മെസിയെ വീഴ്ത്തിയ ക്ലോപ്പിന്റെ തന്ത്രങ്ങള്‍ ഇവയാണ്; ബാഴ്‌സയെ വീഴ്ത്തിയ വാല്‍വര്‍ദെയുടെ തന്ത്രങ്ങളും ഇതാണ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th May 2019 11:22 AM  |  

Last Updated: 08th May 2019 11:22 AM  |   A+A-   |  

1_Liverpool-v-Barcelona-UEFA-Champions-League-S

മിശിഹായുടെ ഉറപ്പല്ലേ...ചാമ്പ്യന്‍സ് ലീഗ് കിരീടം ഈ സീസണില്‍ ന്യൂകാമ്പിലേക്ക് എത്തിക്കും...ആരാധകര്‍ക്ക് മെസി കൊടുത്ത വാക്കായിരുന്നു അത്. ന്യൂകാമ്പില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ലിവര്‍പൂളിനെ തച്ചുതകര്‍ത്ത് വിട്ട് മെസി ആ ഉറപ്പ് പാലിക്കുമെന്ന പ്രതീക്ഷ നല്‍കി. മിശിഹായുടെ ഉറപ്പല്ലേ...ചാമ്പ്യന്‍സ് ലീഗ് കിരീടം ബാഴ്‌സയ്ക്ക് തന്നെയെന്ന് ബാഴ്‌സ ആരാധകരില്‍ ഭൂരിഭാഗവും ആ സമയം അങ്ങ് ഉറപ്പിച്ചിട്ടുണ്ടാവും. അപ്പോഴും, തിരിച്ചടിച്ച് എതിരാളികളുടെ ശവക്കല്ലറയാവാന്‍ ആന്‍ഫീല്‍ഡിനുള്ള കരുത്തിലായിരുന്നു ഒരു വിഭാഗത്തിന്റെ വിശ്വാസം...

ഫിര്‍മിനോയും, സലയും ഇല്ലാതെ ഇറങ്ങിയ മുന്നേറ്റ നിര...മൂന്ന് ഗോളുകള്‍ക്ക് പിന്നില്‍ നില്‍ക്കുന്നതിന്റെ സമ്മര്‍ദ്ദം. ആന്‍ഫീല്‍ഡിനെ നന്നായി അറിയാവുന്ന കുട്ടിഞ്ഞോയും സുവാരസും എതിര്‍ നിരയില്‍...മെസി എന്ന മാന്ത്രീകന്‍. ലിവര്‍പൂളിന് മുന്നിലുണ്ടായിരുന്നതെല്ലാം സമ്മര്‍ദ്ദമായിരുന്നു. മറ്റൊരു സീസണ്‍ കൂടി കിരീടമില്ലാതെ അവസാനിക്കുമ്പോഴുള്ള നിരാശ മറ്റൊരു വശത്ത്. എന്നിട്ടും ആക്രമണത്തില്‍ നിന്നും തെല്ലും പിന്നോട്ടു പോവാന്‍ ക്ലോപ്പ് തയ്യാറായില്ല. തുടര്‍ച്ചയായ രണ്ടാം വട്ടവും ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്ക് ലിവര്‍പൂള്‍ എത്തുമ്പോള്‍ ക്ലോപ്പിന് തന്നെ എല്ലാ ക്രഡിറ്റും...

ഹൈന്‍ലൈനിന്റെ അപകടം

ഏത് സമയവും ഗോള്‍ വല കുലുക്കാന്‍ ശക്തമായ ബാഴ്‌സയ്‌ക്കെതിരെ ഹൈലൈന്‍ ഫുട്‌ബോള്‍ കളിക്കാന്‍ ക്ലോപ്പ് കാണിച്ച ധൈര്യം തന്നെയായിരുന്നു അവിടെ കയ്യടിയെല്ലാം നേടുന്നത്. എത് സമയവും കൗണ്ടര്‍ അറ്റാക്കിലൂടെ എതിര്‍ ടീമിന് കളി പിടിക്കാന്‍ സാധ്യത നല്‍കുന്ന തന്ത്രം. അത് മെസിയെ പോലൊരു താരത്തിനെതിരെ ലിവര്‍പൂള്‍ പുറത്തെടുക്കുന്നു. മികവുറ്റ പ്രതിരോധ നിരയില്ലെങ്കില്‍ തകര്‍ന്നടിയുമായിരുന്ന തന്ത്രം ആന്‍ഫീല്‍ഡില്‍ ക്ലോപ്പ് വിജയകരമായി നടപ്പിലാക്കി. 

