ജാദവിന്റെ പരിക്ക് വെല്ലുവിളിയാവുന്നു; അവിടെ ഭാഗ്യം തെളിയുക പന്തിനോ? റായിഡുവിനോ? 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th May 2019 11:50 AM  |  

Last Updated: 07th May 2019 11:50 AM  |   A+A-   |  

kedar_jadhav

കേദാര്‍ ജാദവിനേറ്റ പരിക്കാണ് ലോകകപ്പില്‍ ഇന്ത്യയ്ക്കിപ്പോള്‍ ആശങ്ക തീര്‍ക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അവസാന ലീഗ് മത്സരത്തില്‍ ബൗണ്ടറി തടയാന്‍ ശ്രമിക്കുമ്പോഴേറ്റ പരിക്കോടെ പ്ലേഓഫ് ഉള്‍പ്പെടെ ജാദവ് കളിക്കില്ലെന്ന് വ്യക്തമായി കഴിഞ്ഞു. ചെന്നൈ സൂപ്പര്‍ കിങ്‌സിന് ജാദവിന്റെ വിടവ് നികത്താന്‍ മറ്റ് ഓപ്ഷനുകളുണ്ടെങ്കിലും ലോകകപ്പില്‍ ജാദവിന് കളിക്കാനായില്ലെങ്കില്‍ പിന്നെന്താണ് മുന്നിലുള്ള വഴി എന്ന ചോദ്യമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. 

ജാദവിന്റെ കരിയറില്‍ പരിക്കെന്നും വില്ലനാണ്. പരിക്കിന്റെ പിടിയില്‍ നിന്നും 2018 ഏഷ്യാ കപ്പോടെയാണ് ജാദവ് തിരികെ എത്തിയത്. ഇപ്പോള്‍ തോളിനാണ് താരത്തിന് പരിക്കേറ്റത്. ലോകകപ് സംഘത്തിലെ ഇന്ത്യയുടെ നാല് ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളാണ് ജാദവ്. ലോകകപ്പിന് മുന്‍പ് ജാദവിന് പരിക്കില്‍ നിന്നും മോചിതനാവാന്‍ സാധിച്ചില്ലെങ്കില്‍ റിഷഭ് പന്തിനോ, അമ്പാട്ടി റായിഡുവിനോ ടീമിലേക്ക് ക്ഷണം കിട്ടും. 

ഇന്ത്യയുടെ ലോകകപ്പിനുള്ള റിസര്‍വ് താരങ്ങളുടെ പട്ടികയില്‍ പന്തും റായിഡുവുമാണ് ഇടം നേടിയിരുന്നത്. ഐപിഎല്ലിലെ റായിഡുവിന്റെ മോശം ഫോം താരത്തിന് വിനയാവാന്‍ സാധ്യതയുണ്ട്. പന്താണെങ്കില്‍ മികച്ച കളി പുറത്തെടുക്കുകയും ചെയ്യുന്നു. എന്നാല്‍ രാജ്യാന്തര ക്രിക്കറ്റിലെ റായിഡുവിന്റെ പരിചയം കണക്കിലെടുത്ത് റായിഡുവിന് തന്നെയാവും ജാദവിന് കളിക്കാന്‍ സാധിക്കാത്ത സാഹചര്യം വന്നാല്‍ ടീമിലേക്ക് വിളി എത്തുക. 

ഈ രണ്ട് പേര്‍ക്ക് പുറമെ, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡേ, ശുബ്മന്‍ ഗില്‍ എന്നിവരുടെ പേരും ആരാധകര്‍ ഉയര്‍ത്തുന്നുണ്ട്. ഐപിഎല്ലിലെ ഇവരുടെ മികച്ച കളിയാണ് ഇതിന് കാരണം. ഐപിഎല്‍ അവസാനത്തോട് അടുത്തപ്പോള്‍ തുടരെ മൂന്ന് അര്‍ധ ശതകമാണ് മനീഷ് നേടിയത്. ഐപിഎല്ലില്‍ സ്‌കോര്‍ ചെയ്തത് 314 റണ്‍സും. ഡല്‍ഹിക്ക് വേണ്ടി 442 റണ്‍സാണ് ശ്രേയസ് അയ്യര്‍ സ്‌കോര്‍ ചെയ്തത്. മധ്യനിരയില്‍ ശ്രേയസിന്റെ ബാറ്റിങ് ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്ന നിലയില്‍ വിലയിരുത്തലുകള്‍ ഉയര്‍ന്നു കഴിഞ്ഞു.