അത്ഭുതവസന്തം തീര്‍ത്ത് ലിവര്‍പൂള്‍; ആ അബദ്ധത്തില്‍ നിന്നും തിരിച്ചുകയറാനാവാതെ ബാഴ്‌സ; ചരിത്രവിജയം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th May 2019 05:01 AM  |  

Last Updated: 08th May 2019 08:05 AM  |   A+A-   |  

 

ലണ്ടന്‍: 2015ന് ശേഷം ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ സ്വപ്‌നം കണ്ടിറങ്ങിയ ബാഴ്‌സയുടെ ചിറകരിഞ്ഞ് ലിവര്‍പൂള്‍. മറുപടിയില്ലാത്ത നാലുഗോളുകളാണ് ബാഴ്‌സയുടെ സ്വപ്‌നങ്ങള്‍ തകര്‍ത്തത്. ആദ്യപാദത്തില്‍ ലിവര്‍പൂള്‍ ബാഴ്‌സയോട് മൂന്ന് ഗോളിന് തോറ്റപ്പോള്‍ കഴിഞ്ഞതെല്ലാം മറക്കാന്‍ ആവശ്യപ്പെട്ട പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ്പ് ഇത്തരം ഒരു അത്ഭുതമൊളിച്ചിരിപ്പുണ്ടെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ടൂര്‍ണമെന്റില്‍ സ്ഥിരതയുള്ള മെസ്സിയെയും സംഘത്തെയും സ്വന്തംതട്ടകമായ ആന്‍ഫില്‍ഡില്‍ തകര്‍ത്താണ് ലിവര്‍പൂളിന്റെ ഫൈനല്‍പ്രവേശം

ബാഴ്‌സലോണയ്ക്ക് ഒരു ബഹുമാനവും കൊടുക്കാത്ത അറ്റാക്കിംഗ് ഫുട്‌ബോളിന്റെ അങ്ങേ അറ്റത്തെ ടാക്ടിക്‌സുമായി ആയിരുന്നു ഇന്ന് ക്ലോപ്പും കുട്ടികളും ഇറങ്ങിയത്. കളി തുടങ്ങി ഏഴാം മിനുട്ടില്‍ ജോര്‍ദി ആല്‍ബയ്ക്ക് ഒരു അബദ്ധം പറ്റി. സെക്കന്‍ഡുകള്‍ക്ക് ഉള്ളില്‍ പന്ത് ഹെന്‍ഡേഴന്റെ കാലില്‍. ഹെന്‍ഡേഴ്‌സന്റെ ഗോളെന്ന് ഉറച്ച ഷോട്ട് ടെര്‍സ്‌റ്റേഗന്‍ തട്ടി അകറ്റി. പക്ഷെ ചെന്ന് വീണത് ഒറിഗിയുടെ കാലില്‍. ഒറിഗിയുടെ ഹോള്‍ ശ്രമം തടയാന്‍ ഗോള്‍ പോസ്റ്റില്‍ ആരും ഉണ്ടായിരുന്നില്ല. ലിവര്‍പൂള്‍ 10 അഗ്രിഗേറ്റ് സ്‌കോര്‍ 1-3.

മത്സരത്തില്‍ മെസ്സിക്കോ സുവാരസിനോ കൗട്ടീനോയ്‌ക്കോ ഒന്നും ഒരു ഇടവും കൊടുക്കാതെ ലിവര്‍പൂള്‍ അറ്റാക്ക് തുടര്‍ന്നു. ആദ്യ പകുതിയില്‍ സ്‌കോര്‍ 1-0 എന്ന് തന്നെ നിന്നു. ആദ്യ പകുതിക്കിടെ പരിക്കേറ്റ റോബേര്‍ട്‌സണ് പകരം വൈനാല്‍ഡം രംഗത്ത് എത്തി. ആ സബ്സ്റ്റുട്യൂഷന്‍ ബാഴ്‌സലോണയ്ക്ക് കൂടുതല്‍ തലവേദന നല്‍കി. 54 ആം മിനുട്ടിലും 56ആം മിനുട്ടിലും വൈനാള്‍ഡത്തിന്റെ ഗോളുകള്‍. സ്‌കോര്‍ 3-0, അഗ്രുഗേറ്റില്‍ 3-3. ബാഴ്‌സലോണ ഡിഫന്‍സും മെസ്സിയുമൊക്കെ ഞെട്ടിത്തരിച്ച് നിന്നു. അപ്പോഴും തിരികെ ഒരു പ്രത്യാക്രമണം നടത്താന്‍ വരെ ബാഴ്‌സലോണക്ക് ആയില്ല.

പിന്നെ കളി എക്‌സ്ട്രാ ടൈമിലേക്ക് പോകുമോ എന്നായി സംശയം. ലിവര്‍പൂള്‍ വിജയ ഗോള്‍ നേടും എന്ന പ്രതീതി തന്നെ ആയിരുന്നു ആന്‍ഫീല്‍ഡ് മുഴുവന്‍. 79ആം മിനുട്ടില്‍ ലിവര്‍പൂളിന് കിട്ടിയ കോര്‍ണര്‍ ആ വിജയ ഗോള്‍ സമ്മാനിച്ചു. കോര്‍ണര്‍ എടുക്കന്‍ ലിവര്‍പൂള്‍ തയ്യാറയപ്പോള്‍ ബാഴ്‌സ ഒരുങ്ങുകയായിരുന്നു. ബാഴ്‌സലോണയുടെ ആ അശ്രദ്ധ മുതലെടുത്ത് അര്‍നോള്‍ഡ് കോര്‍ണര്‍ എടുത്തു ഒറിജി കാത്ത് നിന്ന് എടുത്ത ഷോട്ട് ടെര്‍ സ്‌റ്റെഗനെ വീഴ്ത്തി. സ്‌കോര്‍ 40. അഗ്രിഗേറ്റില്‍ 4-3. ലോകം മുഴുവന്‍ ലിവര്‍പൂളിനെ നമിച്ച നിമിഷം.

അതിനു ശേഷം ബാഴ്‌സലോണയ്ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല. ഫൈനല്‍ വിസില്‍ വന്നപ്പോള്‍ ചരിത്ര വിജയവുമായി ലിവര്‍പൂള്‍ ഫൈനലില്‍. ഒരിക്കലും ആരും മറക്കാത്ത യൂറോപ്യന്‍ ഫുട്‌ബോള്‍ രാത്രിയായി ഇത് നിലനില്‍ക്കും.