ഹെവി മെറ്റല്‍ ഫുട്‌ബോള്‍

ഹെവി മെറ്റല്‍ ഫുട്‌ബോളായിരുന്നു രണ്ടാം പാദ സെമിയില്‍ ക്ലോപ്പ് ആന്‍ഫീല്‍ഡില്‍ പുറത്തെടുത്തത്. ഹൃദയം കൊണ്ട് കളിച്ചും, അഭിനിവേശം നിറച്ച് പൊരുതിയും സ്പിരിറ്റ് നിറച്ച് പന്ത് തട്ടിയും ക്ലോപ്പിന്റെ പോസിറ്റീവ് ഫുട്‌ബോള്‍ ആന്‍ഫീല്‍ഡില്‍ നിറഞ്ഞു നിന്നു. ലൂസ് ബോളുകളെല്ലാം അവര്‍ നേടി. എല്ലാ ലോങ് ബോളുകള്‍ക്ക് വേണ്ടിയും അവര്‍ ഓടി. ഒരു ബാഴ്‌സ താരത്തേയും കളിക്കളത്തില്‍ സ്വസ്ഥമായി നില്‍ക്കാന്‍ അനുവദിക്കാത്ത വിധം കളി മെനഞ്ഞു. ബാഴ്‌സയില്‍ ഇങ്ങനെ സമ്മര്‍ദ്ദം ചെലുത്തു കളിക്കുന്ന ലിവര്‍പൂള്‍ തന്നെ ആരാധകര്‍ക്ക് നല്‍കുന്ന ത്രില്‍ ചെറുതല്ല. 

പരിക്കേറ്റ റോബര്‍ട്‌സന്റെ സ്ഥാനത്ത് വിജ്‌നാല്‍ഡുമിനെ ഇറക്കി മില്‍നറെ ലെഫ്റ്റ് ബാക്കിലേക്ക് ക്ലോപ്പ് മാറ്റി. ഇതോടെ നമ്പര്‍ 10 ആയി വിജ്‌നാല്‍ഡും ഫീല്‍ഡില്‍, ഒരിഗിക്ക് പിന്നില്‍. അവസരം കിട്ടുമ്പോഴെല്ലാം ബോക്‌സിലേക്ക് കടന്ന് ആക്രമിക്കാന്‍ ഈ ഡച്ച് താരത്തിനായി. ക്ലോപ്പിന്റെ ആ നീക്കത്തിലൂടെ പിറന്നത് ബാഴ്‌സയുടെ ലീഡ് മറികടക്കാന്‍ തുണച്ച രണ്ട് ഗോളുകളാണ്. ക്ലാസിക് മിഡ് ഫീല്‍ഡറുടെ മികവില്‍ ബോക്‌സിലേക്ക് ഓടിയെത്തി പിഴയ്ക്കാതെയുള്ള ഫിനീഷിലൂടെ വിജ്‌നാല്‍ഡിന്റെ ആദ്യ ഗോള്‍. രണ്ടാമത്തേത്ത് ഒരു സ്‌ട്രൈക്കറുടെ പെര്‍ഫക്ട് ഹെഡറും. 

ക്ലോപ്പിന്റെ തന്ത്രങ്ങളെല്ലാം ജയിക്കുമ്പോള്‍ മറുവശത്ത് വാല്‍വെര്‍ദെയ്ക്ക് തൊട്ടതെല്ലാം പിഴച്ചു. ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിന് സ്‌പേസ് അനുവദിച്ച് അവരെ ബഹുമാനിച്ചായിരുന്നു ബാഴ്‌സയുടെ കളി. രണ്ട് ഗോള്‍ വരെ ലിവര്‍പൂള്‍ അടിച്ചു നില്‍ക്കുമ്പോള്‍ പോലും പന്ത് കൈവശം വെച്ച് കളിക്കാന്‍ ബാഴ്‌സ അവരെ അനുവദിച്ചു. ന്യൂകാമ്പില്‍ നേടിയ മൂന്ന് ഗോളായിരുന്നു പിന്നോട്ടാഞ്ഞ് ബാഴ്‌സയെ കളിപ്പിച്ചത്. 

മൂന്നാം വട്ടം ലിവര്‍പൂള്‍ വല കുലുക്കിയപ്പോള്‍ പോലും അവരെ സമ്മര്‍ദ്ദത്തിലാക്കാന്‍ പോന്ന കളി ബാഴ്‌സയില്‍ നിന്നും വന്നില്ല. ആദ്യ പാദത്തില്‍ മനേയെ ലക്ഷ്യമിട്ട് സെര്‍ജി റോബര്‍ട്ടോയ്‌ക്കൊപ്പം സെമെഡോവിനേയും വാല്‍വര്‍ദെ ഇറക്കിയിരുന്നു. ഇത് മനേയെ പൂട്ടാന്‍ സഹായിച്ചു. എന്നാല്‍ ആന്‍ഫീല്‍ഡില്‍ ഇരുവരേയും ഒരുമിച്ച് വാല്‍വെര്‍ദെ ഇറക്കിയില്ല. രണ്ടാം പാദത്തില്‍ വൈകി സെമഡോയെ ഇറക്കിയപ്പോള്‍ മനേ ബുദ്ധിമുട്ടനുഭവിക്കുന്നതും കണ്ടു. റോബര്‍ട്ടോയേയും സെമെഡോയേയും ഒരുമിച്ചിറക്കിയിരുന്നു എങ്കില്‍ മധ്യനിരയില്‍ കൂടുതല്‍ ആധികാരികത കൊണ്ടുവരാന്‍ ബാഴ്‌സയ്ക്ക് സാധിക്കുമായിരുന്നു.