നിരവധി കളിക്കാരുടെ ഭാവി നശിപ്പിച്ച സ്വാര്‍ത്ഥനാണ് അഫ്രീദി, ഈ പൂണ്യാളനെ കുറിച്ചുള്ള സത്യങ്ങള്‍ പുറത്തു വരണം: ഇമ്രാന്‍ ഫര്‍ഹാത്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th May 2019 03:38 PM  |  

Last Updated: 07th May 2019 03:43 PM  |   A+A-   |  

afridigamechanger

അഫ്രീദിയുടെ സ്വാര്‍ര്‍ത്ഥ മൂലം നിരവധി ക്രിക്കറ്റ് കളിക്കാരുടെ ഭാവി നശിച്ചിട്ടുണ്ടെന്ന ആരോപണവുമായി പാകിസ്താന്‍ ബാറ്റ്‌സ്മാന്‍ ഇമ്രാന്‍ ഫര്‍ഹത്. ആത്മകഥയായ ഗെയിം ചെയ്ഞ്ചറിലെ വെളിപ്പെടുത്തലുകളിലൂടെ അഫ്രീദി വാര്‍ത്തകളില്‍ ഇടംപിടിക്കുമ്പോഴാണ് ഇമ്രാന്‍ ഫര്‍ഹതിന്റെ വിമര്‍ശനം. 

തന്റെ പ്രായത്തെ കുറിച്ച് 20 വര്‍ഷത്തോളം നുണ പറഞ്ഞ വ്യക്തിയാണ് പാകിസ്താന്റെ ഇതിഹാസ താരങ്ങളെ വിമര്‍ശിക്കുന്നത് എന്ന് ഇമ്രാന്‍ ഫര്‍ഹത് തന്റെ ട്വീറ്റില്‍ കുറിച്ചു. അഫ്രീദിയുടെ ബുക്കിലെഴുതിയിരിക്കുന്ന കാര്യങ്ങള്‍ കേള്‍ക്കുകയും വായിക്കുകയും ചെയ്തപ്പോള്‍ എനിക്ക് ലജ്ജ തോന്നി. ഈ വിശുദ്ധനെ കുറിച്ച് എനിക്ക് ഒരുപാട് പറയാനുണ്ട്. ഒരു രാഷ്ട്രീയക്കാരന്‍ ആകാനുള്ള എല്ലാ കഴിവും അഫ്രീദിക്കുണ്ടെന്നും ഫര്‍ഹത് പറയുന്നു. 

എനിക്ക് ചില കഥകള്‍ പറയാനുണ്ട്. ഈ സ്വാര്‍ത്ഥ നിറഞ്ഞ താരത്തെ കുറിച്ച് പറയാന്‍ മടിച്ച് നില്‍ക്കുന്ന കളിക്കാരെല്ലാം മുന്നോട്ട് വരണം. നിരവധി കളിക്കാരുടെ കരിയര്‍ ഇല്ലാതാക്കിയ അഫ്രീദിയെ കുറിച്ചുള്ള ചരിത്രം എല്ലാവരും തുറന്നു പറയാന്‍ തയ്യാറാവണം എന്നും ഫര്‍ഹാത് തന്റെ ട്വീറ്റില്‍ പറയുന്നു. 

പാക് മൂന്‍ ക്രിക്കറ്റ് താരങ്ങളായ ജാവേദ് മിയാന്‍ദാദ്, വാഖര്‍ യുനിസ്, ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍ എന്നിവരുള്‍പ്പെടെയുള്ള കളിക്കാരെയാണ് അഫ്രീദി തന്റെ ആത്മകഥയിലൂടെ വിമര്‍ശിക്കുന്നത്. അതിനിടയില്‍, അഫ്രീദിയുടെ ആത്മകഥയായ ഗെയിം ചെയ്ഞ്ചറിന്റെ പ്രസിദ്ധീകരണം വിലക്കണം എന്ന് ആവശ്യപ്പെട്ട് പാകിസ്താന്‍ കോടതിയില്‍ ഹര്‍ജിയും ഫയല്‍ ചെയ്തിട്ടുണ്ട്.