മങ്കാദിങ് മുതല്‍ ഡല്‍ഹി വരെ; ഐപിഎല്ലില്‍ ഇത്തവണ ചര്‍ച്ചയായത് ഈ അഞ്ച് കാര്യങ്ങള്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 06th May 2019 05:34 PM  |  

Last Updated: 06th May 2019 05:34 PM  |   A+A-   |  

ipl

 

ന്യൂഡല്‍ഹി: ഐപിഎല്‍ അതിന്റെ അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്നു. ഫൈനലടക്കം ഇനി നാല് മത്സരങ്ങളാണ് ശേഷിക്കുന്നത്. രംഗത്തുള്ളത് നാല് ടീമുകള്‍. മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്, മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകളാണ് ശേഷിക്കുന്നത്. 

പതിവുപോലെ മികച്ച പ്രകടനങ്ങളും ശ്രദ്ധേയ പോരാട്ടങ്ങളും വിവാദങ്ങളുമൊക്കെ ഇത്തവണയുമുണ്ടായി. 56 മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ അത്തരത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് അഞ്ച് സംഭവങ്ങളാണ്. 

അശ്വിന്റെ മങ്കാദിങ്

ഐപിഎല്ലിന്റെ തുടക്കത്തില്‍ തന്നെ ഏറെ വിവാദങ്ങളും ചര്‍ച്ചയ്ക്കും തുടക്കമിട്ട സംഭവമായി രാജസ്ഥാന്‍ റോയല്‍സ് ഓപണര്‍ ജോസ് ബട്‌ലറെ കിങ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ അശ്വിന്‍ മങ്കാദിങിലൂടെ റണ്ണൗട്ടാക്കിയത്. മാര്‍ച്ച് 25ന് നടന്ന മത്സരത്തില്‍ 69 റണ്‍സുമായി ബട്‌ലര്‍ മികച്ച ഫോമില്‍ നില്‍ക്കേയാണ് അശ്വിന്റെ മങ്കാദിങ്. ഏറെ ചര്‍ച്ചകള്‍ക്ക് വഴി വച്ച റണ്ണൗട്ടായിരുന്നു ഇത്. 

ക്യാപ്റ്റന്‍ കൂള്‍ ചൂടന്‍ നായകനായപ്പോള്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്ര സിങ് ധോണി ക്യാപ്റ്റന്‍ കൂളായാണ് അറിയപ്പെടുന്നത്. ഗ്രൗണ്ടില്‍ ഒരു ഘട്ടത്തിലും പരിധിവിട്ട് പെരുമാറാത്തതിനാലാണ് അദ്ദേഹത്തിന് അങ്ങനെയൊരു പേര് വന്നത്. എന്നാല്‍ ആ ധോണി പൊട്ടിത്തെറിച്ച് മൈതാനത്തിറങ്ങി അമ്പയര്‍മാരോട് കയര്‍ക്കുന്ന കാഴ്ച കണ്ടു. ഏപ്രില്‍ 11ന് രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലാണ് സംഭവം. നോ ബോള്‍ വിളിക്കാത്തതുമായി ബന്ധപ്പെട്ട വിഷയമാണ് ധോണിയെ ചൊടിപ്പിച്ചത്. ചെന്നൈ ജയിച്ച മത്സരത്തിന്റെ അവസാന ഓവറിലെ നാലാം പന്ത് നോ ബോളാണെന്ന് ഒരു അമ്പയര്‍ നോ ബോള്‍ വിളിച്ചപ്പോള്‍ മറ്റൊരാള്‍ ഇത് തള്ളി. ഇതിനെതിരെയാണ് ധോണി മൈതാനത്തിറങ്ങി തര്‍ക്കിച്ചത്. സംഭവത്തില്‍ നായകന്‍ മാച്ച് ഫീസിന്റെ 50 ശതമാനം പിഴയടക്കേണ്ടി വന്നു.

