവസാനിക്കുന്നില്ല. നമ്മള്‍ തോല്‍ക്കുമ്പോഴും ജയിക്കുമ്പോഴും അത് അവസാനിക്കുന്നില്ല. ഈ സീസണില്‍ ഉടനീളം എന്നെ അധിക്ഷേപിച്ചതിലൂടെ നിങ്ങള്‍ക്ക് എന്തെങ്കിലും പഠിക്കാനായി എന്ന് ഞാന്‍ വിശ്വസിക്കുന്നതായും ഉനദ്ഖട്ട് ആരാധകന് ട്വിറ്ററിലൂടെ നല്‍കിയ മറുപടിയില്‍ പറയുന്നു.