കോഹ് ലിയുമായുള്ള തര്‍ക്കം, അമ്പയര്‍ കലിപ്പ് തീര്‍ത്തത് വാതില്‍ അടിച്ചു തകര്‍ത്ത്; സംഭവം നോബോള്‍ തര്‍ക്കത്തിന് പിന്നാലെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th May 2019 11:14 AM  |  

Last Updated: 07th May 2019 11:27 AM  |   A+A-   |  

umpirekohli

അമ്പയര്‍മാരും കളിക്കാരും തമ്മിലുള്ള ഇടപെഴകല്‍ മുന്‍പെങ്ങുമില്ലാത്ത വിധം മോശമാകുന്നതാണ് ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ കണ്ടത്. നോബോളിനെ ചൊല്ലി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ് ലിയുമായുണ്ടായ സംഭാഷണത്തിന് പിന്നാലെ ഒഫീഷ്യലുകളുടെ റൂമിന്റെ ഡോറില്‍ പ്രഹരിച്ച് ഓഫ് ഫീല്‍ഡ് അമ്പയറായിരുന്ന നിഗല്‍ ലോങ് കലിപ്പ് തീര്‍ത്തതാണ് ഈ പരമ്പരയിലെ ഏറ്റവും ഒടുവിലത്തേത്. 

ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ അവസാന ഹോം മത്സരത്തില്‍ സണ്‍റൈസേഴ്‌സിന്റെ ഇന്നിങ്‌സിന് ഇടയിലായിരുന്നു സംഭവം. അവസാന ഓവറില്‍ ഉമേഷ് യാദവിന്റെ ഡെലിവറിയില്‍ അമ്പയര്‍ നോബോള്‍ വിളിച്ചു. എന്നാല്‍ ഉമേഷിന്റെ കാല് ലൈനിന് ഉള്ളിലാണെന്ന് റിപ്ലേകളില്‍ വ്യക്തമായി. അമ്പയര്‍ക്ക് അടുത്തേക്കെത്തി ഉമേഷ് യാദവ് അതൃപ്തി പ്രകടിപ്പിച്ചു. എന്നാല്‍ അമ്പയര്‍ തീരുമാനത്തില്‍ നിന്നും പിന്നോട്ടു പോയില്ല. കോഹ് ലിയും ഇതിലുള്ള അതൃപ്തി അറിയിച്ചു. 

ഇതില്‍ പ്രകോപിതനായ അമ്പയര്‍ സണ്‍റൈസേഴ്‌സിന്റെ ഇന്നിങ്‌സിന് ശേഷം മടങ്ങവെ  ഒഫീഷ്യലുകളുടെ റൂമിന്റെ ഡോറില്‍ ഇടിച്ചു. ഇത് മാച്ച് റഫറിയുടെ ശ്രദ്ധയിലേക്കുമെത്തി. വാതിലില്‍ ഏല്‍പ്പിച്ച തകരാറിന് 5000 രൂപ ലോങ് നഷ്ടപരിഹാരം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സംഭവം സുപ്രീംകോടതി നിയോഗിച്ച ഇടക്കാല ഭരണസമിതിയുടെ മുന്നിലേക്ക് എത്തിക്കാനാണ് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനം. ഐസിസിയുടെ എലൈറ്റ് പാനലിനെ അമ്പയറാണ് ലോങ്. 

നോബോള്‍ വിവാദത്തിന് പുറമെ, രാജസ്ഥാനെതിരായ ആര്‍സിബിയുടെ മഴ തടസപ്പെടുത്തിയ മത്സരത്തില്‍ കളി അഞ്ച് ഓവറായി ചുരുക്കിയപ്പോള്‍ ബൗളര്‍മാര്‍ക്ക് ഓവര്‍ അനുവദിക്കുന്നതിലും ലോങ് ചട്ടലംഘനം നടത്തിയെന്ന് വിമര്‍ശനം ഉയര്‍ന്നു. അഞ്ച് ഓവര്‍ മത്സരത്തില്‍ ബൗളര്‍മാര്‍ക്ക് രണ്ട് ഓവര്‍ എന്ന കണക്കില്‍ അനുവദിക്കാം എന്നിരിക്കെ, ഒരു ഓവര്‍ മാത്രമാണ് ലോങ് അനുവദിച്ചത് എന്നാണ് വിമര്‍ശനം.