സച്ചിന്റെ ബാറ്റുമായാണ് കളിച്ചത്, 37 പന്തില്‍ ആ സെഞ്ചുറി നേടിയതും; അറിയാകഥ വെളിപ്പെടുത്തി അഫ്രീദി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th May 2019 12:58 PM  |  

Last Updated: 05th May 2019 12:58 PM  |   A+A-   |  

Sachin_Tendulkar_Shahid_Afridi

37 പന്തില്‍ സെഞ്ചുറി നേടുമ്പോള്‍ 17 വയസായിരുന്നില്ല പ്രായം എന്ന തന്റെ ആത്മകഥയിലെ പാക് മുന്‍ താരം ഷാഹിദ് അഫ്രീദിയുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ സംസാരം. ഗംഭീറിനെ കുറിച്ചുള്ള അഫ്രീദിയുടെ വാക്കുകളും വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. എന്നാല്‍, ക്രിക്കറ്റ് ലോകത്തിന് കൗതുകം തരുന്ന മറ്റ് സംഭവങ്ങളും അഫ്രീദി ഗെയിം ചെയിഞ്ചര്‍ എന്ന തന്റെ ആത്മകഥയില്‍ എഴുതുന്നു. 

1996ല്‍ കരിയറിലെ തന്റെ ആദ്യ സെഞ്ചുറി തകര്‍ത്തടിച്ച് റെക്കോര്‍ഡ് തീര്‍ത്തത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ ബാറ്റ് ഉപയോഗിച്ച് കളിച്ചാണെന്നാണ് അഫ്രീദി വെളിപ്പെടുത്തുന്നത്. അത് എങ്ങനെ എന്നല്ലേ? പാകിസ്താന്റെ സ്‌പോര്‍ട്‌സ് ഗുഡ്‌സ് മാനുഫാക്ടറിങ് കാപിറ്റലായ സിയാല്‍കോട്ടിലേക്കായി സച്ചിന്‍ തന്റെ പ്രിയപ്പെട്ട ബാറ്റുകളില്‍ ഒന്ന് പാക് ക്രിക്കറ്റ് താരം വഖാര്‍ യുനിസിന് നല്‍കി. 

പക്ഷേ സിയാല്‍കോട്ടിലേക്ക് കൊണ്ടുപോകുന്നതിന് പകരം വഖാര്‍ ആ ബാറ്റ് എനിക്ക് നല്‍കി. ഞാന്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങുന്നതിന് മുന്‍പാണ് വഖാര്‍ എനിക്ക് സച്ചിന്റെ ബാറ്റ് നല്‍കിയത്. നയ്‌റോബിയില്‍ അഫ്രീദി ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി സ്വന്തമാക്കിയത് സച്ചിന്റെ ബാറ്റുകൊണ്ട് കളിച്ചാണെന്ന് ചുരുക്കം...ക്രിക്കറ്റ് ലോകം ഇതുവരെ അറിഞ്ഞിട്ടില്ലാത്ത രഹസ്യമാണ് അഫ്രീദി തന്റെ ആത്മകഥയിലൂടെ പുറത്തുവിടുന്നത്. ആ സെഞ്ചുറി നേടുമ്പോള്‍ തന്റെ പ്രായം 17 വയസല്ല, 21 ആണെന്നും അഫ്രീദി വെളിപ്പെടുത്തുന്നു.