തീമഴയായി റസ്സല്‍

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സല്‍ നടത്തിയ ബാറ്റിങ് പ്രകടനം കണ്ട് ആരാധകര്‍ അന്തംവിട്ടുപോയി. 13 ഇന്നിങ്‌സുകളില്‍ നിന്ന് 510 റണ്‍സാണ് താരം അടിച്ചെടുത്തത്. അതില്‍ തന്നെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ 13 പന്തില്‍ അടിച്ചെടുത്ത 48 റണ്‍സ് ശ്രദ്ധേയം. ആര്‍സിബിക്കെതിരെ കൊല്‍ക്കത്തയ്ക്ക് മൂന്നോവറില്‍ 54 റണ്‍സ് വേണമെന്നിരിക്കെയാണ് താരം ക്രീസിലെത്തി ടീമിന് അവിശ്വസനീയ വിജയം സമ്മാനിച്ചത്. ആര്‍സിബിക്കെതിരെ തന്നെ മറ്റൊരു മത്സരത്തിലും സമാന പ്രകടനം കണ്ടു. പക്ഷേ ഈ മത്സരത്തില്‍ ടീമിന് വിജയിക്കാന്‍ സാധിച്ചില്ല. മത്സരത്തില്‍ റസ്സല്‍ 25 പന്തില്‍ അടിച്ചെടുത്തത് 65 റണ്‍സായിരുന്നു. 

ഹര്‍ദികിന്റെ തിരിച്ചുവരവ്

പരുക്കും ടിവി പരിപാടിക്കിടെ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുമടക്കം വന്‍ തിരിച്ചടികളുമായാണ് മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ഐപിഎല്ലിന് എത്തിയത്. എന്നാല്‍ അവസാന ഘട്ടത്തിലേക്ക് ടൂര്‍ണമെന്റെത്തുമ്പോള്‍ ഹര്‍ദിക് അതെല്ലാം തന്റെ പ്രകടന മികവിനാല്‍ മാറ്റിയെടുത്തു. ബാറ്റ് കൊണ്ടും പന്ത് താരം തിളങ്ങി. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വെറും 34 പന്തില്‍ ഹര്‍ദിക് അടിച്ചെടുത്തത് 91 റണ്‍സായിരുന്നു. ഒന്‍പത് സിക്‌സടക്കമായിരുന്നു ഈ മാസ്മരിക പ്രകടനം. ധോണി പ്രസിദ്ധമാക്കിയ ഹെലികോപ്റ്റര്‍ ഷോട്ട് തനിക്കും അനായാസം വഴങ്ങുമെന്നും ഹര്‍ദിക് അടിവരയിട്ടു. 

ഡല്‍ഹിയുടെ ക്യാപിറ്റലിസം

നിരാശകള്‍ മറികടക്കാനിറങ്ങിയ പഴയ ഡല്‍ഹി ഡയര്‍ഡെവിള്‍സ് ഇത്തവണ ക്യാപിറ്റലെന്ന പേരില്‍ എത്തിയപ്പോള്‍ പ്രകടനത്തിലും മാറ്റമുണ്ടായി. മികച്ച വിജയങ്ങളുമായി അവര്‍ പ്ലേയോഫിലേക്ക് മുന്നേറി. യുവ താരങ്ങളുടെ കരുത്തിലാണ് ടീമിന്റെ മുന്നേറ്റം. ആറ് സീസണുകള്‍ക്ക് ശേഷമാണ് അവര്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്. പ്ലേയോഫില്‍ കടന്ന നാല് ടീമുകളില്‍ ഇതുവരെ കിരീട ഭാഗ്യം കനിയാത്ത ഏക ടീമാണ് ഡല്‍ഹി. ഇത്തവണ അവര്‍ കിരീടം നേടുമോയെന്നതാണ് ആകാംക്ഷയുയര്‍ത്തുന്നത്.