വിലക്ക് മാറി വാര്‍ണറും സ്മിത്തും ഓസീസ് കുപ്പായത്തില്‍ വീണ്ടുമിറങ്ങി; മികച്ച ബാറ്റിങ്, ഉജ്ജ്വല ക്യാച്ച് (വീഡിയോ)

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 06th May 2019 03:33 PM  |  

Last Updated: 06th May 2019 03:34 PM  |   A+A-   |  

12SmithWarner_odi

 

ബ്രിസ്‌ബെയ്ന്‍: പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് വിലക്ക് നേരിടേണ്ടി വന്ന് ഓസ്‌ട്രേലിയന്‍ ടീമില്‍ നിന്ന് ഒരു വര്‍ഷം മാറി നിന്ന ഓപണര്‍ ഡേവിഡ് വാര്‍ണറും മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തും വീണ്ടും ഓസീസ് ജേഴ്‌സിയില്‍ ഇറങ്ങി. ലോകകപ്പിന് മുന്നോടിയായി നടന്ന ന്യൂസിലന്‍ഡ് ഇലവനെതിരായ സന്നാഹ മത്സരത്തിലൂടെയാണ് ഇരുവരും വീണ്ടും ഓസ്‌ട്രേലിയന്‍ കുപ്പായമണിഞ്ഞത്. മത്സരത്തില്‍ ഓസീസ് ഇലവന്‍ വിജയിക്കുകയും ചെയ്തു. 

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മിന്നും ഫോമില്‍ കളിച്ച ശേഷമാണ് വാര്‍ണര്‍ ഓസീസിനായി കളിക്കാനിറങ്ങിയത്. മൂന്നാമനായി ബാറ്റിങിനിറങ്ങിയ താരം ടീമിനായി 43 പന്തില്‍ 39 റണ്‍സും കണ്ടെത്തി. ആറ് ഫോറും ഒരു സിക്‌സും സഹിതമായിരുന്നു വാര്‍ണറുടെ മികച്ച ബാറ്റിങ്. 

സ്റ്റീവന്‍ സ്മിത്തും ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഓസീസിനായി സ്മിത്ത് 43 പന്തില്‍ 22 റണ്‍സാണ് കണ്ടെത്തിയത്. മത്സരത്തില്‍ ഉജ്ജ്വല ക്യാച്ചെടുക്കാന്‍ സ്മിത്തിന് സാധിച്ചു. ടോം ലാതത്തെ പുറത്താക്കാന്‍ ഒറ്റ കൈ കൊണ്ടാണ് സ്മിത്ത് ക്യാച്ചെടുത്തത്. 

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഇലവന്‍ 216 റണ്‍സെടുത്തപ്പോള്‍ ഓസ്‌ട്രേലിയ ഇലവന്‍ ഒരു വിക്കറ്റിന് വിജയം സ്വന്തമാക്കി.