ധോണിയെയും സംഘത്തെയും തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍; സൂര്യകുമാര്‍ യാദവ് വിജയശില്‍പ്പി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th May 2019 11:14 PM  |  

Last Updated: 07th May 2019 11:20 PM  |   A+A-   |  

 

ചെന്നൈ: നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയെ അവരുടെ തട്ടകത്തില്‍ പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് ഐ.പി.എല്‍ പന്ത്രണ്ടാം സീസണിന്റെ ഫൈനലില്‍ ആറ് വിക്കറ്റിനാണ് ധോണിപ്പടയെ രോഹിതും സംഘവും തകര്‍ത്തത്.  സൂര്യകുമാര്‍ യാദവാണ് വിജയശില്‍പ്പി. മുംബൈയുടെ അഞ്ചാം ഐ.പി.എല്‍ ഫൈനലാണിത്

132 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സ് 18.3 ഓവറില്‍ വിജയം കാണുകയായിരുന്നു. 54 പന്തുകളില്‍ നിന്ന് 71 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് കളിയിലെ താരം. ഇഷാന്ത് കിഷന്‍ സൂര്യകുമാര്‍ യാദവിന് മികച്ച പിന്തുണ നല്‍കി. 31 ബോളില്‍ 28 റണ്‍സാണ് ഇഷാന്റെ സംഭാവന. നിശ്ചിത ഓവറില്‍ ചെന്നൈ  നാലു വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സാണ് നേടിയത്.

മുംബൈ ബൗളിങ്ങിനെതിരേ റണ്‍സെടുക്കാന്‍ പാടുപെട്ട ചെന്നൈ നിരയില്‍ തിളങ്ങാനായത് അമ്പാട്ടി റായിഡുവിനും ക്യാപ്റ്റന്‍ എം.എസ്. ധോനിക്കും മുരളി വിജയ്ക്കും മാത്രമാണ്. 37 പന്തില്‍ നിന്ന് 42 റണ്‍സെടുത്ത് പുറത്താകാതെ നിന്ന റായിഡുവാണ് ടോപ് സ്‌കോറര്‍. ഒരു സിക്‌സും മൂന്ന് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു റായിഡുവിന്റെ ഇന്നിങ്‌സ്. ധോനി 29 പന്തില്‍ നിന്ന് 37 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മുരളി വിജയ് 26 പന്തില്‍ നിന്ന് 26 ഉം റണ്‍സെടുത്തു.മുംബൈയ്ക്കുവേണ്ടി ചാഹര്‍ രണ്ടും യാദവും പാണ്ഡ്യയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.