ഇവര്‍ നല്‍കിയ എന്റര്‍ടെയ്ന്‍മെന്റിന് ഈ സീസണോടെ അവസാനം? ഈ മൂന്ന് സൂപ്പര്‍ താരങ്ങളെ ഫ്രാഞ്ചൈസികള്‍ നിഷ്‌കരുണം തഴയും?

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th May 2019 02:31 PM  |  

Last Updated: 05th May 2019 02:31 PM  |   A+A-   |  

yuviindi

ഐപിഎല്‍ എത്രമാത്രം വിസ്മയിപ്പിക്കുന്നതാണോ, കളിക്കാരോട് ആത്രമാത്രം ക്രൂരതയും കാണിക്കുന്നുമുണ്ട്. ടീമിന് എത്രമാത്രം സംഭാവന നല്‍കാന്‍ സാധിക്കുന്നോ അതാശ്രയിച്ചിരിക്കും അവരുടെ ഭാവി. കഴിഞ്ഞ സീസണുകളില്‍ എത്ര തകര്‍പ്പന്‍ കളി പുറത്തെടുത്തവരാണ് എങ്കിലും, പ്രായം കൂടുമ്പോള്‍, പ്രകടനം മോശമാകുമ്പോള്‍ ഫ്രാഞ്ചൈസികള്‍ അവരെ ഒഴിവാക്കും. ഐപിഎല്‍ പതിമൂന്നാം സീസണിലേക്ക് എത്തുമ്പോള്‍ പന്ത്രണ്ടാം സീസണില്‍ കളിച്ച പല കളിക്കാരേയും ലേലത്തില്‍ സ്വന്തമാക്കാന്‍ അവര്‍ തയ്യാറായേക്കില്ല. 

അങ്ങനെ, പതിമൂന്നാം ഐപിഎല്‍ സീസണില്‍ ഫ്രാഞ്ചൈസികള്‍ വാങ്ങാന്‍ തയ്യാറാവാന്‍ സാധ്യതയില്ലാത്ത മൂന്ന് സൂപ്പര്‍ കളിക്കാരുണ്ട്...

ഷെയിന്‍ വാട്‌സന്‍

ഐപിഎല്ലിന്റെ ആദ്യ സീസണ്‍ മുതല്‍ വാട്‌സന്‍ ടൂര്‍ണമെന്റിലുണ്ട്. 130 കളികളില്‍ നിന്നും 3428 റണ്‍സാണ് വാട്‌സന്‍ ഈ വര്‍ഷങ്ങളിലൂടെ അടിച്ചെടുത്തിരിക്കുന്നത്. 92 വിക്കറ്റ്‌സും നേടിയിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിച്ചായിരുന്നു വാട്‌സന്റെ ഐപിഎല്ലിലെ തുടക്കം. 

എന്നാല്‍, ഈ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നേടിയ 96 റണ്‍സ് അല്ലാതെ മറ്റൊരു മികച്ച ഇന്നിങ്‌സ് പറയാന്‍ വാട്‌സനില്ല. 13 ഇന്നിങ്‌സില്‍ നിന്നും നേടിയത് 251 റണ്‍സ് മാത്രം. മറ്റ് ഏതെങ്കിലും ഫ്രാഞ്ചൈസിയില്‍ ആയിരുന്നു കളിച്ചത് എങ്കില്‍ ഈ മോശം ഫോമിന്റെ പേരില്‍ എന്നെ നേരത്തെ തന്നെ പ്ലേയിങ് ഇലവനില്‍ നിന്നും മാറ്റി നിര്‍ത്തിയാനെ എന്നാണ് വാട്‌സന്‍ തന്നെ പറഞ്ഞത്. ഈ സാഹചര്യത്തില്‍ അടുത്ത സീസണില്‍ വാട്‌സനെ ഏതെങ്കിലും ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കാന്‍ സാധ്യതയില്ല. 

