നെയ്മറിന്റെ ട്രാന്‍സ്ഫര്‍ റെക്കോര്‍ഡ് പഴങ്കഥയാവും; എംബാപ്പെക്കായി റയല്‍ പൊന്നും വില കൊടുക്കുന്നു, ഇനി പോഗ്ബയും ഹസാര്‍ഡും? 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th May 2019 12:48 PM  |  

Last Updated: 08th May 2019 12:48 PM  |   A+A-   |  

psgreal

 

മറ്റൊരു റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ കൂടി ഫുട്‌ബോള്‍ ലോകത്തിന് മുന്നിലേക്ക് എത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലക്ഷ്യമിടുന്നത് സിദാന്റെ റയല്‍ മാഡ്രിഡ്, ലക്ഷ്യം വയ്ക്കുന്നത് പിഎസ്ജിയില്‍ നിന്നും. സൂപ്പര്‍ താരം നെയ്മറല്ല റയലിന്റെ റഡാറില്‍. യുവതാരം എംബാപ്പെയ്ക്ക് വേണ്ടി ട്രാന്‍സ്ഫര്‍ വിപണിയെ കുലുക്കാനാണ് റയല്‍ ലക്ഷ്യം വയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. 

ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് എംബാപ്പെയുമായി റയല്‍ നടത്തിയ ചര്‍ച്ചകള്‍ വിജയകരമായി. നെയ്മറെ സ്വന്തമാക്കാന്‍ പിഎസ്ജി വാരിയെറിഞ്ഞ 222 മില്യണ്‍ യൂറോയുടെ സ്ഥാനത്ത്, 240 മില്യണ്‍ യൂറോ വാരി വിതറി റെക്കോര്‍ഡ് ട്രാന്‍സ്ഫറിലൂടെ വണ്ടര്‍ കിഡിനെ സ്വന്തമാക്കാനാണ് റയലിന്റെ പോക്ക്. എംബാപ്പെയ്‌ക്കൊപ്പം റയലിന്റെ റഡാറില്‍ ചെല്‍സി സൂപ്പര്‍ താരം ഈഡന്‍ ഹസാര്‍ഡുമുണ്ട്. 

എംബാപ്പെയ്‌ക്കൊപ്പം, അതേ ലെവലില്‍ ആക്രമണം നടത്താന്‍ സാധിക്കുന്ന താരത്തെ ഒപ്പം കൊണ്ടുവരിക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് ഹസാര്‍ഡിനേയും റയല്‍ ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2009ന് ശേഷം ഒരു കിരീടവുമില്ലാത്ത ആദ്യ സീസണാണ് റയലിന് ഇത്. സിദാന്‍ റയലിലേക്ക് മടങ്ങി എത്തിയതിന് പിന്നാലെ, പുതിയ ആയുധങ്ങള്‍ മാറ്റത്തിന് റയലിന് അനിവാര്യമാണ് എന്ന വിലയിരുത്തലാണ് ഉയര്‍ന്നിരുന്നത്. സമ്മര്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ എംബാപ്പെയേയും ഹസാര്‍ഡിനേയും സ്വന്തമാക്കി പുതിയ സീസണിനായി റയല്‍ കച്ചകെട്ടും. 

എംബാപ്പെയും, ഹസാര്‍ഡും റയലിലേക്കെത്തുന്ന എന്ന റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടാന്‍ ഒരുങ്ങുന്ന പോഗ്ബ ബെര്‍നാബ്യുവിലേക്ക് വരുമോയെന്നതാണ് പിന്നെയുള്ള ചോദ്യം. ഈ വരുന്ന ട്രാന്‍സ്ഫര്‍ വിപണിയില്‍ പോഗ്ബ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടുമെന്ന് ഉറപ്പാണ്. അങ്ങനെ വരുമ്പോള്‍ ഈ വരുന്ന സമ്മര്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ ഫുട്‌ബോള്‍ പ്രേമികളെ അത്ഭുതപ്പെടുത്തുന്ന ട്രാന്‍സ്‌ഫെറുകള്‍ക്കാവും വഴി തെളിയുക.