ഹെറ്റ്മയര്‍, വില്യംസണ്‍...നിങ്ങള്‍ക്ക് ഇങ്ങനെ സീസണിന്റെ ആദ്യം കളിച്ചൂടായിരുന്നോ?

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th May 2019 11:42 AM  |  

Last Updated: 05th May 2019 11:42 AM  |   A+A-   |  

WILLIAM

അവസാന മത്സരം ജയിച്ചാണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് സീസണ്‍ അവസാനിപ്പിച്ചത്. സണ്‍റൈസേഴ്‌സിനാവട്ടെ ബാംഗ്ലൂരിനെതിരായ ജയം പ്ലേഓഫ് ഉറപ്പിക്കാന്‍ സഹായിക്കുമായിരുന്നിട്ടും കാലിടറി. പക്ഷേ ഇരുകൂട്ടരും ഏറ്റുമുട്ടിയപ്പോള്‍ സീസണില്‍ അതുവരെ ഫോമില്ലേക്ക് എത്താത്ത രണ്ട് കളിക്കാരാണ് ഇരുവര്‍ക്കും തുണയായത്. 

വലിയ പ്രതീക്ഷയാണ് ബാംഗ്ലൂരിലേക്ക് എത്തിയ വിന്‍ഡിസ് യുവതാരം ഹെറ്റ്‌മേയര്‍ ആരാധകര്‍ക്ക് നല്‍കിയത്. കോഹ് ലി, ഡിവില്ലിയേഴ്‌സ് എന്നിവര്‍ക്കൊപ്പം തച്ചു തകര്‍ക്കാന്‍ ശേഷിയുള്ള ഹെറ്റ്‌മേയര്‍ കൂടി വരുമ്പോള്‍ ബാറ്റിങ് തകര്‍ക്കും എന്ന് പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ക്ക് തെറ്റി. സീസണിലെ 14 മത്സരത്തില്‍ ഹെറ്റ്‌മേയര്‍ ബാംഗ്ലൂരിന് വേണ്ടി കളിച്ചത് അഞ്ച് മത്സരങ്ങള്‍. നേടിയതാവട്ടെ 90 റണ്‍സും. അതില്‍ 75 റണ്‍സ് പിറന്നത് സീസണിലെ അവസാന മത്സരത്തില്‍. 

സണ്‍റൈസേഴ്‌സിന് എതിരെ 47 പന്തില്‍ നിന്നും നാല് ഫോറും ആറ് സിക്‌സും പറത്തിയാണ് ഹെറ്റ്‌മേയര്‍ തകര്‍ത്തു കളിച്ചത്. പക്ഷേ സീസണില്‍ ഹെറ്റ്‌മേയര്‍ ആരാധകരെ പാടെ നിരാശപ്പെടുത്തിയിരുന്നു. 18 ആണ് താരത്തിന്റെ ബാറ്റിങ് ശരാശരി. ഈ സീസണില്‍ പറത്തിയത് നാല് ഫോറും ഏഴ് സിക്‌സും. 

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം കെയിന്‍ വില്യംസനാണ് സീസണിലെ മോശം ഫോമിന് അവസാന മത്സരത്തില്‍ മറുപടി നല്‍കിയ മറ്റൊരു താരം. ബാംഗ്ലൂരിനെതിരെ 43 പന്തില്‍ നിന്നും 70 റണ്‍സാണ് വില്യംസണ്‍ സ്‌കോര്‍ ചെയ്തത്. അഞ്ച് ഫോറും നാല് സിക്‌സും പറത്തിയായിരുന്നു അത്. സീസണില്‍ വില്യംസന്‍ കളിച്ചത് എട്ട് മത്സരങ്ങളാണ്. അതില്‍ സ്‌കോര്‍ ചെയ്തത് 128 റണ്‍സും. ബാറ്റിങ് ശരാശരി 21.33. അര്‍ധ ശതകം നേടിയത് ഒരു വട്ടം മാത്രം. 

കഴിഞ്ഞ സീസണില്‍ 17 മത്സരങ്ങളില്‍ നിന്നും 52.50 എന്ന ബാറ്റിങ് ശരാശരിയില്‍ 735 റണ്‍സ് സ്‌കോര്‍ ചെയ്ത താരമാണ് ഈ സീസണില്‍ ടീമിനെ മുന്നില്‍ നിന്നും നയിക്കുന്നതില്‍ പരാജയപ്പെട്ടത്. കഴിഞ്ഞ സീസണില്‍ വില്യംസന്‍ 64 ഫോറുകളാണ് പറത്തിയത് എങ്കില്‍ ഈ സീസണില്‍ നേടിയത് 10 ബൗണ്ടറികള്‍ മാത്രം. എങ്കിലും സീസണിന്റെ അവസാന മത്സരത്തില്‍ എങ്കിലും ഹെറ്റ്‌മേയറും, വില്യംസണും ഫോമിലായതിന്റെ ആശ്വാസത്തിലാണ് ആരാധകര്‍.