യൂസഫ് പഠാന്‍

കൂറ്റന്‍ സിക്‌സുകള്‍ പറത്താനുള്ള കഴിവായിരുന്നു യൂസഫ് പഠാന്റെ തുറുപ്പു ചീട്ട്. 2008ല്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം കളിച്ച് തുടങ്ങിയ പഠാന്‍ 173 മത്സരങ്ങളില്‍ നിന്നും 3000 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. 13 അര്‍ധ ശതകവും, ഒരു തകര്‍പ്പന്‍ സെഞ്ചുറിയും പഠാന്റെ അക്കൗണ്ടിലുണ്ട്. 42 വിക്കറ്റും നേടി. 

2011ല്‍ കൊല്‍ക്കത്തയിലേക്ക് എത്തിയ പഠാന്‍ 2017 വരെ അവിടെ തുടര്‍ന്നു. എന്നാല്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ താരത്തിന് കഴിയാതിരുന്നതോടെ 2018ല്‍ താര ലേലത്തിലേക്ക് പഠാന്റെ പേരെത്തുകയും, സണ്‍റൈസേഴ്‌സ് തങ്ങളുടെ ലോവര്‍ ഒഡര്‍ ബാറ്റിങ് ശക്തിപ്പെടുത്തുക ലക്ഷ്യമിട്ട് പഠാനെ സ്വന്തമാക്കുകയും ചെയ്തു. 

എന്നാല്‍ ഈ ഐപിഎല്‍ സീസണില്‍ വളരെ മോശം കളിയാണ് യൂസഫ് പഠാനില്‍ നിന്നും വന്നത്. 9 കളിയില്‍ നിന്നും പഠാന്‍ നേടിയത് 37 റണ്‍സ്. ഇതോടെ ഹൈദരാബാദിന്റെ പ്ലേയിങ് ഇലവനില്‍ സ്ഥാനം ഉറപ്പിക്കാന്‍ പോലും പഠാനായില്ല. അതോടെ, അടുത്ത സീസണില്‍ പഠാന് വേണ്ടി മറ്റ് ടീമുകള്‍ ലേലത്തില്‍ ഇറങ്ങുവാനുള്ള സാധ്യതകളാണ് അടയുന്നത്. 

യുവരാജ് സിങ്

യുവരാജ് സിങ് ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയിരിക്കുന്ന സംഭാവനകള്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് മറക്കാനാവാത്തതാണ്. കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഐക്കന്‍ താരമായി തുടങ്ങിയ യുവിക്ക് പക്ഷേ, മികച്ച കളി പുറത്തെടുക്കാന്‍ സാധിക്കാതെ വന്നതോടെ ഓരോ ഫ്രാഞ്ചൈസിയിലേക്കും ഓരോ സീസണിലും മാറി പോവണ്ടി വന്നു. 

പന്ത്രണ്ടാം ഐപിഎല്‍ സീസണിലെ താര ലേലത്തില്‍ യുവിയെ സ്വന്തമാക്കാന്‍ ആരും ആദ്യം മുന്നോട്ടു വന്നിരുന്നില്ല. ഒടുവില്‍ മുംബൈ എത്തിയെങ്കിലും സീസണ്‍ അവസാനിക്കാറാകുമ്പോള്‍ മുംബൈയുടെ പ്ലേയിങ് ഇലവനില്‍ തന്റെ സ്ഥാനം സ്ഥിരപ്പെടുത്താന്‍ യുവിക്കായില്ല. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 53 റണ്‍സ് എടുത്ത് തുടങ്ങിയെങ്കിലും പിന്നീട് ആ മികവ് പുറത്തെടുക്കാനായില്ല. കളിച്ച നാല് മത്സരങ്ങളില്‍ നിന്നും 75 റണ്‍സാണ് യുവി നേടിയത്. 

മുംബൈയുടെ ഡഗൗട്ടില്‍ പ്ലേയിങ് ഇലവനിലേക്ക് എത്തുന്നതിനായി അവസരം കാത്തിരിക്കുകയാണ് യുവി. ഈ സീസണിലും യുവി മോശം ഫോം തുടര്‍ന്നതോടെ അടുത്ത സീസണില്‍ താരത്തെ ഏതെങ്കിലും ഫ്രാഞ്ചൈസി സ്വന്തമാക്കാനുള്ള സാധ്യത വിരളമാണ്.