ആൻഫീൽഡിലെ അത്ഭുത രാത്രി തീർന്നപ്പോൾ മെസിയില്ല ഒപ്പം റൊണാൾഡോയും; ബാഴ്സയും റയലും ബയേണും കളിക്കാത്ത ഫൈനലും

ലിവർപൂൾ ബാഴ്സലോണയ്ക്കെതിരെ പലിശ സഹിതം 4-0ത്തിന് വിജയം പിടിച്ച് യുവേഫ ചാമ്പ്യൻസ് ലീ​ഗിന്റെ ഫൈനലിലേക്ക് മുന്നേറിയപ്പോൾ കുറച്ച് വർഷങ്ങളായി നടക്കുന്ന ഒരു സംഭവത്തിനും തിരശ്ശീല വീണു
ആൻഫീൽഡിലെ അത്ഭുത രാത്രി തീർന്നപ്പോൾ മെസിയില്ല ഒപ്പം റൊണാൾഡോയും; ബാഴ്സയും റയലും ബയേണും കളിക്കാത്ത ഫൈനലും

ലണ്ടൻ: ആൻഫീൽഡിൽ ലിവർപൂൾ ബാഴ്സലോണയ്ക്കെതിരെ പലിശ സഹിതം 4-0ത്തിന് വിജയം പിടിച്ച് യുവേഫ ചാമ്പ്യൻസ് ലീ​ഗിന്റെ ഫൈനലിലേക്ക് മുന്നേറിയപ്പോൾ കുറച്ച് വർഷങ്ങളായി നടക്കുന്ന ഒരു സംഭവത്തിനും തിരശ്ശീല വീണു. മറ്റൊന്നുമല്ല വർത്തമാന ഫുട്ബോളിലെ രണ്ട് സൂപ്പർ താരങ്ങളായ ബാഴ്സലോണയുടെ ലയണ‍ൽ മെസിയും യുവന്റസിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയുമില്ലാത്ത ഒരു ഫൈനൽ. 

2013ന് ശേഷം നടന്ന എല്ലാ ചാമ്പ്യൻസ് ലീഗ് ഫൈനലിലും ഇവർ രണ്ട് പേരിൽ ഒരാൾ എന്നും കലാശപ്പോരിൽ ഉണ്ടായിരുന്നു. 2013ൽ ബയേൺ മ്യൂണിക്കും ബൊറൂസിയ ഡോർട്മുണ്ടും കളിച്ച ഫൈനലിൽ ആയിരുന്നു മെസിയോ റൊണാൾഡോയോ ഇല്ലാതിരുന്നത്. അതിനു ശേഷം 2014ൽ റൊണാൾഡോയും 2015ൽ മെസിയും ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ ഭാഗമായി. പിന്നീട് തുടർച്ചയായി മൂന്ന് വർഷങ്ങളിലും റൊണാൾഡോ റയൽ മാഡ്രിഡിനൊപ്പം ഫൈനലിൽ ഉണ്ടായിരുന്നു. ഈ സീസണിന്റെ തുടക്കത്തിൽ ഇറ്റാലിയൻ വമ്പൻമാരായ യുവന്റസിന്റെ പാളയത്തിലെത്തിയ റൊണാൾഡോക്ക് ക്വാർട്ടറിൽ പുറത്തു പോകേണ്ടി വന്നു. 

നീണ്ട ഇടവേളയ്ക്ക് ശേഷം മറ്റൊരു പ്രത്യേകതയും ഇത്തവണയുണ്ട്. റയൽ മാഡ്രിഡ്, ബാഴ്സലോണ, ബയേൺ മ്യൂണിക്ക് ക്ലബുകൾ ഇല്ലാത്ത ഒരു ഫൈനൽ നടക്കുന്നതും വളരെ കാലത്തിനു ശേഷമാകും. 11 വർഷം മുൻപാണ് അങ്ങനെ ഒരു ഫൈനൽ നടന്നത്. 2008ൽ മാഞ്ചസ്റ്റർ യുനൈറ്റഡും ചെൽസിയും കളിച്ച ഫൈനലായിരുന്നു അവസാനത്തേത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com